സ്മൃതി
ആലപ്പുഴയുടെ രണ്ടാം പതി
സുന്നി സംഘടനകളുടെ വളര്‍ച്ചക്കും പ്രചാരണത്തിനുമായി ആയുസ്സും ആരോഗ്യവും സമ്പാദ്യവുമെല്ലാം നീക്കി വെച്ച ഹനീഫ് മൗലവിക്ക് തത്തുല്യനായ ഒരാളെ തെക്കൻ കേരളത്തില്‍ നിന്ന് ഉയര്‍ത്തിക്കാട്ടുക പ്രയാസകരമാകും. സമസ്തയിലെ മണ്‍മറഞ്ഞ മഹാരഥന്മാരടക്കം ഒട്ടുമിക്ക പണ്ഡിതരുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ച തെക്കന്‍ കേരളത്തില്‍ നിന്നുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് ഹനീഫ് മൗലവി.
പുത്തനാശയക്കാരെ നേരിടാനുറച്ച് ആലപ്പുഴ ജില്ലയില്‍ നിന്നുദയം ചെയ്ത പതി അബ്ദുല്‍ഖാദിര്‍ മുസ്്ലിയാര്‍ മലബാറിലേക്ക് വണ്ടി കേറിയതോടെ, വാദപ്രതിവാദ രംഗങ്ങള്‍ സജീവമായി. പുത്തനാശയക്കാരെ അവരുടെ താവളത്തില്‍ ചെന്ന് വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ച ചരിത്രമാണ് പതി അബ്ദുല്‍ഖാദിര്‍ മുസ്്ലിയാരുടെത്. സമകാലിക പണ്ഡിതനായ പല്ലന ഉസ്താദ് എന്ന അമ്പലപ്പുഴ മുഹമ്മദ് മുസ്്ലിയാര്‍ അന്ന് പല്ലന ജുമാ മസ്ജിദില്‍ ദര്‍സ് നടത്തുകയായിരുന്നു. പല്ലന ഉസ്താദിന്റെ ദര്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായെത്തിയ പല്ലന കുറ്റിക്കാട് മുഹമ്മദ് മുസ്്ലിയാരുടെയും സൈനബാ ബീവിയുടെയും മകന്‍ ഹനീഫ്, വളരെ പെട്ടെന്നാണ് ഗുരുവിന്റെ ഇഷ്ടപാത്രമായത്.
ഗുരുമുഖത്ത് നിന്ന് കേള്‍ക്കുന്നതെന്തും എളുപ്പം പാഠമാക്കിയും ഉസ്താദിന് ഖിദ്മത്ത്(സേവനം) ചെയ്തും വര്‍ഷങ്ങള്‍ പല്ലന പള്ളിയില്‍ കഴിച്ചുകൂട്ടി. പിന്നീട് ഉന്നത പഠനത്തിനായി കാഞ്ഞിരപ്പള്ളിയില്‍ വടുതല മൂസാ മൗലവിയുടെ ദര്‍സിലെത്തുമ്പോള്‍ സുന്നികള്‍ക്ക് വേണ്ടി തൂലിക പടവാളാക്കുന്ന വടുതല സയ്യിദ് പി എം എസ് തങ്ങളുമുണ്ടായിരുന്നു. രണ്ട് പേരും പിന്നീട് ആ ബന്ധം നിലനിര്‍ത്തിപ്പോന്നത് സുന്നി പ്രസ്ഥാനത്തിന് ഏറെ മുതൽക്കൂട്ടായി. ദര്‍സില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ഹനീഫ് മൗലവി മദ്‌റസാധ്യാപകനായി ദീനീ പ്രചാരണ രംഗത്ത് സജീവമായി. പല്ലന ദാറുല്‍ഉലൂം മദ്‌റസ, ആലപ്പുഴ ആലിമുഹമ്മദ് മീറാസുല്‍ അമ്പിയാ മദ്‌റസ, വലിയമരം ഇര്‍ഷാദുല്‍ മുസ്്ലിം അസ്സോസിയേഷന്‍ മദ്‌റസ എന്നിവിടങ്ങളില്‍ കുറഞ്ഞ കാലം ജോലി നോക്കി.
മദ്‌റസാധ്യാപനത്തിനിടെ പുത്തനാശയക്കാര്‍ക്കെതിരായും സുന്നി ആദര്‍ശ പ്രചാരണ രംഗത്തും ഹനീഫ് മൗലവി സജീവമായിരുന്നു. ഇതിനിടെയാണ് സുന്നികളുടെ ബഹുജനസംഘടനയായ എസ് വൈ എസ് പിറവിയെടുക്കുന്നത്. തെക്കന്‍ കേരളത്തില്‍ സുന്നികളുടെ പേരില്‍ അറിയപ്പെട്ടിരുന്ന സംഘടനകള്‍ പോലും ബിദഈ ആശയങ്ങളുടെ പ്രചാരകരായിരുന്ന കാലത്താണ് സുന്നി യുവജനസംഘത്തിന്റെ തെക്കന്‍ കേരളത്തിലെ പ്രചാരണ ചുമതല ഹനീഫ് മൗലവിയുടെ കൈകളിലെത്തുന്നത്. അന്നത്തെ സംഘടനാ സാരഥികളായ ഇ കെ ഹസന്‍ മുസ്്ലിയാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരും ഒരുമിച്ചെത്തിയാണ് ഹനീഫ് മൗലവിയെ ചുമതലയേല്‍പ്പിച്ചത്.
തെക്കന്‍ കേരളം സുന്നികളുടെ കൈപ്പിടിയില്‍
സമസ്തക്കോ കീഴ്ഘടകങ്ങള്‍ക്കോ പ്രവേശനമില്ലാതിരുന്ന തെക്കന്‍ കേരളത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഹനീഫ് മൗലവിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. എറണാകുളം ജില്ല വിട്ടാല്‍ സമസ്തക്കോ സുന്നി സംഘടനകള്‍ക്കോ യാതൊരു സ്വാധീനവും അക്കാലത്തുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ സുന്നത്ത് ജമാഅത്തിന്റെയും സുന്നി യുവജനസംഘത്തിന്റെയും സന്ദേശങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കുകയെന്നതായിരുന്നു ഹനീഫ് മൗലവിയുടെ ലക്ഷ്യം. സ്വന്തം ജില്ലയായ ആലപ്പുഴയില്‍ തന്നെ സുന്നി യുവജനസംഘത്തിന്റെ ആദ്യ കമ്മിറ്റി നിലവില്‍ വന്നു. ജില്ലയിലുടനീളം സഞ്ചരിച്ച് പരമാവധി യൂനിറ്റ് കമ്മിറ്റികളുണ്ടാക്കുകയും സംഘടനാ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കുകയും ചെയ്തതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് തെക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. തുടര്‍ന്ന് ദക്ഷിണ കേരളയുടെ ആസ്ഥാനമായ കൊല്ലത്തേക്ക് പുറപ്പെട്ട ഹനീഫ് മൗലവി, അവരുടെ പ്രമുഖ സംഘാടകനും നേതാവുമായ ആലുവ എന്‍ എം ബാവാ മൗലവിയെ സുന്നി സംഘടനയിലെത്തിച്ചു. ഇതോടെ കൊല്ലത്ത് സുന്നി യുവജനസംഘത്തിന് നന്നായി വേരുറപ്പിക്കാനായി. പിന്നീട് ഇരുവരും ചേര്‍ന്ന് നടത്തിയ പടയോട്ടത്തില്‍ തെക്കന്‍ കേരളം സുന്നികളുടെ കൈപ്പിടിയിലാകുകയായിരുന്നു.മുജാഹിദിന്റെ പ്രമുഖ നേതാവ് കെ ഉമര്‍മൗലവിയുടെ വെല്ലുവിളിയെ അവരുടെ സ്‌റ്റേജില്‍ കയറി സ്വീകരിക്കാനുള്ള ധൈര്യം കാണിച്ച ഹനീഫ് മൗലവി ജില്ലയിലെ സുന്നികള്‍ക്ക് എന്നും ആവേശമാണ്.
ഖബര്‍ പൊളിയന്മാരെ തുരത്തി
സുന്നി സംഘടനകള്‍ക്ക് ആലപ്പുഴയില്‍ കാര്യമായ സ്വാധീനമൊന്നും ലഭിച്ചിട്ടില്ലാത്ത കാലത്ത് പോലും സുന്നത്ത് ജമാഅത്ത് ആശയങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരെ ചെറുക്കാന്‍ അഭ്യസ്തവിദ്യരടക്കമുള്ള ചെറുപ്പക്കാരെ സജ്ജമാക്കിയ ഹനീഫ് മൗലവി ഒരു കാലഘട്ടത്തില്‍ മുസ്്ലിം യുവാക്കളുടെയാകെ ആവേശമായിരുന്നു. അങ്ങനെയിരിക്കെയാണ് ആലപ്പുഴയിലെ പ്രമുഖ സാദാത്തുക്കളുടെ മഖാം നിലകൊള്ളുന്ന കലക്ടറേറ്റിന് സമീപമുള്ള കുറുക്കന്‍ തങ്ങള്‍ മഖാമും പള്ളിയും വഹാബികള്‍ കൈവശത്താക്കിയത്. അധികം വൈകാതെ തന്നെ ഇവിടുത്തെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മഹ്ദലി തങ്ങള്‍ ഉള്‍പ്പെടെയുള്ള സാദാത്തുക്കളുടെ ഖബറുകള്‍ വഹാബികള്‍ തകര്‍ത്തു. സാദാത്തുക്കളുടെ മഖാമിന് നേരെ നടന്ന അതിക്രമം കാട്ടുതീപോലെ നാട്ടില്‍ പടര്‍ന്നു. വിവരമറിഞ്ഞ് ഹനീഫ് മൗലവിയുടെയും അദ്ദേഹത്തിന്റെ സന്തത സഹചാരിയും ആലപ്പുഴ മെഡിക്കല്‍ കോളജ് സര്‍ജനുമായിരുന്ന ഡോ. അഹ്്മദ് കബീറിന്റെയും നേതൃത്തില്‍ സുന്നികള്‍ സംഘടിച്ചെത്തി വഹാബികളില്‍ നിന്ന് പള്ളിയും മഖാമും മോചിപ്പിക്കുകയായിരുന്നു. പിന്നീട് സുന്നി യുവജനസംഘത്തിന്റെ കൈകളിലെത്തിയ പള്ളിയിൽ മഖാം പുനഃസ്ഥാപിക്കുകയും ഉന്നത മതകലാലയത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ആലപ്പുഴ മഹ്ദലിയ്യ ഇപ്പോഴും ജില്ലയിലെ സുന്നികളുടെ ആസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നു.
ദീര്‍ഘകാലം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
തെക്കന്‍ കേരളത്തില്‍ സുന്നി സംഘടനകള്‍ക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഹനീഫ് മൗലവി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളുടെ ഇഷ്ടതോഴനായി മാറിയത് പെട്ടെന്നായിരുന്നു. സുന്നി യുവജനസംഘത്തിന്റെയും സമസ്തയുടെ ഇതര കീഴ്ഘടകങ്ങളുടെയുമെല്ലാം നേതൃനിരയില്‍ ഹനീഫ് മൗലവി സ്ഥാനം പിടിച്ചു. വയോജനങ്ങള്‍ക്കായി പുതിയ സംഘടന രൂപം കൊള്ളുന്നത് വരെ പതിറ്റാണ്ടുകളോളം സുന്നി യുവജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹനീഫ് മൗലവി. കേരള മുസ്്ലിം ജമാഅത്ത് രൂപം കൊണ്ടപ്പോള്‍ അതിന്റെ സംസ്ഥാന ഭാരവാഹിത്വത്തിലും ഹനീഫ് മൗലവിയുണ്ടായിരുന്നു. സുന്നികളുടെ അഭിമാനമായി കാരന്തൂരില്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ അതിന്റെ നേതൃത്വത്തിലേക്കും തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഹനീഫ് മൗലവിയെ ഉള്‍പ്പെടുത്തിയിരുന്നു. മര്‍കസ് സ്ഥാപിച്ചത് മുതല്‍ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത് വരെ അതിന്റെ വര്‍ക്കിംഗ് കമ്മിറ്റിയംഗമായിരുന്നു. സുന്നികളുടെ ജിഹ്വയായ സിറാജ് ദിനപത്രം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളിലും പങ്കാളിയായിരുന്ന ഹനീഫ് മൗലവി, ഏറെക്കാലം അതിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. മുഅല്ലിം സംഘടനയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും കമ്മിറ്റികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
പണ്ഡിതരുടെ ആശ്രിത വത്സലന്‍, പ്രവര്‍ത്തകരുടെ പ്രിയ നേതാവ്
സാധാരണ പണ്ഡിതരുടെ വേഷവിധാനങ്ങളില്‍ നിന്ന് ഭിന്നമായി കറുത്ത തൊപ്പി ധരിച്ച് സാധാരണ വെള്ള ഷര്‍ട്ട് ധരിച്ചെത്തുന്ന കുറിയ മനുഷ്യനെ ആദ്യമായി കാണുന്ന പണ്ഡിതന്മാര്‍ നന്നായൊന്ന് വീക്ഷിക്കും. പരിചയമായിക്കഴിഞ്ഞാല്‍ പിന്നെ കണ്ടാലുടന്‍ വിശേഷങ്ങള്‍ തിരക്കി അടുത്തുകൂടും. സമസ്തയിലെ മണ്‍മറഞ്ഞ മഹാരഥന്മാരടക്കം ഒട്ടുമിക്ക പണ്ഡിതരുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ച തെക്കന്‍ കേരളത്തില്‍ നിന്നുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് ഹനീഫ് മൗലവി. ഇവരുമായുള്ള ബന്ധം ഏറെ ഗുണം ചെയ്തിരുന്നത് സ്വന്തം ജില്ലയിലെ പ്രവര്‍ത്തകര്‍ക്കാണ്. അവിഭക്ത സമസ്തയിലെ സമുന്നത നേതാക്കളെയും നിലവിലെ സമസ്ത നേതൃത്വത്തെയുമെല്ലാം നിരവധി തവണ ആലപ്പുഴയിലെത്തിച്ച് പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയ ഹനീഫ് മൗലവി ഇവര്‍ക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്നു. സുന്നികളുടെ ആത്മീയ നേതൃത്വമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്്ലിയാരുടെ ഇജാസത്ത് സ്വന്തമാക്കിയാണ് ഹനീഫ് മൗലവി ചികിത്സാ രംഗത്ത് സജീവമായത്. യൂനാനി, പാരമ്പര്യ ചികിത്സകളില്‍ സജീവമായിരുന്നു ഹനീഫ് മൗലവി.
എന്നും ആലംബഹീനര്‍ക്കൊപ്പം
സുന്നി സംഘടനകളുടെ സാരഥ്യമരുളുമ്പോഴും ആലംബഹീനരുടെ കണ്ണീരൊപ്പാന്‍ ഹനീഫ് മൗലവി എന്നും മുന്നിലുണ്ടായിരുന്നു.സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിത സാന്ത്വന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നയാളാണ് ഹനീഫ് മൗലവി.തന്റെ സമ്പാദ്യത്തിന്റെ അധിക ഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെക്കുകയായിരുന്നു.
സ്വന്തം വീടും 20 സെന്റ്ഭൂമിയും വഖ്ഫ് ചെയ്തുകൊണ്ടാണ് സുന്നി സംഘടനകളുടെ നേതൃത്വത്തിലുള്ള അനാഥാലയത്തിന് തുടക്കം കുറിച്ചത്. മണ്ണഞ്ചേരിയില്‍ ഭാര്യാവീടിനോട് ചേര്‍ന്ന് സ്വന്തമാക്കിയ ഭൂമിയും വീടും അനാഥാലയ നടത്തിപ്പിനായി വിട്ടുനല്‍കുമ്പോള്‍, തങ്ങളെങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ആശങ്കയുടെ കണിക പോലുമില്ലായിരുന്നു ഹനീഫ് മൗലവിക്കും ഭാര്യ സുബൈദക്കും. സുന്നികളുടെ ജില്ലയിലെ ആത്മീയ നേതൃത്വമായിരുന്ന ചേലാട്ട് സയ്യിദ് ഫസല്‍ തങ്ങളും ഹനീഫ് മൗലവിയും മുന്‍കൈയെടുത്ത് സ്ഥാപിച്ച ദാറുല്‍ഹുദാ ഇസ്്ലാമിക് കോംപ്ലക്‌സ് ഇന്ന് ജില്ലയിലെ എണ്ണപ്പെട്ട ഇസ്്ലാമിക കലാലയമാണ്. അരനൂറ്റാണ്ട് മുമ്പ് ആലപ്പുഴ നഗരഹൃദയത്തില്‍ ഒരു പള്ളി സ്ഥാപിക്കാന്‍ പൗരപ്രമുഖര്‍ക്കൊപ്പം കൈകോര്‍ത്ത ഹനീഫ് മൗലവി, തുടക്കം മുതല്‍ ഏതാനും നാള്‍ മുമ്പ് വരെ ഖത്വീബായി സൗജന്യസേവനം നടത്തിവരികയായിരുന്നു. സ്വന്തം മഹല്ലിലടക്കം ജില്ലക്കകത്തും പുറത്തും നിരവധി പള്ളികളുടെയും മതസ്ഥാപനങ്ങളുടെയും നിര്‍മാണത്തില്‍ പങ്കാളിയായിട്ടുള്ള ഹനീഫ് മൗലവി വിടപറയുമ്പോള്‍ തന്റെ സമ്പാദ്യമെല്ലാം ദീനിന് വേണ്ടിയാണ് ചെലവഴിച്ചതെന്നുള്ള യാഥാര്‍ഥ്യം സുന്നി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ്.
സുന്നി സംഘടനകളുടെ വളര്‍ച്ചക്കും പ്രചാരണത്തിനുമായി ആയുസ്സും ആരോഗ്യവും സമ്പാദ്യവുമെല്ലാം നീക്കി വെച്ച ഹനീഫ് മൗലവിക്ക് തത്തുല്യനായ ഒരാളെ തെക്കൻ കേരളത്തില്‍ നിന്ന് ഉയര്‍ത്തിക്കാട്ടുക പ്രയാസകരമാകും. സംഘടനാ പ്രവര്‍ത്തനത്തിനും സ്ഥാപന നടത്തിപ്പിനും എന്തിനേറെ സമ്മേളനങ്ങള്‍ക്കും സ്വന്തം സമ്പാദ്യത്തിന്റെ മുഖ്യ പങ്ക് മാറ്റി വെച്ച ഹനീഫ് മൗലവി, ഈ ആവശ്യങ്ങള്‍ക്കായി മറ്റൊരാളെ സമീപിച്ചിരുന്നതായി കേട്ടുകേള്‍വി പോലുമില്ല.