Kerala
മതരാഷ്ട്രവാദികളുടെ രഹസ്യ ചര്‍ച്ച: വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് എസ് വൈ എസ്
മതമൂല്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ സൗന്ദര്യം സംബന്ധിച്ച് പൊതുസമൂഹത്തിനിടയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തുംമെന്നും എസ് വൈ എസ് സംസ്ഥാന കൗൺസിൽ
വെട്ടിച്ചിറ | മത രാഷ്ട്ര വാദം ഉള്‍പ്പെടെ, സമൂഹത്തില്‍ ശൈഥില്യവും നിഗൂഢ അജണ്ടകളും പതിവാക്കിയവര്‍ നടത്തിയെന്നു പറയുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സമൂഹത്തിന്റെ ആശങ്കകളകറ്റണമെന്ന് എസ്.വൈ.എസ് സംസ്ഥാന യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത്തരം നിഗൂഢ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുസ്‌ലിംകള്‍ക്ക് യാതൊരു ബന്ധവുമില്ല. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‍ലാമി മുസ്‍ലിംകളുടെ പ്രതിനിധാനവുമല്ലെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മജ്മഇല്‍ നടന്ന ദ്വിദിന കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തെ നയ സമീപന രേഖക്ക് അന്തിമ രൂപം നല്‍കി.
മതമൂല്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ സൗന്ദര്യം സംബന്ധിച്ച് പൊതുസമൂഹത്തിനിടയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തും. സംഘടനയുടെ നടപ്പു കാല പദ്ധതിയായ യൂത്ത് പാര്‍ലമെന്റുകള്‍ സമൂഹത്തില്‍ വലിയ പ്രതിഫലനം ഉളവാക്കിയ സാഹചര്യത്തില്‍ പോസ്റ്റ് പാര്‍ലമെന്റ് അജണ്ടകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സോഷ്യല്‍ ആക്ടിവിസം ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍ പ്രയോഗവത്ക്കരിക്കും.
വിശ്വാസശാസ്ത്രം ആഴത്തില്‍ പഠിപ്പിക്കുന്നതിനും യുക്തിവാദത്തെയും മത യുക്തിവാദത്തെയും പ്രതിരോധിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സക്രിയമാക്കും. സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ പദ്ധതികള്‍ക്കും യൂണിറ്റ് നേതൃത്വത്തിന്റെ ശക്തികരണത്തിനും മുന്‍ഗണന നല്‍കും. വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് നൈപുണി വികസന കേന്ദ്രവും പദ്ധതികളും ആവിഷ്‌കരിക്കും.
പദ്ധതികളുടെ ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ്, പ്രവര്‍ത്തനങ്ങളുടെ ക്വാളിറ്റി അനാലിസിസ് തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള ആശയങ്ങള്‍ നടപ്പാക്കും. സോഷ്യല്‍ ഓഡിറ്റിംഗ് കാര്യക്ഷമമാക്കും. സീനിയര്‍ സിറ്റിസണ്‍സ്, കിടപ്പിലായ രോഗികള്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍ തുടങ്ങിയവരുടെ കെയര്‍ടേക്കര്‍സ് തുടങ്ങിയ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നവര്‍ക്കുള്ള പദ്ധതികള്‍ നടപ്പിലാക്കും. പുതിയ തലമുറയെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പദ്ധതികള്‍ നടപ്പിലാക്കും.
വ്യക്തിവിശുദ്ധി പ്രധാനമായി കണ്ടുള്ള പദ്ധതികള്‍, ആത്മീയ ഉണര്‍വ് ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍, ജനങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും അടുപ്പവും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ പ്രയോഗം എന്നിവ ഉറപ്പാക്കും. വനിതകളുടെ ആത്മീയവും സാംസ്‌കാരികവുമായ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും. കുടുംബം അടിസ്ഥാന യൂണിറ്റായി കണ്ടുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
അല്‍ ഉസ്‌റത്തു ത്വയ്യിബ, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഖാഫിലത്തു ദഅ്‌വ, റൗളത്തുല്‍ ഖുര്‍ആന്‍, അസുഫ്ഫ, ടീം ഒലീവ്, റീഡേഴ്‌സ് ക്ലബ്ബ്, സാന്ത്വന കേന്ദ്രം, സാന്ത്വനം ക്ലബ്ബ്, ഷീ പാലിയേറ്റീവ്, കരിയര്‍ ക്ലബ്ബ്, മീഡിയാക്ഷന്‍, മീഡിയ മിഷന്‍ തുടങ്ങിയ തനതു പദ്ധതികളും സംരംഭങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കും. കഴിഞ്ഞ സംഘടനാ വര്‍ഷത്തില്‍ തുടങ്ങി വെച്ച പ്രാദേശിക ചരിത്ര പഠനം,ഹിസ്റ്ററി കോണ്‍ഫറന്‍സ്, ജീവനം, അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍, കരിയര്‍ മേഖലയിലെ പദ്ധതികള്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കും.
നയസമീപന രേഖ മുന്നോട്ടു വെച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംസ്ഥാന സാരഥികളെ കൗണ്‍സില്‍ തെരഞ്ഞെടുത്തു. വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സി.പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട് പുന:സ്സംഘടന നടപടികള്‍ക്ക് നേതൃത്വം നല്‍കി. പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് പറവൂര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.അബൂ ഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, പ്രൊ. കെ.എം.എ. റഹീം, പ്രൊ. എ.കെ.അബ്ദുൽഹമീദ്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രസംഗിച്ചു.