National
ഡൽഹി നിയമസഭാ മന്ദിരത്തിൽ രഹസ്യ തുരങ്കം
ബന്ധിപ്പിക്കുന്നത് ചെങ്കോട്ടയുമായി
ന്യൂഡൽഹി | സ്വാതന്ത്ര്യ സമരത്തിന്റെ ശേഷിപ്പായ തുരങ്കം ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ. സഭാ മന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയായി ഉപയോഗിച്ചിരുന്നതാണ് ഇപ്പോഴത്തെ നിയമസഭാ മന്ദിരം. ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യ സമര പോരാളികളെ കോടതിയിൽ എത്തിക്കുന്നതിനുള്ള വഴിയായിട്ടാണ് തുരങ്കം ഉപയോഗിച്ചിരുന്നതെന്നും ഗോയൽ പറഞ്ഞു.
ഇത്തരത്തിലൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും 1993ൽ താൻ എം എൽ എയായിരുന്ന കാലത്ത് കേട്ടിരുന്നു. ഈ തുരങ്കത്തിന്റെ ചരിത്രം അന്വേഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ തുരങ്കമുഖം കണ്ടെത്താൻ സാധിച്ചു. പക്ഷേ, കൂടുതൽ കുഴിച്ചുനോക്കാൻ ഉദ്ദേശിക്കുന്നില്ല. മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.
1912ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായാണ് ഇപ്പോഴത്തെ ഡൽഹി നിയമസഭാ മന്ദിരം ഉപയോഗിച്ചിരുന്നത്. 1926ൽ ഇത് കോടതിയാക്കി മാറ്റി. ഇവിടെ കഴുമരമുള്ള മുറിയുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ആ മുറി പരിശോധിക്കാൻ തീരുമാനിച്ചതായും സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.