tussle between cpm workers
വിഭാഗീയത; കുട്ടനാട്ടിൽ സി പി എം പ്രവർത്തകർ ഏറ്റുമുട്ടി
നേതാക്കളടക്കം ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
കുട്ടനാട് | കുട്ടനാട്ടിലെ സി പി എം വിഭാഗീയത സംഘർഷത്തിൽ എത്തി. ഇന്നലെ ഔദ്യോഗിക വിഭാഗവും വിമത പക്ഷവും കുട്ടനാട്ടിൽ മൂന്നിടത്ത് ഏറ്റുമുട്ടി. നേതാക്കളടക്കം ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. തലക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷന് സമീപമാണ് സംഘർഷത്തിന്റെ തുടക്കം. വേഴപ്രയിൽ നിന്നുള്ള സി പി എമ്മിന്റെ വിമത വിഭാഗത്തിൽപ്പെട്ടവർ ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് രാമങ്കരിയിൽ വെച്ച് ശരവണനും രഞ്ജിത്തും ഇതു ചോദ്യം ചെയ്തു. ഇതേതുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും തലക്ക് ഗുരുതരമായി പരുക്കേറ്റത്.
കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗിക പക്ഷം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി 12ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് തുടർച്ചയായി രാത്രി വൈകിയും ആക്രണവുമുണ്ടായി. ഇതിൽ വിമത പക്ഷത്തിലെ ചിലർക്കും പരുക്കേറ്റിട്ടുണ്ട്. കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായാണ് സംഘർഷം. മൂന്ന് ദിവസം മുമ്പ് വിവാഹവീട്ടിൽ നിന്നും ഉടലെടുത്ത തർക്കമാണ് ഞായറാഴ്ച സംഘർഷമുണ്ടാകാനിടയാക്കിയത്.
---- facebook comment plugin here -----