congress plenary session 2023
മതേതര ബദല്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാഴികക്കല്ലാവുമോ?
മോദിയില്‍ വിശ്വാസമര്‍പ്പിച്ചാണ് 2024-ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നു ബി ജെ പി കണക്കുകൂട്ടുന്നത്
കോഴിക്കോട് | ഏകകക്ഷി മേല്‍ക്കോയ്മയുടെ പൂര്‍വകാല പ്രതാപത്തില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലേക്കു പതിയെ ചുവടുവയ്ക്കുന്നു. റായ്പൂരില്‍ ഫെബ്രുവരി 24 മുതല്‍ നടക്കുന്ന പ്ലീനറി സമ്മേളനം ആ അര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ ആന്തരികമായി അഴിച്ചു പണിയുമെന്നാണു പ്രതീക്ഷ.
ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചമായി ദീര്‍ഘകാലം ഇന്ത്യയില്‍ ഭരണക്കുത്തക ഉണ്ടായിരുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്തായിട്ടും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ വിദൂരമായിരുന്നു. രാജ്യാധികാരം പിടിക്കാന്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക മാത്രമല്ല ചെയ്തിരുന്നത്. അതോടൊപ്പം പരമാവധി പ്രാദേശിക സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അവര്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി. മതേതര കക്ഷികളെ പോലും തന്ത്രപൂര്‍വം വലയിലാക്കി. പ്രാദേശി താല്‍പര്യം മാത്രമുള്ള വിവിധ സംസ്ഥാനങ്ങളിലെ ചെറുകിട പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതില്‍ ബി ജെ പികാണിച്ചിട്ടുള്ള മെയ് വഴക്കം തന്നെയായിരുന്നു അവരുടെ വിജയത്തിനാധാരം. ദേശീയ സഖ്യം ഇല്ലാതെ, പ്രാദേശിക സഖ്യങ്ങളിലൂടെ ഓരോ സംസ്ഥാനത്തു നിന്നും പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്തുന്ന തന്ത്രമാണ് എക്കാലത്തും ബി ജെ പി പയറ്റിയത്.
ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗം അടുത്ത പൊതു തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് ജെ പി നഡ്ഡയുടെ കാലാവധി 2024 ജൂണ്‍ വരെ നീട്ടിയെ യോഗം 2023-ല്‍ നടക്കുന്ന ഒമ്പതു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മേല്‍ക്കൈ നേടിയാല്‍ 2024 ല്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
മോദിയില്‍ വിശ്വാസമര്‍പ്പിച്ചാണ് 2024-ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നു ബി ജെ പി കണക്കുകൂട്ടുന്നത്. പരമ്പരാഗതമായി സവര്‍ണ ആധിപത്യമുള്ള ബി ജെ പി പിന്നാക്ക വിഭാഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍, ദളിത് വിഭാഗങ്ങള്‍ എന്നിവരുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുള്ള കരുക്കളാണു നീക്കുന്നത്. ഹിന്ദുത്വ ഹൃദയ ഭൂമിയില്‍ ഉണ്ടായേക്കാവുന്ന സീറ്റ് നഷ്ടത്തെ പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നു കരസ്ഥമാക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ആവിഷ്‌കരിച്ചിട്ടുണ്ട്.
ബി ജെ പി നീക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യം മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന്റെ റായ്പൂര്‍ പ്ലീനറി രൂപം നല്‍കുമോ എന്നാണു മതേതര സമൂഹം ഉറ്റുനോക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ സംഘടനാപരവും രാഷ്ട്രീയവുമായ കരുത്ത് തങ്ങള്‍ക്കുണ്ടെന്നു തെളിയിക്കാന്‍ പ്ലീനറി സമ്മേളനത്തിനു കഴിഞ്ഞാല്‍ അതു വലിയ ചുവടു വയ്പ്പായിരിക്കും.
പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതുസംബന്ധിച്ച തന്ത്രങ്ങളായിരിക്കും പ്ലീനറി സെഷനിലെ രാഷ്ട്രീയ പ്രമേയത്തിന്റെ ഊന്നല്‍ എന്നാണു കരുതുന്നത്.
ശക്തമായ കോണ്‍ഗ്രസ് ഇല്ലാതെ ശക്തമായ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന തിരിച്ചറിവു കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള സഖ്യങ്ങളും പ്ലീനറിയില്‍ ചര്‍ച്ച ചെയ്യുമെന്നു എ ഐ സി സി കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറയുന്നത് പ്രതീക്ഷാ നിര്‍ഭരമാണ്. ബി ജെ പി യെ പ്രതിരോധിക്കാന്‍ പ്രാദേശിക സഖ്യങ്ങളാണ് ആവിഷ്‌കരിക്കേണ്ടതെന്നും തിരഞ്ഞെടുപ്പിനു ശേഷമായിരിക്കണം ദേശീയ സഖ്യം രൂപപ്പെടേണ്ടതെന്നുമുള്ള ഇടതുപക്ഷത്തിന്റെ അഭിപ്രായം ജയറാം രമേഷിന്റെ പ്രതികരണത്തില്‍ കാണാം.
പ്രതിപക്ഷ ഐക്യമാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയെ നേരിടാന്‍ ധൈര്യമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇടക്ക് ബി ജെ പിയുമായി അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും നടത്തുന്നവരെ ആവശ്യമില്ലെന്നാണു വേണുഗോപാല്‍ പറയുന്നത്. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും തങ്ങളാണ് ഐക്യശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബി.ജെ.പി നേരിടാന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നും അതിന്റെ തെളിവാണ് ത്രിപുരയിലെ കോണ്‍ഗ്രസ്-സി പി എം സഖ്യമെന്നും വേണുഗോപാല്‍ വിശദീകരിക്കുന്നു. ഇക്കാര്യങ്ങളില്‍ കുറേക്കൂടി വ്യക്തത പ്ലീനറിയില്‍ ഉണ്ടാവുമെന്നാണുകരുതുന്നത്. ബി ജെ പിയുമായി നേരത്തെ സഖ്യം ചെയ്തവരേപ്പോലും മതേതര സഖ്യത്തിലേക്ക് ആകര്‍ഷിക്കാനും മതേതര നിലപാടില്‍ അവരെ ഉറപ്പിച്ചു നിര്‍ത്താനും ആവശ്യമായ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു നില്‍ക്കുന്നു.
ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം 2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകും എന്നാണു പാര്‍ട്ടി പ്രഖ്യാപനം. ബി ജെ പിക്കെതിരായ മതേതര ബദല്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ പ്ലീനറി സമ്മേളനം ചരിത്രപരമെന്നു വാഴ്തപ്പെടും.