Kerala
കാവഡ് യാത്രയുടെ പേരില്‍ ഇറക്കിയ ഉത്തരവ് വിചിത്രവും കൊടുംക്രൂരതയും: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
പാര്‍ലമെന്റ് ചേരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം.

ന്യൂഡല്‍ഹി | രാജ്യത്ത് തകര്‍ന്ന് തരിപ്പണമായ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൂടുതല്‍ നാശത്തിലേക്കും രൂക്ഷമായ പകയുടെ പാതയിലേക്കും കൊണ്ടുപോവുകയാണെന്നും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി . പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു ഇന്ന് വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ ടി.
യുപിയിലെ കാവഡ് യാത്രയെ തുടര്‍ന്ന് അവിടത്തെ മുഖ്യമന്ത്രി നല്‍കിയ ഉത്തരവ് ലജ്ജാകരവും വിചിത്രവും കൊടും ക്രൂരതയുമാണ്. ഇന്ത്യയില്‍ ഇതിനു മുമ്പും മതാഘോഷ യാത്രകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം മതാഘോഷങ്ങളില്‍ ജാതിയും മതവും വംശങ്ങളും എല്ലാം മറന്ന് ജനങ്ങള്‍ സഹകരിച്ചിരുന്നു. മറ്റു മതക്കാര്‍ മധുരപലഹാരങ്ങള്‍ നല്‍കിയും പുഷ്പങ്ങള്‍ വിതറിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇന്ന് ഭരണകൂടം അതിനെ വിദ്വേഷത്തിന്റെ വിത്ത് വിതക്കുന്നതാക്കുന്നു.
പാര്‍ലമെന്റിന്റെ മുഖ്യധര്‍മ്മം നിയമനിര്‍മ്മാണമാണ്. തങ്ങളുടെ വ്യക്തി താല്പര്യത്തിനോ രാഷ്ട്രീയ താല്പര്യത്തിനോ ഉതകുന്ന വിധത്തില്‍ നിയമം നിര്‍മിക്കുന്നത് അപലപനീയമാണ്.
ഇന്ത്യക്ക് സുപ്രധാനമായും വേണ്ടത് ഒരു ആള്‍ക്കൂട്ടകൊല വിരുദ്ധ നിയമമാണെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തില്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകള്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സ്‌പെഷ്യല്‍ കോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും അതിന് വകുപ്പുകള്‍ ഉണ്ടാവണമെന്നുമല്ലാം പരമോന്നത നീതിപീഠം പറഞ്ഞിരുന്നതാണ്.ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.
നിരവധി പ്രശ്‌ന സങ്കീര്‍ണമായ ഒരു രാജ്യമായ ഇന്ത്യയില്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചകള്‍ ഉണ്ടാവണം. പാര്‍ലമെന്റ് ചേരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. പാര്‍ലമെന്റിന്റെ മുമ്പാകെ കൊണ്ടുവരുന്ന അജണ്ടകള്‍ ഒരു ദിവസമെങ്കിലും നേരത്തെ നല്‍കണം. ഇപ്പോള്‍ പാര്‍ലമെന്റ് നടക്കുന്നതിനിടയില്‍ പോലും പുതിയ അജണ്ടകള്‍ ഇറക്കുന്നത് പതിവാണ്. അനാരോഗ്യകരമായ ഒരു നടപടിയാണിത്. അത് തിരുത്തണമെന്നും ഇ ടി യോഗത്തില്‍ പറഞ്ഞു.