Alappuzha
സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മതേതര കേരളം അവജ്ഞയോടെ തള്ളികളയും: കാന്തപുരം
ആരുടെയെങ്കിലും വര്‍ഗീയ പ്രസ്താവനകള്‍ കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ സൗഹൃദ സാംസ്‌കാരിക പാരമ്പര്യമെന്നും. അത് കാത്തുസൂക്ഷിക്കാന്‍ പ്രാപ്തമായ ദൃഢതയുള്ള സമൂഹം ഇവിടെയുണ്ടെന്നും കാന്തപുരം
ആലപ്പുഴ | സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം ഭീഷണികള്‍ക്കും ആശങ്കകള്‍ക്കും മധ്യേ ആണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലമുള്ളതിനാല്‍ സൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ വിലപ്പോകില്ലെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ(എസ് എസ് എഫ്) ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായ എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയെങ്കിലും വര്‍ഗീയ പ്രസ്താവനകള്‍ കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ സൗഹൃദ സാംസ്‌കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാന്‍ പ്രാപ്തമായ ദൃഢതയുള്ള സമൂഹം ഇവിടെയുണ്ട്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അതിന്റെ ഭാഗമായി സംശയത്തിന്റെ ഒരു അന്തരീക്ഷം രൂപപ്പെടാന്‍ പാടില്ല. നിങ്ങളുടെ ആശങ്കകള്‍ മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാം. ഒന്നായി നിന്ന് സാമൂഹിക നവോഥാന പരിശ്രമങ്ങളില്‍ പങ്കാളികളാകാം. ലഹരിക്കെതിരെ, സാമൂഹിക വിപത്തുകള്‍ക്കെതിരെ വിദ്യാഭ്യാസത്തിനു വേണ്ടി നവോത്ഥാനത്തിനു വേണ്ടി ഒരുമിച്ച് നില്‍ക്കാം. ഓരോ മത വിഭാഗങ്ങളിലും ഉണ്ടാകുന്ന വര്‍ഗീയ തീവ്ര നിലപാടുകളെ തിരുത്താന്‍ അതിനകത്തു നിന്ന് തന്നെ തിരുത്തല്‍ ശ്രമങ്ങളുണ്ടാകണം. മത നേതൃത്വം അതിന് സന്നദ്ധരാകണം. ഇസ്‌ലാമിക പാരമ്പര്യ മത പണ്ഡിതര്‍ അത് നിര്‍വഹിക്കുന്നുണ്ട് – കാന്തപുരം പറഞ്ഞു.
അഹ്ലുസുന്നത്തി വല്‍ ജമാ അത്തിന്റെ വിശ്വാസത്തില്‍ അടിയുറച്ച്, വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതെ ഇവിടെ സാഹോദര്യത്തോടെ ജീവിച്ചവരാണ് പാരമ്പര്യ വിശ്വാസികള്‍. ഇന്നും എന്നും അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സൗഹൃദത്തിന് തുരങ്കം വെക്കുന്ന തീവ്ര ആശയക്കാരുടെ അജണ്ടയില്‍ വീഴാന്‍ പാടില്ല. രാഷ്ട്രീയ സംഘടനകള്‍ തമ്മിലുളള സംഘര്‍ഷത്തെ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി അവതരിപ്പിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ്. അതില്‍ ആരും വീണു പോകരുത്. വ്യക്തികള്‍ ചെയ്യുന്ന കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മതത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എസ് എസ് എഫ് പ്രവര്‍ത്തിക്കുന്നത് സമാധാനത്തിനും സമൂഹത്തിലെ അരാജക അധാര്‍മ്മിക പ്രവണതകള്‍ അവസാനിപ്പിക്കാനുമാണ്. ഇപ്പോള്‍ ദേശീയ തലത്തിലും സജീവമായ പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ പരിതാപകരമാണ് ദേശീയ തലത്തില്‍ മുസ് ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സാഹചര്യം. പല കമ്മീഷനുകളും ആ ദയനീയത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് പരിഹരിക്കാനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് എസ് എസ് എഫ് നടത്തുന്നത്. ഗ്രാമങ്ങളെ ദത്തെടുത്തും, വിദ്യാഭ്യാസം നല്‍കിയും അവരെ മുഖ്യധാരയിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ എസ് എസ് എഫ് നടത്തുന്നു.
അത്തരം നന്‍മകളോടൊപ്പം സമൂഹവുമുണ്ടാകണമെന്നും കാന്തപുരം ഉണര്‍ത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലാണ് എന്‍ ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് നടന്നത്.