Connect with us

Kerala

സുരക്ഷയും ആഹ്ലാദവും മണിമുഴക്കുന്നു; കുട്ടികള്‍ വീണ്ടും പാഠശാലയിലേക്ക്

അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കി

Published

|

Last Updated

കോഴിക്കോട് | കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ ആഹ്ലാദത്തില്‍. അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനേക്കാള്‍ തയ്യാറെടുപ്പുകളോടെയാണ് കൊവിഡ് കാല ഇടവേളക്കു ശേഷം വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കി. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പഠനാന്തരീക്ഷം പൂര്‍ണ സജ്ജമാക്കികഴിഞ്ഞു.കളിമുറ്റങ്ങളും ജല സ്രോതസ്സുകളും ക്ലാസ് മുറികളും ഉള്‍പ്പെടെ ശുചിയാക്കി മോടി കൂട്ടിയാണു കുട്ടികളെ വരവേല്‍ക്കുന്നത്. സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് പ്രതിനിധി ഉള്‍പ്പെടെ വിദഗ്ധ സംഘം മിന്നല്‍ പരിശോധന നടത്തിവരുന്നു. പെയിന്റ് അടിച്ച് മിക്ക സ്‌കൂളുകളും ആകര്‍ഷകമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപകന്റെ അധ്യക്ഷതയില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നു നടപ്പാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വിപുലമായ മേല്‍നോട്ടമാണു വഹിച്ചതെന്നു ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത പറഞ്ഞു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് പങ്കുവഹിച്ചതായി പ്രസിഡന്റ് പറഞ്ഞു.

ക്ലാസ് മുറികള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കുന്നത്. ക്ലാസില്‍ പരമാവധി 20 വരെ കുട്ടികളാണുണ്ടാകുക. ബെഞ്ചില്‍ 2 വീതം കുട്ടികളെ മാത്രമേ ഇരുത്താന്‍ അനുവാദമുള്ളൂ. സ്‌കൂള്‍ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് വാങ്ങിയിട്ടുണ്ട്.

വിവിധ നടപടികള്‍ക്കായി അധ്യാപകര്‍ക്ക് ചുമതല നല്‍കി. ക്ലാസ് തല പി ടി എ യോഗങ്ങളും നടത്തി. ഓണ്‍ലൈന്‍ വിട്ട് ഓഫ് ലൈന്‍അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിലെത്തി നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കവും ആരംഭിച്ചു.

സ്‌കൂള്‍ കിണര്‍, ശുചിമുറി, ജലസംഭരണി എന്നിവയെല്ലാം ശുചീകരിച്ചു സുരക്ഷ ഉറപ്പാക്കി. കുട്ടികളുടെ വീട്ടിലെ ചുറ്റുപാട്, ആരോഗ്യസ്ഥിതി വിലയിരുത്തല്‍ രേഖ എന്നിവ തയാറാക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ സ്‌കൂള്‍ ശുചീകരണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ സഹായം തേടിയിരുന്നു. ആഘോഷപരപാടിപോലെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നു പുതിയങ്ങാടി പുത്തൂര്‍ എല്‍ പി ആന്റ് യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍ സതീഷ് കുമാര്‍ പറഞ്ഞു.

സ്‌കൂളില്‍ കുട്ടികള്‍ക്ക് അകലം പാലിച്ച നില്‍ക്കാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ജീവനക്കാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ 2 ഡോസ് കോവിഡ് വാക്സീന്‍ എടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.

കുട്ടികളുടെ യാത്രാസൗകര്യം, ഭക്ഷണം എന്നിവയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. നിശ്ചിത എണ്ണം വീതം കുട്ടികളെ വാഹനത്തില്‍ എത്തിക്കുന്നതിലുള്ള പ്രയാസം സ്‌കൂള്‍ അധികൃതരെ കുഴ്ക്കുന്നുണ്ട്. ദൂരെ ദിക്കുകളില്‍ നിന്ന് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് കുട്ടികള്‍ വരേണ്ട സാഹചര്യവുമുണ്ട്. ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടുന്ന സ്ഥിതിയും വെല്ലുവിളിയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

നീണ്ട ഇടവേളക്കുശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ഏറെ ആഹ്ലാദത്തിലാണു കുട്ടികള്‍. കൂട്ടുകാരെയും അധ്യാപകരെയും കണ്ടുമുട്ടാനുള്ള ആഗ്രഹവുമായാണ് അവര്‍ സ്‌കൂളിലേക്ക് എത്തുന്നതെന്നു കുട്ടികള്‍ പറയുന്നു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 2020-21 അക്കാദമിക വര്‍ഷം മുതല്‍ ഇതുവരെയും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് 2021 നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകള്‍ നവംബര്‍ 15 മുതലും ആരംഭിക്കുന്നതാണ്. നിലവിലെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട വിപുലമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. രക്ഷകര്‍ത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്, കുട്ടികള്‍ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്., 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളാവാം., ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികള്‍ ഹാരജാകാവുന്നതാണ്.,സ്‌കൂളുകളുടെ സൌകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്., ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം, പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമായിരിക്കുന്നതാണ്., 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസില്‍ വരുന്ന രീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കേണ്ടതാണ്.,കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്.,ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല തുടങ്ങി വിപുലമായ മാര്‍ഗ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.

 

---- facebook comment plugin here -----

Latest