Uae
ശൈഖ് സായിദ് റോഡിൽ സുരക്ഷയും വാഹന പ്രവാഹവും വർധിപ്പിക്കും
ഗതാഗത മെച്ചപ്പെടുത്തലുകളിൽ ആദ്യത്തേത് അബൂദബി ദിശയിൽ ഉമ്മുൽ ശീഫ് സ്ട്രീറ്റിനും അൽ മനാര സ്ട്രീറ്റിനും ഇടയിലുള്ള ലയന ദൂരം വർധിപ്പിക്കുമെന്നതാണ്.
ദുബൈ | ശൈഖ് സായിദ് റോഡിൽ ഗതാഗത സുരക്ഷയും വാഹന പ്രവാഹവും വർധിപ്പിക്കുന്നതിന് മൂന്ന് ഗതാഗത പരിഹാരങ്ങൾ അവതരിപ്പിച്ചുവെന്ന് ആർ ടി എ. ഇതേ വഴിയിലൂടെ മറ്റു റോഡുകളുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കും. ദ്രുതഗതിയിലുള്ള നഗര വളർച്ചക്കും വികാസത്തിനും അനുസൃതമായി പ്രധാന മേഖലകളിൽ സുഗമമായ ഗതാഗത പ്രവാഹം ഉറപ്പാക്കും.റോഡ് ശൃംഖലയും ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള ആർ ടി എയുടെ തന്ത്രപരമായ പദ്ധതികളുമായി ഈ നടപടികൾ യോജിക്കുന്നുവെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.
“റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിന് ആർ ടി എ വലിയ ഊന്നൽ നൽകുന്നു.ശൈഖ് സായിദ് റോഡ് ഒരു മുൻഗണനയാണ്. എമിറേറ്റിന്റെ പ്രധാന ഗതാഗത ഇടനാഴികളിൽ ഒന്നാണിത്. താമസ കേന്ദ്രങ്ങൾക്കു പുറമെ ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വാണിജ്യ കേന്ദ്രങ്ങളുമുണ്ട്. ഗതാഗത മെച്ചപ്പെടുത്തലുകളിൽ ആദ്യത്തേത് അബൂദബി ദിശയിൽ ഉമ്മുൽ ശീഫ് സ്ട്രീറ്റിനും അൽ മനാര സ്ട്രീറ്റിനും ഇടയിലുള്ള ലയന ദൂരം വർധിപ്പിക്കുമെന്നതാണ്. അൽ മനാരയിലേക്കുള്ള ഗതാഗതത്തിനായി ഒരു അധിക പാത അവതരിപ്പിക്കും. ഈ ദിശയിലുള്ള വാഹന ശേഷി 30 ശതമാനം വർധിപ്പിക്കും. ഇത് പ്രവേശന, എക്സിറ്റ് ഫ്ലോകൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാമത്തെ മെച്ചപ്പെടുത്തലിൽ, ദുബൈ മാളിന് സമീപം ശൈഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്റർചേഞ്ചിലേക്ക് നയിക്കുന്ന ഷാംഗ്രി-ലാ ഹോട്ടലിന് മുന്നിലുള്ള സർവീസ് റോഡിന്റെ എക്സിറ്റിൽ മാറ്റങ്ങൾ വരുത്തുന്നു. സർവീസ് റോഡിൽ നിന്നുള്ള പ്രവേശന കവാടവും അൽ സഫ സ്ട്രീറ്റിലേക്കും ദുബൈ മാളിലേക്കും ഉള്ള എക്സിറ്റ് ദൂരവും തമ്മിലുള്ള ലയന ദൂരം വർധിപ്പിക്കുന്നതാണ് പ്രവൃത്തികൾ. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഈ പ്രധാന സ്ഥലത്തെ തിരക്ക് കുറക്കുന്നതിനും ലക്ഷ്യമിട്ടാണിത്. “മൂന്നാമത്തെ മെച്ചപ്പെടുത്തലിൽ അൽ മറാബി സ്ട്രീറ്റിനും അൽ മനാര സ്ട്രീറ്റിനും ഇടയിലുള്ള ലയന ദൂരം അബൂദബി ദിശയിലേക്ക് നീട്ടുന്നതാണ്. ലയന സ്ഥലങ്ങളിലെ തിരക്ക് കുറക്കുന്നതിനും കാത്തിരിപ്പ് കുറക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ലൂത്ത പറഞ്ഞു.