Connect with us

Uae

സൈബർ ആക്രമണങ്ങളിലെ വർധന നേരിടാൻ സന്നദ്ധമെന്ന് സുരക്ഷാ മേധാവി

2024-ൽ യു എ ഇയിൽ റാൻസംവെയർ ആക്രമണങ്ങളിൽ 32 ശതമാനം വർധനവുണ്ടായതായി യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ

Published

|

Last Updated

ദുബൈ| 2024-ൽ യു എ ഇയിൽ റാൻസംവെയർ ആക്രമണങ്ങളിൽ 32 ശതമാനം വർധനവുണ്ടായതായി യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. ഫിഷിംഗ്, ഡി ഡി ഒ എസ്, സ്‌കാമുകൾ തുടങ്ങിയ മറ്റ് വിഭാഗങ്ങളിൽ 18 ശതമാനം വർധനയുണ്ടായി. ദുബൈയിൽ അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ്പോയിന്റ്സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയിലെ പങ്കാളികളുടെ പിന്തുണയും നിർമിത ബുദ്ധി (എ ഐ) പരിഹാരങ്ങളും കാരണം ഈ ഭീഷണികളെല്ലാം വിജയകരമായി തടയാനായി.

പണത്താൽ പ്രചോദിതമാകുന്നതാണ് മിക്ക സൈബർ കുറ്റകൃത്യങ്ങളും. ഏകദേശം 65 ശതമാനം റാൻസംവെയർ, ആൾമാറാട്ടം, സ്‌കാമുകൾ, വഞ്ചനാപരമായ ആക്രമണങ്ങൾ എന്നിവ പണത്തിന് വേണ്ടിയാണ്. യു എൻ ആഗോള സൈബർ സുരക്ഷാ സൂചികയിൽ യു എ ഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ഉയർന്ന റാങ്കിലാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതിനും സൈബർ ഭീകരത പ്രചരിപ്പിക്കുന്നതിനും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ മേധാവി മുന്നറിയിപ്പ് നൽകി.

“ആരോഗ്യ സംരക്ഷണം പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളിൽ റാൻസംവെയർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സാങ്കേതികവിദ്യയിൽ മാത്രമല്ല – മനുഷ്യപ്രശ്നങ്ങളിലും ഇടപെടുന്നു. അതിനാൽ അത് നമ്മളെയെല്ലാം ബാധിച്ചേക്കാം, സർക്കാരിനോ വ്യക്തികൾക്കോ എതിരായ നിരവധി ആക്രമണങ്ങളെ ഞങ്ങൾ പ്രതിരോധിക്കുന്നു. ഭീഷണികളെ നേരിടാൻ നിരവധി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ചു. മിക്ക ഇലക്ട്രോണിക് ആക്രമണങ്ങളും സംഭവിക്കുന്നതിന് മുമ്പ് പ്രവചിക്കാനും പ്രതിരോധിക്കാനും കഴിവുള്ള ഒരു സമർഥവും നൂതനവുമായ സൈബർ സുരക്ഷാ സംവിധാനമാണ് യു എ ഇയിലുള്ളത്. പ്രധാന മേഖലകളിലെ ശരാശരി ദൈനംദിന സൈബർ ആക്രമണങ്ങൾ 50,000 കവിയുന്നുവെന്നും അവയെല്ലാം മുൻകൂർ തടയുകയും ലഘൂകരിക്കുകയും ചെയ്യുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.