From the print
തടവുകാർക്ക് സുരക്ഷ; മുഖം തിരിച്ച് പോലീസ്
2023 - 2024 കാലയളവിൽ 12,122 തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോയത് സുരക്ഷയില്ലാതെ
പാലക്കാട് | തടവുകാരെ കോടതികളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നതിന് സുരക്ഷ നൽകാൻ പോലീസ് വിഭാഗത്തിന്റെ വിമുഖത ജയിൽ വകുപ്പിനെ വെട്ടിലാക്കുന്നു. സുരക്ഷയില്ലാതെ തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ രക്ഷപ്പെട്ട നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായ തടവുകാർക്ക് ചികിത്സ നൽകുന്നതിന് തടസ്സം നേരിടുന്നതായും പരാതിയുണ്ട്. ജയിൽ വകുപ്പിന്റെ കണക്ക് പ്രകാരം 2023 ഏപ്രിലിനും 2024 മാർച്ചിനുമിടയിൽ 24,385 തടവുകാരെ ആശുപത്രികളിലേക്കും 12,122 തടവുകാരെ കോടതികളിലേക്കും കൊണ്ടുപോകുന്നതിന് പോലീസ് സുരക്ഷ നൽകിയിട്ടില്ല.
കോടതിയിൽ ഹാജരാക്കുന്ന തടവുകാരെ സംബന്ധിച്ച് രണ്ട് ദിവസം മുമ്പും ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന വരെ സംബന്ധിച്ച് തലേ ദിവസവുമാണ് ജയിൽ അധികൃതർ പോലീസ് വകുപ്പിന് അപേക്ഷ നൽകുക. മുൻകാലങ്ങളിൽ സമയബന്ധിതമായി അപേക്ഷ അംഗീകരിച്ച് പോലീസ് സുരക്ഷ ഉറപ്പാക്കുമെങ്കിലും ഇപ്പോൾ വേണ്ടത്ര ജീവനക്കാരില്ലെന്ന് പറഞ്ഞ് നിരസിക്കുകയാണെന്ന് ജയിൽ അധികൃതർ പറയുന്നു. പലപ്പോഴും പോലീസുകാരെ ലഭിക്കാത്ത സാഹചര്യത്തിൽ തടവുകാരെ കൃത്യസമയത്ത് കോടതിയിൽ ഹാജരാക്കാൻ പറ്റാത്തത് മൂലം ജഡ്ജിമാരിൽ നിന്ന് ജയിൽ അധികൃതർക്ക് മുന്നറിയിപ്പും ലഭിക്കാറുണ്ട്. പോലീസ് സുരക്ഷ നൽകാത്തതിനാൽ ആശുപത്രികളിലേക്ക് അതീവ ഗുരുതര രോഗികളെ മാത്രമാണ് കൊണ്ടുപോകുന്നത്. ബാക്കിയുള്ളവർക്ക് ചികിത്സ ലഭ്യമാക്കാനും കഴിയുന്നില്ല.
ആശുപത്രിയിൽ കൊണ്ടുപോകുന്ന രോഗികൾക്ക് ചികിത്സ നൽകുന്നതുവരെ സുരക്ഷ നൽകണം. അല്ലാത്തപക്ഷം രോഗം ഭേദമായതിനു ശേഷം രക്ഷപ്പെടുന്നതിന് സാധ്യതയേറെയാണ്. ഇതിനാൽ പോലീസ് സുരക്ഷയില്ലെങ്കിൽ തടവുകാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
അതേസമയം, തടവുകാരെ കോടതിയിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിന് സുരക്ഷ നൽകുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അധികൃതർ അറിയിച്ചു. പലപ്പോഴും അത്യാവശ്യ സേവനങ്ങളുൾപ്പെടെ കൂടുതൽ പേരെ നിയോഗിക്കേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ ജയിൽ വകുപ്പിന്റെ അപേക്ഷ നിരസിക്കേണ്ടി വരുന്നുണ്ട്. ജയിൽവകുപ്പിന് മാത്രമല്ല എക്സൈസ്, വനം വകുപ്പ് പിടികൂടുന്ന തടവുകാർക്ക് പോലും സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ചുമതലയാണ്.
പോലീസ് പരിശീലന ക്യാമ്പിൽ നിന്ന് ജീവനക്കാരെ എത്തിച്ചാണ് പലപ്പോഴും ഇത്തരം ഡ്യൂട്ടിക്ക് നിയോഗിക്കാറ്. രണ്ട് വർഷത്തിനിടെ ജയിൽ വകുപ്പ് കോടതിയിലേക്ക് 61,497 ഉം ആശുപത്രികളിലേക്ക് 36,949ഉം തടവുകാരെ കൊണ്ടുപോകുന്നതിന് അപേക്ഷ നൽകി.
ഇതിൽ കോടതികളിലേക്ക് 49,658ഉം ആശുപത്രികളിലേക്ക് 12,564 അപേക്ഷകളാണ് സ്വീകരിച്ചത്. കോടതികളിലേക്കുള്ള 12,122ഉം ആശുപത്രികളിലേക്കുള്ള 24,385ഉം നിരസിക്കുകയായിരുന്നു.