Editorial
സ്ത്രീക്ക് സുരക്ഷിതത്വം വിവാഹ ബന്ധങ്ങളില്‍
സ്വതന്ത്ര ലൈംഗികതയുടെ ആത്യന്തിക നഷ്ടം സ്ത്രീകള്‍ക്കാണ്. അത്തരം വഴിവിട്ട ബന്ധങ്ങള്‍ക്ക് മുന്നിട്ടിറങ്ങാതെ മാന്യവും അംഗീകൃതവുമായ ബന്ധങ്ങള്‍ തിരഞ്ഞെടുക്കുകയാണ് അവരെ സംബന്ധിച്ചിടത്തോളം സുരക്ഷിത ജീവിതത്തിന് ഏറ്റവും നല്ലത്.
പ്രണയത്തില്‍ കുരുങ്ങി വിവാഹേതര ബന്ധത്തിലേര്‍പ്പെടുക. വര്‍ഷങ്ങളോളം ഒന്നിച്ചു താമസിച്ച ശേഷം എന്തെങ്കിലും അഭിപ്രായ ഭിന്നത ഉടലെടുക്കുമ്പോള്‍ പുരുഷന്റെ മേല്‍ ബലാത്സംഗക്കുറ്റം ആരോപിച്ച് കോടതി കയറ്റുക. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ് അടുത്ത കാലത്തായി. സ്ത്രീപീഡന വിരുദ്ധ നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന ഈ പ്രവണതക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി അടുത്തിടെ സുപ്രീം കോടതിയും ഹൈക്കോടതിയും. നാല് വര്‍ഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത ശേഷം ഭര്‍ത്താവിനെതിരെ ബലാത്സംഗം ആരോപിച്ച കേസിലായിരുന്നു കഴിഞ്ഞയാഴ്ച സുപ്രീം കോടതിയുടെ വിമര്‍ശം. ഇത്തരമൊരു സംഭവത്തില്‍ ബലാത്സംഗം ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചിന്റെ നിരീക്ഷണം.
അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിനെതിരെ ബലാത്സംഗക്കുറ്റം ചാര്‍ത്തിയ കേസിലാണ,് ഒരുമിച്ചു ജീവിച്ച ശേഷം സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പോലീസില്‍ പീഡന പരാതി നല്‍കിയത്.
ഇതടിസ്ഥാനത്തില്‍ ജൂണ്‍ 21ന് എറണാകുളം സെന്‍ട്രല്‍ പോലീസ് നവനീതിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കോടതി അയാള്‍ക്ക് ജാമ്യം അനുവദിച്ചു. സാമൂഹിക സാഹചര്യങ്ങളിലും പുതു തലമുറയുടെ കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളുടെ അനന്തര ഫലമാണ് ഇത്തരം ബന്ധങ്ങളും വഴിപിരിച്ചിലുമെന്ന അഭിപ്രായമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ഇക്കാര്യത്തില്‍ നടത്തിയത്.
വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ ആണും പെണ്ണും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ചു താമസിക്കുന്ന പ്രവണത ഇന്ന് വര്‍ധച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കിടയിലെ സാമ്പത്തിക സ്വയംപര്യാപ്തത, ജോലിസ്ഥലത്തും പുറത്തും അന്യ പുരുഷനും സ്ത്രീക്കും പരസ്പരം ഇടപഴകാനുള്ള അവസരം, കാണാമറയത്തിരുന്ന് പരസ്പരം കണ്ട് സംസാരിക്കാവുന്ന വിധം സാങ്കേതിക വിദ്യയുടെ വളര്‍ച്ച, പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് ഭാര്യാഭര്‍ത്താക്കളെ പോലെ ഒന്നിച്ചു താമസിക്കുന്നതിന് വിവാഹത്തിന്റെ ആവശ്യമില്ലെന്ന കോടതി നിലപാടുമൊക്കെയാണ് ഇതിനു കാരണം. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സുണ്ടാകാറില്ല. ക്രമേണ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും തെറ്റിപ്പിരിയുകയുമാണ് പതിവ്. മാതാപിതാക്കളെയും കുടുംബത്തെയും പരിഗണിക്കാതെയും അവരെ ധിക്കരിച്ചുമാണ് ഇത്തരം ബന്ധങ്ങളിലേക്ക് എടുത്തു ചാടുന്നതെന്നതിനാല്‍ അവര്‍ക്കിടയിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ പരിഹരിച്ച് ബന്ധം ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകാന്‍ വീട്ടുകാരോ നാട്ടുകാരോ ഇടപെടുകയുമില്ല. അതോടെയാണ് സ്ത്രീകള്‍ക്ക് സ്ത്രീപീഡന വിരുദ്ധ നിയമത്തെ ദുരുപയോഗപ്പെടുത്തേണ്ടി വരുന്നത്.
അതേസമയം, വിവാഹ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്താല്‍ അത് പരിഹരിക്കാനും ഒത്തുതീര്‍പ്പിലെത്തിക്കാനും മാതാപിതാക്കളും കുടുംബക്കാരും നാട്ടുകാരും മുന്നിട്ടിറങ്ങും. മാത്രമല്ല, മകനോ മകള്‍ക്കോ ഒരു വിവാഹാന്വേഷണം വന്നാല്‍ മാതാപിതാക്കളും കുടുംബവും സൂക്ഷ്മമായ അന്വേഷണം നടത്തി തങ്ങളുടെ സന്തതിക്കും കുടുംബത്തിനും തീര്‍ത്തും അനുയോജ്യമാണോ എന്നന്വേഷിക്കും. അവരുടെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തികരമാണെന്നു ബോധ്യമായെങ്കിലേ വിവാഹത്തിന് അവര്‍ സമ്മതം മൂളാറുള്ളൂ. അതുകൊണ്ട് തന്നെ പ്രസ്തുത ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അവര്‍ക്കും ഉത്തരവാദിത്വവും പങ്കുമുണ്ടാകും.
പഠനങ്ങള്‍ വെളിപ്പെടുത്തുന്നതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അംഗീകാരത്തോടെയുള്ള ദാമ്പത്യ ബന്ധങ്ങളുടെ ആയുസ്സുണ്ടാകില്ല അല്ലാതെയുള്ള ബന്ധങ്ങള്‍ക്കെന്നാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് എപ്സ്റ്റിന്‍ ഈ രണ്ട് ബന്ധങ്ങളുടെയും ഊഷ്മളതയെയും ദൈര്‍ഘ്യത്തെയും കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. പ്രണയ വിവാഹങ്ങളില്‍ മിക്കതിനും അല്‍പ്പായുസ്സാണെന്നും വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണ് നല്ലതെന്നുമാണ് എട്ട് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ അദ്ദേഹം കണ്ടെത്തിയത്. പ്രണയ വിവാഹങ്ങള്‍ പലതും അഭിനിവേശത്തിന്റെ പുറത്താണ് നടക്കുന്നത്. വിവാഹ ശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുകയും അകല്‍ച്ചയുണ്ടാകുകയും ചെയ്യുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളുടെ കാര്യം വ്യത്യസ്തമാണ്. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നിവയെല്ലാം പരിഗണിച്ചാണ് വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുന്നതെന്നതിനാല്‍ വിവാഹ ശേഷം പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
സ്വതന്ത്ര ലൈംഗികവാദം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് ആധുനിക സമൂഹത്തില്‍. സ്വതന്ത്ര ലൈംഗികതയെ പിന്തുണച്ച് ഒരു വിദ്യാര്‍ഥി സംഘടന കേരളത്തിലെ ക്യാമ്പസുകളിലുടനീളം പോസ്റ്ററുകള്‍ പതിച്ചത് അടുത്തിടെയാണ്. ഇഷ്ടപ്പെടുന്ന ആരുമായും വിലക്കുകളില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാഹചര്യമാണ് അവര്‍ക്കാവശ്യം. ഇതിന്റെ ഒരു പതിപ്പ് തന്നെയാണ് വിവാഹം കൂടാതെ ഒന്നിച്ചുള്ള ജീവിതവും. ഈ ബന്ധം കുറേ മുന്നോട്ടു പോകുമ്പോള്‍ രണ്ടിലൊരാള്‍ക്ക് മടുപ്പ് അനുഭവപ്പെട്ടാല്‍ അവര്‍ വേറെ ബന്ധങ്ങള്‍ അന്വേഷിക്കും. പുരുഷന്മാരാണ് കൂടുതലും ഇങ്ങനെ വഴിമാറിപ്പോകുന്നത്. അതോടെ സ്ത്രീ നിരാലംബയാകുന്നു. അവരുടെ ഭാവി അവതാളത്തിലാകുന്നു. കോടതി കയറിയ നവനീത് എന്‍ നാഥ്-അഭിഭാഷക കേസിന്റെ പശ്ചാത്തലം അതാണല്ലോ. അഭിഭാഷകയുമായുള്ള ബന്ധത്തില്‍ മടുപ്പ് വന്നപ്പോള്‍ നവനീത് പുതിയൊരു വിവാഹത്തിനൊരുങ്ങിയതോടെയാണ് അഭിഭാഷകക്ക് അയാള്‍ക്കെതിരെ ബലാത്സംഗം ആരോപിച്ച് കോടതിയെ സമീപിക്കേണ്ടി വന്നത്. സ്വതന്ത്ര ലൈംഗികതയുടെ ആത്യന്തിക നഷ്ടം സ്ത്രീകള്‍ക്കാണ്. അത്തരം വഴിവിട്ട ബന്ധങ്ങള്‍ക്ക് മുന്നിട്ടിറങ്ങാതെ മാന്യവും അംഗീകൃതവുമായ ബന്ധങ്ങള്‍ തിരഞ്ഞെടുക്കുകയാണ് അവരെ സംബന്ധിച്ചിടത്തോളം സുരക്ഷിത ജീവിതത്തിന് ഏറ്റവും നല്ലത്.