National
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് സമീപം സുരക്ഷാ സേന എത്തി; വെടിവെപ്പ്
അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് ഇവര്‍ക്ക് സമീപം സുരക്ഷാസേന എത്തിയത്

ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് ഇവര്‍ക്ക് സമീപം സുരക്ഷാസേന എത്തിയത്. ഒരിടത്ത് വെച്ച് സുരക്ഷ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു.
അനന്ത്നാഗ് ജില്ലയിലെ ഹാപാത്നാര്‍ ഗ്രാമത്തില്‍ വെച്ചാണ് സുരക്ഷാസേന ആദ്യം ഭീകരരുടെ സമീപമെത്തുന്നത്. രണ്ടാമതായി കുല്‍ഗാം വനമേഖലയില്‍ വെച്ചും സൈന്യം ഭീകരര്‍ക്ക് സമീപമെത്തി. ഇവിടെ വെച്ച് സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരരര്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാമതായി ത്രാല്‍ മലനിരകളില്‍ വെച്ചും സേന ഭീകരര്‍ക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നാലാമതായി കൊക്കെമാഗ് മേഖലയില്‍ വെച്ചാണ് സുരക്ഷാ സേന വീണ്ടും ഭീകരര്‍ക്ക് സമീപമെത്തുന്നത്. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരരെ പിടികൂടാന്‍ മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.