National
നാഗലാന്‍ഡില്‍ സുരക്ഷാ സേന 13 ഗ്രാമീണരെ വെടിവെച്ച് കൊന്നു; വന്‍ പ്രതിഷേധം
സംഭവത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്
ന്യൂഡല്‍ഹി | നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.മോന്‍ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം.
ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗ്രാമീണര്‍ വന്‍ പ്രതിഷേധത്തിലാണ്. സുരക്ഷാ സേനയുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാന്‍ പോലീസ് വെടിയുതിര്‍ത്തതായും വിവരമുണ്ട്.
നാഗാലാന്റിലെ സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി