National
പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച
പൂമാലായുമായി പാഞ്ഞടുത്തയാളെ പിടിച്ചുമാറ്റി
ബെംഗളൂരു | കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ, സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിർമിച്ച ബാരിക്കേഡ് ചാടിക്കടന്ന് കൗമാരക്കാരൻ മാലയുമായി പ്രധാനമന്ത്രിക്ക് നേരെ ഓടിയടുക്കുകയായിരുന്നു. വാഹനത്തിന് തൊട്ടടുത്ത് വെച്ച് ഇയാളെ എസ് പി ജി ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റി. അതിനിടെ, യുവാവിന്റെ കൈയിൽ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും കാറിന്റെ ബോണറ്റിൽ വെക്കുകയും ചെയ്തു.
ഇന്നലെ നാഷനൽ യൂത്ത് ഫെസ്റ്റിവെലിന്റെ 26ാം പതിപ്പ് ഉദ്ഘാടനം ചെയ്യാൻ ഹുബ്ബള്ളി- ധർവാദ് റെയിൽവേ സ്പോർട്സ് മൈതാനത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ പിന്നീട് ലോക്കൽ പോലീസിന് കൈമാറി. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിലുണ്ടായ വീഴ്ച അവലോകനം ചെയ്യുമെന്ന് കർണാടക പോലീസ് അറിയിച്ചു. എസ് പി ജിയും ഇക്കാര്യത്തിൽ അന്വേഷണം നടത്തും.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹുബ്ബള്ളി- ധർവാദ് പോലീസ് കമ്മീഷണർ പറഞ്ഞു. മോദിക്കു നേരെ പാഞ്ഞടുത്ത പതിനഞ്ചുകാരൻ ബി ജെ പി അനുഭാവിയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഡി സി പി (ക്രൈം) ഗോപാൽ ബ്യാകോദ് പറഞ്ഞു.