From the print
ഇ കെ വിഭാഗത്തിലെ "വിമത പ്രവർത്തനം' ഒരു തരത്തിലും ബാധിച്ചിട്ടില്ല: മുസ്‌ലിം ലീഗ്
ഇവരുടെ വോട്ട് മറിക്കല്‍ പ്രവൃത്തി തീരെ ഏശിയിട്ടില്ലെന്നും ഈ പ്രവര്‍ത്തനം കാരണം ലീഗ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ അപ്രതീക്ഷിത വോട്ടുകള്‍ സമാഹരിക്കാനായെന്നും ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി.
മലപ്പുറം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ഇ കെ വിഭാഗത്തിലെ വിമത പ്രവര്‍ത്തനം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. ഇവരുടെ വോട്ട് മറിക്കല്‍ പ്രവൃത്തി തീരെ ഏശിയിട്ടില്ലെന്നും ഈ പ്രവര്‍ത്തനം കാരണം ലീഗ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ അപ്രതീക്ഷിത വോട്ടുകള്‍ സമാഹരിക്കാനായെന്നുമാണ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകന യോഗം ഒരു ലക്ഷത്തില്‍പ്പരം ഭൂരിപക്ഷത്തിന് പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയും രണ്ട് ലക്ഷം ഭൂരിപക്ഷത്തിന് മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വിജയിക്കുമെന്ന് വിലയിരുത്തി.
ബൂത്ത് തലത്തില്‍ റിപോര്‍ട്ട് തയ്യാറാക്കാന്‍ നേരത്തേ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വിലയിരുത്തല്‍. ലീഗിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ കൃത്യമായ പോളിംഗ് നടന്നിട്ടുണ്ട്. പൊന്നാനിയില്‍ ചെറിയ തോതില്‍ ഭൂരിപക്ഷം കുറയും. എന്നാല്‍, അത് ഇ കെ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൊണ്ടല്ലെന്നും മറ്റ് കാരണങ്ങളാലാണെന്നുമാണ് ലീഗ് വിലയിരുത്തിയത്. മലപ്പുറത്ത് ഈ പ്രവര്‍ത്തനം ഒരു ശതമാനം പോലും ബാധിച്ചിട്ടില്ലെന്നുമാണ് വിലയിരുത്തിയത്.
ഇ കെ വിഭാഗത്തിലെ ഒരു പക്ഷം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. താഴേത്തതട്ടില്‍ വോട്ട് മറിക്കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നാണ് ആരോപണം. ഇതോടെ ലീഗ് അണികള്‍ ഇ കെ വിഭാഗം പ്രാദേശിക നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ലീഗിന്റെ ആനൂകല്യങ്ങളെല്ലാം കൈപ്പറ്റിയ ശേഷം ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ് ഇ കെ വിഭാഗത്തിനെതിരെ സാമൂഹികമാധ്യങ്ങളിലൂടെ കടുത്ത വിമര്‍ശം ഉന്നയിച്ചുള്ള ശബ്ദ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി.
ഞങ്ങള്‍ പടുത്തുയര്‍ത്തിയ മഹല്ലുകളില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ നേരിടാന്‍ ഞങ്ങള്‍ക്കറിയാമെന്നും കുത്തിത്തിരുപ്പുകാരെ കൈകാര്യം ചെയ്യണമെന്നതടക്കമുള്ള ഭീഷണി സ്വരത്തിലുള്ള ഓഡിയോ സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ലീഗ് പ്രവര്‍ത്തകരും ഇ കെ വിഭാഗം പ്രാദേശിക നേതാക്കളും തമ്മില്‍ പലയിടങ്ങളിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇ കെ വിഭാഗം നേതാക്കള്‍ക്കെതിരെ മോശമായാ പ്രതികരണം നടത്തുന്നത് ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.