UP Election 2022
അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതിയ സ്വാമിയെ തേടുന്നു; യു പിയില്‍ കൊഴിഞ്ഞുപോക്കിന് തുടക്കമിട്ട മന്ത്രിയെ ലക്ഷ്യമിട്ട് ബി ജെ പി
'തന്റെ പരമ്പരാഗത സീറ്റില്‍ നിന്നുപോലും മത്സരിക്കാന്‍ അദ്ദേഹത്തിന് പേടിയാണ്'
ലക്‌നോ | യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് എം എല്‍ എമാരടക്കം എസ് പിയിസലേക്ക് കൂട്ടപ്പലായനത്തിന് തുടക്കമിട്ട സ്വാമിപ്രസാദ് മൗര്യയെ തന്നെ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. മൂന്ന് മന്ത്രിമാരടക്കം 15ഓളം എം എല്‍ എമാരായിരുന്നു ബി ജെ പിയുള്‍പ്പെടെ എന്‍ ഡി എ കക്ഷികളില്‍ നിന്നും മറ്റ് പാര്‍ട്ടികളിലേക്ക് മാറിയത്. പാര്‍ട്ടി വിട്ടവരില്‍ ഏറെയും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കളായതിനാല്‍ കടുത്ത വെല്ലുവിളിയാണ് ബി ജെ പി ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗത്ത് നേരിടുന്നത്. ഈ സാഹചര്യത്തില്‍ സ്വാമി പ്രസാദ് മൗര്യയെ തന്നെ ലക്ഷ്യമിട്ടാണ് ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും സ്വാമി പ്രസാദ് മൗര്യ പുതിയ സ്വാമിയെ തേടുന്നു. തന്റെ പരമ്പരാഗത സീറ്റില്‍ നിന്നുപോലും മത്സരിക്കാന്‍ അദ്ദേഹത്തിന് പേടിയാണ്. തോല്‍വി ഭയത്താലാണ് മൗര്യ തന്റെ മണ്ഡലം തന്നെ വിട്ടുപോകാന്‍ തയ്യാറാകുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
മൗര്യയെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയേയും അഖിലേഷ് യാദവിനേയും പരിഹസിക്കാന്‍ താക്കൂര്‍ മറന്നില്ല. കൂടുതല്‍ ആളുകള്‍ തോല്‍വി ഭയന്ന് തങ്ങളുടെ മണ്ഡലം വിട്ട് പോയിട്ടുണ്ട്. രാഹുല്‍ അമേത്തി വിട്ടു. ആഖിലേഷ് യാദവ് സ്വന്തം മണ്ഡലം വിട്ടു. ഇപ്പോള്‍ സ്വാമി പ്രസാദ് മൗര്യയും തന്റെ മണ്ഡലത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയാണ്. അദ്ദേഹത്തിന്റെ പരാജയം സുനിശ്ചിതമാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
എന്നാല്‍, ആര്‍ പി എന്‍ സിംഗ് പദ്രുവാനയില്‍ നിന്നും തനിക്കെതിരെ മത്സരിക്കുന്നതിനാലാണ് അവിടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവാത്തത് എന്ന വാര്‍ത്തകളെ സ്വാമി പ്രസാദ് മൗര്യ തള്ളിക്കളഞ്ഞു. ആര്‍ പി എന്‍ സിംഗാണ് എതിരായി മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തേക്കാള്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി വേറെയുണ്ടാവില്ലെന്ന് മൗര്യ പറഞ്ഞു. ആര്‍ പി എന്‍ സിംഗ് ഒരു എതിരാളിയായിരുന്നില്ലെന്നും ഇനിയൊട്ട് ആവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.