Connect with us

Travelogue

മരണ ഗോപുരത്തിന് മുകളിൽ നിന്ന് കാണുമ്പോൾ...

ഇസ്്ലാമിക വാസ്തുവിദ്യാ കലകളിലെ മിനാരങ്ങൾക്ക് ഒരുപാട് പറയാനുണ്ട്. ഇലാഹി ഏകത്വത്തിന്റെ അതിവിശാലമായ വിളംബരമാണ് ഓരോ മിനാരവും അടയാളപ്പെടുത്തുന്നത്. കെട്ടിടങ്ങളോട് കൂട്ടി ച്ചേർക്കാതെയുള്ള മിനാര നിർമാണം ഉസ്‌ബെക്ക് ശൈലിയാണ്. കേരളത്തിൽ ആ മാതൃകയിൽ ഒന്നുള്ളത് ബുഖാറ സയ്യിദന്മാർ ആദ്യമായി വന്ന വളപട്ടണം കക്കുളങ്ങര പള്ളിയിലാണ്. അവിടെ മിനാരം നിർമിച്ചത് മസ്ജിദിനു പുറത്താണ്.

Published

|

Last Updated

പല നാടുകളിലെയും ഉയരം കൂടിയ ഗോപുരങ്ങളിൽ കഴിഞ്ഞകാല യാത്രക്കിടയിൽ കയറാൻ കഴിഞ്ഞിട്ടുണ്ട്. ഡൽഹി ജമാ മസ്ജിദിലെ ടവർ, മലേഷ്യയിലെ പെട്രോണാസ് ഇരട്ട ഗോപുരം, വിശുദ്ധ മക്കയിലെ ക്ലോക്ക് ടവർ, നേപ്പാൾ തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിലെ ധരഹരാ ടവർ എന്നിവയെല്ലാം അതിൽ ചിലത് മാത്രം. ധരഹരാ ടവർ സന്ദർശിച്ചു വന്നു അൽപ്പം മാസങ്ങൾക്ക് ശേഷം നേപ്പാളിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ അത് പൂർണമായി തകർന്നടിഞ്ഞുവെന്നത് ഒരു ചെറു നടുക്കത്തോടെയാണ് കേട്ടത്. ലക്ഷദ്വീപിലെ ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി വിഗഹ വീക്ഷണം നടത്തുന്നത് സഞ്ചാരികൾക്ക് വളരെയധികം കൗതുകം തീർക്കും. അങ്ങ് ദൂരെ സമുദ്രത്തിലെ ഓളങ്ങൾക്ക് ഒപ്പം ഒഴുകുന്ന കപ്പലുകളും മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളുമൊക്കെ വിദൂരതയിൽ നമുക്ക് അത്ഭുതങ്ങൾ തീർക്കും.

“പൊയി കലന്റെ’ ഒരു ഭാഗമാണ് “കലൻ മിനാർ’. വലിയ മിനാരമെന്ന് അർഥം. മരണ ഗോപുരമെന്നും ഈ ടവറിനെ ചരിത്രത്തിൽ പരിചയപ്പെടുത്തിയതായി കാണാം. അതിഭീകരരായ ക്രിമിനലുകളെ ഇതിനു മുകളിൽ നിന്നും താഴേക്കെറിഞ്ഞു കൊല്ലാറുണ്ടത്രേ! മിർ അറബ് മദ്റസയിൽ നിന്നിറങ്ങി മിനാരത്തിന്റെ മുകളിലേക്ക് നോക്കുമ്പോൾ സൂര്യൻ നന്നായി കത്തിജ്ജ്വലിച്ചു നിൽക്കുന്നുണ്ട്. തന്റെ പടയോട്ടത്തിൽ മുസ്്ലിം ചിഹ്നങ്ങൾ പലതും നശിപ്പിച്ചുവെങ്കിലും ഈ മിനാരത്തിൽ ചെങ്കിസ്ഖാൻ പ്രത്യേകം താത്പര്യം കാണിച്ചു കൊണ്ട് മാത്രം ബാക്കിയാക്കുകയായിരുന്നത്രെ. പൊതു സന്ദർശനം മിനാരത്തിനുള്ളിലേക്ക് വിലക്കിയതാണ്. ഞങ്ങളുടെ ആതിഥേയർ ആദ്യമേ ഉള്ളിൽ കയറാനുള്ള പെർമിഷൻ വാങ്ങി വെച്ചിരുന്നു. സ്വാധീനം ചെലുത്തുന്ന വ്യക്തികളോടൊപ്പമുള്ള യാത്രയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് വിലക്കേർപ്പെടുത്തിയ പലയിടങ്ങളിലേക്കും ഔദ്യോഗിക ഭാവത്തിൽ കടന്നുചെല്ലാമെന്നതാണ്.

ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതും പിരി പിരിയായുള്ള ഗോവണിയും കുത്തനെയുള്ള ആകൃതിയും ആരെയും അൽപ്പ നേരത്തേക്കെങ്കിലും ഭയപ്പെടുത്തുന്നതായിരിക്കും. പരിഭ്രമിപ്പിക്കുന്ന ആരോഹണമാണെങ്കിലും എത്തിച്ചേർന്നാൽ ലഭിക്കുന്ന കാഴ്ചയിലാണല്ലോ ഏവരുടെയും ശ്രദ്ധ. ഒരു നഗരത്തിന്റെ ഏറ്റവും നല്ല കാഴ്ച ആ നഗരത്തെ മുകളിൽ നിന്ന് നോക്കുമ്പോഴുള്ള കാഴ്ചയിലാണല്ലോ!. ഞങ്ങളെല്ലാവരും മിനാരം കയറിത്തുടങ്ങി. ആദ്യമൊരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കയറി പിന്നീടാണ് ആരോഹണം ആരംഭിക്കുന്നത്. ഒന്നൊന്നായി എന്നാൽ അധികം അടുപ്പം കാണിക്കാതെയാണ് എല്ലാവരും ഗോവണി കയറിയത്. ഇത്തരം വളഞ്ഞ ഗോവണികൾ കയറുന്ന ചിത്രങ്ങൾ ഞാൻ യാത്രകൾക്ക് ശേഷം പ്രിയപ്പെട്ട മാതാവിന് കാണിച്ചു കൊടുക്കുമ്പോൾ ഉമ്മ എന്നോട് 1980 കളിൽ ഖുതുബ് മിനാറിൽ നടന്ന ദുരന്തത്തെ കുറിച്ച് എപ്പോഴും ഓർമിപ്പിക്കും. അന്ന് നാൽപ്പത്തഞ്ചോളം ആളുകളായിരുന്നു കൊല്ലപ്പെട്ടത്. ഭൂരിപക്ഷവും സ്‌കൂൾ വിദ്യാർഥികൾ. 2016ൽ ഉമ്മയെയും കൂട്ടി ഡൽഹിയിലെ ഖുതുബ് മിനാറിന്റെ മുന്നിലേക്ക് കൂട്ടി ക്കൊണ്ട് പോയപ്പോൾ ആ പഴയ വാർത്ത കേട്ടപ്പോഴുണ്ടായ വൈകാരിക വിക്ഷോഭം വീണ്ടും ഉമ്മയിൽ ഉണ്ടായത് ഞാനിപ്പോഴും ഓർക്കുന്നു. ഇപ്പോൾ ബുഖാറയിലെ ഗോവണികൾ കയറുമ്പോഴും ഉമ്മയുടെ ആ മുഖഭാവമായിരുന്നു എന്റെ മനസ്സിലേക്ക് ഓടി വന്നത്.

മുകളിലേക്കെത്തിയപ്പോളുണ്ടായ കാഴ്ച അതിമനോഹരമായിരുന്നു. പഴയ ബുഖാറ നഗരം മുഴുവനായും നമ്മുടെ മുന്നിൽ അനാവരണം ചെയ്തു വന്നു. ഒരു വശത്ത് മസ്ജിദ് കലാൻ, മറുവശത്ത് ബുഖാറ ആർക്ക്, വേറൊരു ഭാഗം മിർ അറബ് മദ്റസ. ഇവകളുടെയൊക്കെ മുകളിലുള്ള ഖുബ്ബകളുടെ കാഴ്ചയും അവർണനീയമാണ്. എല്ലാവരും ഒരു സ്‌പോർട്‌സ് മാൻ സ്പിരിറ്റോട് കൂടെ തന്നെയാണ് ഇത്തരം കയറലുകളും അവിടെയുള്ള നിമിഷങ്ങളും ചെലവഴിച്ചത്. അതിനു ചാലിയം കരീം ഹാജിയെ പോലുള്ളവർ തന്നെ മുന്നിൽ നിന്ന് നേതൃത്വം നൽകി. അൻപതോളം മീറ്റർ ഉയരമുള്ള മിനാരം പല സമയങ്ങളിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ബാങ്ക് കൊടുക്കാനുള്ള ഗോപുരമായി, ഒബ്‌സർവേഷൻ ടവറായി, ക്രിമിനലുകളെ നശിപ്പിക്കാനുള്ള മരണ ഗോപുരമായി ഇങ്ങനെ പല വിധേനയും ഈ ഗോപുരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഖുബ്ബകൾക്ക് പുറമെ ചെറിയ രീതിയിലുള്ള ഖുബ്ബകളും എടുപ്പുകളും ധാരാളമായി കാണാൻ കഴിയുന്നുണ്ട്. അതിൽ കുറെയൊക്കെ നശിച്ചിട്ടുണ്ട്. ഖുബ്ബകളിൽ തന്നെ ചിലതിന്റെ പിഞ്ഞാണപ്പണികൾ അടർന്നു പോയിട്ടുണ്ട്. ഉയരത്തിൽ കയറി നോക്കുമ്പോഴാണ് ശരിയാം വിധം കാണാൻ കഴിഞ്ഞത്.

ഇസ്്ലാമിക വാസ്തുവിദ്യാ കലകളിലെ മിനാരങ്ങൾക്ക് ഒരുപാട് പറയാനുണ്ട്. ഇലാഹി ഏകത്വത്തിന്റെ അതിവിശാലമായ വിളംബരമാണ് ഓരോ മിനാരവും പറയുന്നത്. കെട്ടിടങ്ങളോട് കൂട്ടിച്ചേർക്കാതെയുള്ള മിനാര നിർമാണം ഉസ്‌ബെക്ക് ശൈലിയാണ്. കേരളത്തിൽ ആ മാതൃകയിൽ ഒന്നുള്ളത് ബുഖാറ സയ്യിദന്മാർ ആദ്യമായി വന്ന വളപട്ടണം കക്കുളങ്ങര പള്ളിയിലാണ്. അവിടെ മിനാരം നിർമിച്ചത് മസ്ജിദിനു പുറത്താണ്. ഡൽഹി മെഹ്‌റോളിയിലെ ഖുവ്വത്തുൽ ഇസ്്ലാം മസ്ജിദിന്റെ മിനാരമാണല്ലോ ഖുതുബ് മിനാർ! ശക്തമായ വെയിലും കാറ്റും ഞങ്ങളെ മിനാരത്തിനു മുകളിൽ നിന്നും പിടികൂടി. എല്ലാവരും സൺ ഗ്ലാസ് ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമായി തോന്നിയ നിമിഷങ്ങൾ. ആസ്വാദനം ഏറെയാകുന്നുണ്ടെന്ന് തോന്നുമ്പോൾ യാത്രാ സംഘത്തെ നയിക്കുന്ന ഹകീം അസ്ഹരി ഉസ്താദ് ഉടൻ കടിഞ്ഞാണിടും. ലക്ഷ്യത്തിലേക്കുള്ള പാതയിലെ ചെറു കാഴ്ചകളിൽ അഭിരമിച്ചു കൊണ്ട് യഥാർഥ സത്ത കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയുള്ള ഒരു മുൻകരുതൽ എന്ന പോലെ.