Connect with us

International

റഷ്യ ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിച്ചുവെന്ന് സെലന്‍സ്‌കി; ജൈവായുധ ആക്രമണത്തിന് സാധ്യതയെന്ന് നാറ്റോ

സെലന്‍സ്‌കിയുടെ വീഡിയോ സന്ദേശം ആദ്യമായി ഇംഗ്ലീഷില്‍. യുക്രെെനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആഹ്വാനം

Published

|

Last Updated

കീവ് | യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതായി പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ഫോസ്ഫറസ് ബോംബ് വളരെ അപകടകാരിയാണെന്നും ആരെങ്കിലും അതിന്റെ പിടിയില്‍ അകപ്പെട്ടാല്‍, അവര്‍ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതെന്നും ഈ ആക്രമണത്തില്‍ നിരവധി മുതിര്‍ന്നവരും കുട്ടികളും കൊല്ലപ്പെട്ടെന്നും സെലന്‍സ്‌കി പറഞ്ഞു. നാറ്റോയില്‍ നിന്നുള്ള സൈനിക സഹായവും അദ്ദേഹം തേടി.

അതിനിടെ, പ്രസിഡന്റ് സെലന്‍സ്‌കിയുടെ വീഡിയോ സന്ദേശം ആദ്യമായി ഇംഗ്ലീഷില്‍ പുറത്തിറങ്ങി. ഇതില്‍ യുക്രെെനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അദ്ദേഹം ലോകജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവരും ചേര്‍ന്ന് റഷ്യയെ തടയണമെന്നും ലോകം ഈ യുദ്ധം അവസാനിപ്പിക്കണമെന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുദ്ധസമയത്ത് റഷ്യ ജൈവായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. റഷ്യ ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിട്ടേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം പൂര്‍ത്തിയാകുകയാണ്. യുക്രൈനിലെ പ്രധാന നഗരങ്ങളും ടിവി ടവറുകളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്.

Latest