Connect with us

Uae

ദുബൈയില്‍ സെല്‍ഫ് ഡ്രൈവിംഗ് അബ്ര 2027ല്‍

സെല്‍ഫ് ഡ്രൈവിംഗ് അബ്രയുടെ അഞ്ചാം ഘട്ട ടെസ്റ്റുകള്‍ ഈ വര്‍ഷം ആരംഭിക്കും.

Published

|

Last Updated

ദുബൈ | ദുബൈ ജലാശയങ്ങളില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന സ്വയം ഓടുന്ന അബ്ര 2027-ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നൂതന സംവിധാനങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ചുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയാണ് ഇവ പ്രവര്‍ത്തിച്ചു തുടങ്ങുകയെന്ന് പൊതുഗതാഗത സംവിധാനങ്ങളുടെ ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അബ്രകളുടെ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും അവ ഇലക്ട്രിക്കിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലും വലിയ മുന്നേറ്റം ഇതിനകം നടത്തി.

സെല്‍ഫ് ഡ്രൈവിംഗ് അബ്രയുടെ അഞ്ചാം ഘട്ട ടെസ്റ്റുകള്‍ ഈ വര്‍ഷം ആരംഭിക്കും. പൂര്‍ണമായും യാന്ത്രികമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നത് പരിശോധിക്കുന്ന ഘട്ടമാണ്. 2026-ന്റെ അവസാനത്തിലോ 2027-ന്റെ തുടക്കത്തിലോ പാസഞ്ചര്‍ സര്‍വീസ് ഔദ്യോഗിക സമാരംഭത്തിന് തയ്യാറാവും. തുടക്കത്തില്‍ നിര്‍ദിഷ്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുമെന്നും പിന്നീട് ക്രമേണ അത് വര്‍ധിപ്പിച്ച് കൂടുതല്‍ റൂട്ടുകള്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെല്‍ഫ്-ഡ്രൈവിംഗ് അബ്ര സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ തിരഞ്ഞെടുത്ത പങ്കാളികളുമായി സഹകരിച്ച് ഇതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കും. എന്നാല്‍ സെല്‍ഫ് ഡ്രൈവിംഗ് മാരിടൈം ട്രാന്‍സ്പോര്‍ട്ട് വികസനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അഭാവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം കമ്പനികളുടെയും ശ്രദ്ധയും മത്സരവും സെല്‍ഫ്-ഡ്രൈവിംഗ് ടാക്സികള്‍ വികസിപ്പിക്കുന്നതിലാണ്.

കാര്‍ബണ്‍ പുറന്തള്ളല്‍, പ്രവര്‍ത്തന ചെലവ്, പരിപാലന ചെലവ്, ശബ്ദം എന്നിവ കുറയ്ക്കുക എന്നതാണ് സെല്‍ഫ്-ഡ്രൈവിംഗ് അബ്രയുടെ സവിശേഷത. ഏഴ് നോട്ട് വേഗതയില്‍ എത്തുന്ന സെല്‍ഫ്-ഡ്രൈവിംഗ് കണ്‍ട്രോള്‍ സിസ്റ്റവും ഏഴ് മണിക്കൂറോളം അബ്ര പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള നാല് ലിഥിയം ബാറ്ററികളും ഇതിനുണ്ടാവും. ഫൈബര്‍ഗ്ലാസ് കൊണ്ട് നിര്‍മിച്ചതിനാല്‍ ഭാരം കുറവുമായിരിക്കും.