Uae
ദുബൈയിൽ സ്വയം ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത വർഷം
2030-ഓടെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം ഡ്രൈവിംഗ് ആക്കി മാറ്റാനുള്ള ഗതാഗത തന്ത്രത്തിന്റെ ഭാഗമാണിത്.

ദുബൈ|ദുബൈയിൽ 2026-ഓടെ സ്വയം ഡ്രൈവിംഗ് ടാക്‌സികൾ നിരത്തിലിറങ്ങും. റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ഊബർ ടെക്നോളജീസ്, വീറൈഡ്, ബൈഡുവിന്റെ അപ്പോളോ ഗോ എന്നിവയുമായി സഹകരിച്ചാണ് സ്വയം ഡ്രൈവിംഗ് വാഹനങ്ങൾ (എ വികൾ) വിന്യസിക്കുക. 2030-ഓടെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം ഡ്രൈവിംഗ് ആക്കി മാറ്റാനുള്ള ഗതാഗത തന്ത്രത്തിന്റെ ഭാഗമാണിത്.
പൊതുഗതാഗതത്തിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തി സ്വയം ഡ്രൈവിംഗ് ടാക്‌സികൾ ഗതാഗത സംവിധാനങ്ങളുടെ സംയോജനം വർധിപ്പിക്കും. 2025-ൽ സുരക്ഷാ ഡ്രൈവർമാരോടുകൂടിയ പരീക്ഷണങ്ങൾ ആരംഭിക്കും. 2026-ൽ പൂർണമായി ഡ്രൈവർ ഇല്ലാതെ സർവീസ് നടത്തും. അപ്പോളോ ഗോയുടെ പൂർണ ഡ്രൈവർ രഹിത പ്രവർത്തനങ്ങളും വീറൈഡിന്റെ നൂതന സാങ്കേതികവിദ്യയും ഊബറിന്റെ ആഗോള പ്ലാറ്റ്ഫോമുമായി ചേർന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മൊബിലിറ്റി പരിവർത്തനം ചെയ്യും.
ചൈനയിൽ 150 ദശലക്ഷം കിലോമീറ്ററിലധികം സ്വയം ഡ്രൈവിംഗ് നടത്തിയ സ്ഥാപനമാണ് അപ്പോളോ ഗോ. ഊബറും വീറൈഡും അവരുടെ സാങ്കേതികവിദ്യകൾ വിന്യസിച്ച് ദുബൈ റോഡുകളിൽ മികച്ച ഗതാഗത പരിഹാരം നൽകും. മനുഷ്യ പിഴവ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഈ വാഹനങ്ങൾ 90 ശതമാനത്തിലധികം കുറക്കുകയും മുതിർന്നവർ, പ്രത്യേക ആവശ്യക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളെ മികച്ച രീതിയിൽ സേവിക്കുകയും ചെയ്യുന്നാതാണ് ഇവയെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബൈയുടെ ദർശനത്തെ പിന്തുണക്കുകയും ഗതാഗത സുരക്ഷ, സുസ്ഥിരത, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതുമാണ് ഈ സംരംഭം.