Connect with us

Cover Story

ആദിവാസി ഊരുകളിലെ സ്വാശ്രയ പാഠങ്ങൾ

കേവലം പ്രഖ്യാപനങ്ങൾക്കപ്പുറം ജീവിത യാഥാർഥ്യങ്ങളെ ശരിയാംവണ്ണം ഉൾക്കൊണ്ടു കൊണ്ട് അറിവും തൊഴിലും നേടിയാണ് സ്ത്രീ ശക്തയാകേണ്ടത്. തമിഴ്നാട്ടിലെ ആദിവാസി ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ ജീവിതം സേവനമാക്കിയ ബിന്ദു ഗൗരിയുടെ ജീവിത കഥ ഈ തിരിച്ചറിവാണ്. അപരിഷ്കൃതരായ ആദിവാസി സ്ത്രീകൾക്കൊപ്പം നടന്ന് അവരെ ചേർത്ത് പിടിച്ച് പുതിയൊരു ജീവിത സാഹചര്യത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇവർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പുതു തലമുറക്ക് പ്രചോദനമാകണം.

Published

|

Last Updated

ഞാൻ വിത്തിട്ടു പോകാൻ ഒരുങ്ങുന്നു. വിത്തുകൾ തുടർന്നും വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ ചുമതലയാണ്. ആരും രക്ഷകനെ പ്രതീക്ഷിക്കേണ്ട. നിങ്ങൾ തന്നെയാണ് രക്ഷകർ -പ്രൊഫ. ജോൺ സി ജേക്കബ്

കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ അഭിവന്ദ്യ നേതാവ് ജോൺ സി ജേക്കബിന്റെ ജീവിത ദർശനം മനസ്സാ വരിച്ച് പ്രകൃതിയെ സ്നേഹിക്കുക മാത്രമല്ല അതിന്റെ വഴികളിലൂടെ ഒരുപാട് ജീവിതങ്ങളെ പടുത്തുയർത്താൻ മുന്നിട്ടിറങ്ങി സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്ന ബിന്ദു ഗൗരിയുടെ ജീവിത യാത്ര ഈ വനിതാ ദിനത്തിൽ ഏറെ പ്രസക്തമാകുന്നു. സ്ത്രീ ശാക്തികരണത്തിൽ പുത്തൻ വിജയഗാഥ രചിക്കുന്ന കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത രാമന്തളി സ്വദേശിനിയായ ബിന്ദു ഗൗരിയുടെ ജീവിതപാത അങ്ങ് നീണ്ട് എത്തിനിൽക്കുന്നത് തമിഴ്നാട്ടിലെ ആദിവാസി മേഖലകളിലെ സ്ത്രീകളുടെ സ്വയം പര്യാപ്തത എന്ന സ്വപ്ന നേട്ടത്തിലാണ്. തൊഴിൽ മേഖലകളിൽ മുന്നേറിക്കൊണ്ടാണ് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടതെന്ന നിലപാടുകാരിയാണ് ബിന്ദു ഗൗരി.

കേവലം പ്രഖ്യാപനങ്ങൾക്കപ്പുറം ജീവിത യാഥാർഥ്യങ്ങളെ ശരിയാംവണ്ണം ഉൾക്കൊണ്ടു കൊണ്ട് അറിവും തൊഴിലും നേടിയാണ് സ്ത്രീ ശക്തയാകേണ്ടതെന്ന തിരിച്ചറിവിൽ തമിഴ്നാട്ടിലെ ആദിവാസി ഗ്രാമങ്ങൾ സ്വയംപര്യാപ്തമാക്കുന്നതിൽ ജീവിതം സേവനമാക്കിയ ബിന്ദു ഗൗരിയുടെ ജീവിത കഥ.


ആദിവാസി സ്ത്രീകൾക്ക്
അഗ്രി ബിസിനസ് സ്കൂൾ

ആദിവാസി ഗ്രാമങ്ങളിൽ ജൈവക്യഷിയിലൂടെയും ചെറുധാന്യങ്ങളുടെ കൃഷിയിലൂടെയും ആദിവാസി സ്ത്രീകൾക്ക് സ്വാശ്രയത്തിന്റെ നല്ല പാഠങ്ങൾ പകർന്ന് നൽകി സ്ത്രീ ശാക്തീകരണത്തിലൂടെ അവരെ സ്വയം പര്യാപ്തമാക്കുക എന്ന ആശയമായിരുന്നു അഗ്രി ബിസിനസ് സ്കൂൾ.

കർഷകരെയും കർഷക സ്ത്രീകളെയും കൃഷിയിലും കൃഷിയിൽനിന്ന് ഉത്പന്നങ്ങളുണ്ടാക്കുന്നതിലും സഹായിക്കുകയാണ് കോയമ്പത്തൂരിലെ അഗ്രിബിസിനസ് സ്കൂൾ. ചെറുധാധ്യങ്ങളുടെ കൃഷിയിലും അതിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിലും കർഷകർക്ക് മാർഗനിർദേശം നൽകുന്നു. ഒപ്പം ആദിവാസി സ്ത്രീകൾക്ക് അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പരിശീലനവുമുണ്ട്. “ട്രൈബൽ ട്രഷേഴ്സ്’ എന്ന പേരിൽ ബ്രാൻഡ് നെയിം ഉണ്ടാക്കി ആദിവാസികളുടെ ഉത്പന്നങ്ങൾ മികച്ച പാക്കിങ്ങോടെ വിപണിയിൽ നേരിട്ടെത്തിക്കാനും ബിന്ദു ഗൗരി സഹായിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത ആദിവാസികളെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു മോചിപ്പിച്ച് ആവശ്യക്കാർക്ക് ഉത്പന്നം നേരിട്ടെത്തിക്കുന്നു.
മേട്ടുപ്പാളയം, കാരമടൈ എന്നീ സ്ഥലങ്ങൾക്ക് സമീപമുള്ള പതിനഞ്ച് ആദിവാസി ഗ്രാമങ്ങളിലാണ് ബിന്ദു ഗൗരിയുടെ പ്രവർത്തനം. ഓരോ ഊരിൽനിന്നും പത്ത് സ്ത്രീകളെ വീതം തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. സാലവേമ്പ്, ഭഗവതി അമ്മൻ കോവിൽ, ഇരുളർപതി, ജമ്പുകണ്ടി, സെങ്കുട്ടയൂർ, മേൽ ബാവിയൂർ, ഗൊപ്പനാരി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളാണിവ. ഗൊപ്പനാരി അട്ടപ്പാടിയിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ്. ഇവരിൽ പലരും ദിവസക്കൂലിക്ക് തോട്ടം പണിക്ക് പോകുന്നവരാണ്. പുരുഷന്മാർക്ക് 200 രൂപയും സ്ത്രീകൾക്ക് 150 രൂപയും മാത്രമാണ് തോട്ടങ്ങളിൽ കൂലി. ഭക്ഷണമൊന്നും പണിസ്ഥലത്തുനിന്നു കിട്ടില്ല.


കലർപ്പില്ലാത്ത കാടിന്റെ രുചി പോയകാലത്തിന്റെ ഭക്ഷ്യധാന്യങ്ങളായിരുന്ന ചാമ, തിന, വരക്, കമ്പം, മുത്താറി, മണിച്ചോളം തുടങ്ങിയവ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ബിന്ദു ഗൗരി. പരിശീലനം വഴി മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലുണ്ടാക്കി വിപണിയിലെത്തിക്കാൻ ആദിവാസി സ്ത്രീകൾക്ക് കഴിയുന്നു. അവരുണ്ടാക്കുന്ന മരുന്നുകളും വിഭവങ്ങളും ശാസ്ത്രീയമായി തയ്യാറാക്കി നല്ല പാക്കിങ്ങിൽ പുറത്തിറക്കാനുള്ള പരിശീലനം കൂടി അഗ്രിബിസിനസ് സ്കൂളിൽ നൽകുന്നു.

തമിഴ്നാട്ടിലെയും കർണാടകയിലെയും ഗ്രാമങ്ങളിലൂടെയുള്ള ധാരാളം യാത്രകൾ അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളുടെ പ്രസക്തി വീണ്ടും സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ബിന്ദുവിന് സമ്മാനിച്ചത്. ഏതാണ്ടെല്ലാ കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ചെറുധാന്യങ്ങൾക്കുണ്ട്. ചെറുധാന്യങ്ങൾ ഇന്ത്യയുടെ ഏതു കോണിലും വളരും. പ്രമേഹ രോഗികൾക്കും നല്ല ആഹാരമാണത്.

പട്ടിണി മാറ്റാനായി സർക്കാർ കുറഞ്ഞ വിലയ്ക്ക് അരി നൽകാൻ തുടങ്ങിയപ്പോൾ നമ്മുടെ ഇടയിൽ നിന്ന് ചെറുധാന്യങ്ങൾക്ക് പ്രാധാന്യമുള്ള ഭക്ഷണം ഒഴിവാക്കപ്പെടുകയാണെന്ന് ബിന്ദു ഗൗരി പറയുന്നു. ആദിവാസിജനതയെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചപ്പോൾ അവരുടെതായ ഭക്ഷ്യസംസ്കാരവും അവരുടെ ആരോഗ്യവും നഷ്ടപ്പെട്ടു. ആദിവാസി ഊരുകളിലെ ശിശുമരണനിരക്ക് വാർത്തയായപ്പോൾ അവരുടെ ഭക്ഷണരീതിയും അതിന്റെ മേന്മയും ചർച്ചയായി. അവർക്ക് ശീലമുള്ള ചെറുധാന്യങ്ങൾ അവരെക്കൊണ്ടുതന്നെ കൃഷിചെയ്യിക്കാനും അധികമുള്ള വിളവ് അവരുടെ സ്ത്രീകളെക്കൊണ്ടുതന്നെ മൂല്യവർധിത ഉത്പന്നങ്ങളാക്കി ഇടനിലക്കാരില്ലാതെ വിൽക്കാനുമുള്ള പദ്ധതിക്ക് ബിന്ദു ഗൗരി രൂപം നൽകിയത് ഈ പശ്ചാത്തലത്തിലാണ്. അരി, ഗോതന്പ് എന്നിവയെ അപേക്ഷിച്ച് പല മടങ്ങ് പോഷകഗുണങ്ങളുള്ള ചെറുധാന്യങ്ങൾ ആഹാരമെന്നതിലുപരി ആരോഗ്യം ഉറപ്പുവരുത്തുന്ന അത്ഭുത ധാന്യങ്ങളാണെന്ന് അവർ പറയുന്നു. ആദിവാസി ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണണം ചെയ്യുന്ന മില്ലറ്റ് പദ്ധതി കേരള സർക്കാർ അട്ടപ്പാടിയിൽ നടപ്പാക്കുന്നുണ്ട്. ആ പദ്ധതിയുമായും ബിന്ദു ഗൗരി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. കർഷകരുടെ ഉപഭോഗത്തിനുശേഷം സംഭരിക്കുന്ന ചെറുധാന്യങ്ങൾ ഇവരുടെ നേതൃത്വത്തിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി “അട്ടപ്പാടി മില്ലറ്റ്സ്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നതിനായിരുന്നു കേരള സർക്കാർ ബിന്ദുവിന്റെ സേവനം തേടിയത്. ഇപ്പോൾ റാഗി, റാഗിപ്പൊടി, റാഗി കുക്കീസ്, റാഗി പുട്ടുപൊടി, റാഗി മാൾട്ട്, ചാമ, മില്ലെറ്റ് എനർജി ഡ്രിങ്ക് പൗഡർ എന്നീ ഏഴുതരം ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡിസൈൻ, ലോഗോ എന്നിവ തയ്യാറാക്കിയതും ഉത്പന്നങ്ങളുടെ നിർമാണവും ബിന്ദു ഗൗരിയാണ് ചെയ്തിരുന്നത്.


ജോൺസി പാകിയ വിത്ത്

പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ബിന്ദു ഗൗരി പ്രൊഫ. ജോൺ സി ജേക്കബിനെ ആദ്യമായി കാണുന്നത്. സ്കൂളിലെ കുട്ടികൾക്ക് ജീവജാലങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ക്ലാസെടുക്കാനും ഇതുസംബന്ധിച്ച സിനിമ കാണിക്കാനും എത്തിയതായിരുന്നു ജോൺസി മാഷ്. അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് പലതവണ കേട്ടു. മണ്ണിനെയും മരങ്ങളെയും ചെടികളെയും പൂക്കളെയും ജീവജാലങ്ങളെയുമെല്ലാം പ്രണയിച്ച് കടന്നുപോയ പ്രൊഫ. ജോൺ സി ജേക്കബ് എന്നത് ഒരു പേരു മാത്രമല്ല, പ്രകൃതിയുടെ പാഠശാലയാണ്. ആ വൻമരത്തിന്റെ തണൽപറ്റി വളർന്നവരാണ് ഇന്നത്തെ പരിസ്ഥിതിപ്രവർത്തകർ ഏറെയും. അതിൽ ഒരു പേരാണ് ബിന്ദു ഗൗരി. പയ്യന്നൂർ കോളജിൽ പഠിക്കുമ്പോൾ മറ്റു പലരിലുമെന്നപോലെ ജോൺസിമാഷ് സ്വാധീനം ചെലുത്തിയ കാര്യം ബിന്ദു ഗൗരി ഓർമിക്കുന്നു. ഇന്നും ജോൺസിമാഷിന്റെ സ്വാധീന വലയം തന്നോടൊപ്പമുണ്ടെന്നും അത് കൂടുതൽ ശക്തി പകരുന്നുവെന്നും അവർ പറയുന്നു.

പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുക്കാൻ ബിന്ദു ഗൗരിക്ക് അതെല്ലാം പ്രചോദനമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽനിന്ന് ഉപരിപoനം കഴിഞ്ഞ ഇവർ തമിഴ്നാട് കാർഷികസർവകലാശാലയിൽനിന്ന് എം ബി എയും എടുത്തിട്ടുണ്ട്. സുസ്ഥിരവികസനം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. കോയമ്പത്തൂർ ഐ സി എ ആർ കൃഷിവിജ്ഞാനകേന്ദ്രത്തിനു കീഴിലുള്ള അഗ്രി ബിസിനസ് സ്കൂളിൽ ഫാക്കൽറ്റിയാണ്.

പ്രകൃതിയോടൊപ്പം ജീവിതം

ഒഴിവുദിവസങ്ങളിൽ വൃക്ഷത്തൈകളുമായി തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വരണ്ട പ്രദേശങ്ങളിലേക്കും യാത്രപോകുന്ന ബിന്ദു ഗൗരി ഓരോ സ്ഥലത്തെത്തി നാട്ടുകാരെയും കൂട്ടി വൃക്ഷത്തൈകൾ നടന്നു. കഴിഞ്ഞ പത്ത് വർഷമായി ഇതു തുടരുന്നു. നടാനുള്ള തൈകൾ സ്വന്തമായി മുളപ്പിച്ചുവളർത്തുന്നു. മരം നടാനുള്ള യാത്രയിൽ മക്കൾ നീൽമാധവും ആദിശങ്കർ റാമും ഒപ്പമുണ്ടാകും അമ്മക്ക് കൂട്ടായി. ഭർത്താവ് ജയറാം എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ നൽകുന്നു. രാമന്തളി സെൻട്രലിലെ തെക്കെ കൊട്ടാരത്തിൽ ഗൗരിയുടെ മകളായ ബിന്ദു ഗൗരി ഒരു നിയോഗമായാണ് തമിഴ്നാട്ടിലെ തന്റെ പ്രവർത്തനങ്ങളെ കാണുന്നത്. മരം നടാനും പരിസ്ഥിതിപ്രവർത്തനങ്ങൾക്കുമായി ഉണ്ടാക്കിയ വാട്സാപ്പ് കൂട്ടായ്മ ഇതിനെല്ലാം സഹായമാകുന്നു
തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിൽ വർഷമായി മഴ പെയ്തിട്ട്. മഴക്കുഴികൾ ധാരാളം ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമത്തിലുണ്ടായിരുന്ന ഒരേയൊരു പുഴ വറ്റിവരണ്ടിട്ട് വർഷങ്ങളായി. അത് കുറ്റിക്കാടുകൾകൊണ്ട് നിറഞ്ഞു. നാട്ടിലെ അഭ്യസ്തവിദ്യരായ കുറച്ചു ചെറുപ്പക്കാരെ കൂട്ടി ബിന്ദു മരം നട്ടു. കൃഷിവിജ്ഞാനകേന്ദ്രം ജൈവരീതിയിൽ തയ്യാറാക്കിയ വളം ചേർത്താണ് മരങ്ങൾ നട്ടത്.
അരിയലൂർ, തിരുച്ചി, കന്യാകുമാരി, തിരുനൽവേലി, തൂത്തുക്കുടി, വിരുതനഗർ, കുംഭകോണം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബിന്ദു ഗൗരി മരം നട്ടിട്ടുണ്ട്. “മിയാവാക്കി’ എന്ന ജാപ്പനീസ് രീതിയിൽ വരണ്ട സ്ഥലങ്ങളിൽ മരം നട്ടുപിടിപ്പിക്കുന്ന രീതി തമിഴ്നാട്ടിൽ നടപ്പാക്കുകയാണ് പുതിയ പദ്ധതി. പ്രകൃതിദത്തമായ വിവിധ വിത്തുകൾ ശേഖരിച്ച് കാടു വളരുന്നതുപോലെ ഇടതിങ്ങി വളർത്തിയെടുക്കുന്ന രീതിയാണത്. പെരമ്പല്ലൂരിൽ ആദ്യഘട്ടത്തിൽ രണ്ടേക്കറിൽ നടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി നാട്ടുകാരുടെ പിന്തുണയുമുണ്ട്.

മാതൃകപരമായ പ്രവർത്തനങ്ങളെ മാനിച്ച് ബിന്ദു ഗൗരിയെ തേടി എത്തിയ ബഹുമതികളും ഏറെയാണ്. കൽക്കത്ത ഐ ഐ എമ്മിന്റെ കഴിഞ്ഞ വർഷത്തെ ദക്ഷിണേന്ത്യയിലെ മികച്ച സാമൂഹിക സംരംഭകക്കുള്ള ടാറ്റാ സോഷ്യൽ എന്റർപ്രണർഷിപ്പ് പുരസ്കാരം ബിന്ദു ഗൗരിയക്കായിരുന്നു. സംരംഭക മാസികയുടെ ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹിക സംരംഭകക്കുള്ള ബഹുമതിയും ബിന്ദുവിനെ തേടിയെത്തിയിട്ടുണ്ട്. വനിതാ ദിനത്തിൽ ഈ പുരസ്കാരം ഏറ്റുവാങ്ങും. കൂടാതെ തമിഴ്നാട്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ വനം വകുപ്പുകളുടെ പ്രത്യേക ആദരവും ബിന്ദു ഗൗരിക്ക് ലഭിച്ചിട്ടുണ്ട്.

ആദിവാസികളെ പ്രത്യേകിച്ച് ആദിവാസി സ്ത്രീകളെ കാട്ടിൽ തന്നെ തളച്ചിടാനും അവരുടെ മുന്നിൽ വിശാലമായ ലോകത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കാനുമുള്ള ശ്രമങ്ങൾ നിലനിൽക്കുമ്പോഴാണ് തൊഴിലിലൂടെ സ്വയം പര്യാപ്തത എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. ഇവിടെയാണ് ബിന്ദു ഗൗരി എന്ന പ്രകൃതി സ്നേഹി വേറിട്ടു നിൽക്കുന്നത്. അപരിഷ്കൃതരായ ആദിവാസി സ്ത്രീകൾക്കൊപ്പം നടന്ന് അവരെ ചേർത്ത് പിടിച്ച് പുതിയൊരു ജീവിത സാഹചര്യത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ഇവർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനമാകണം.
.