National
ലിവ് ഇന്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ ആത്മാഭിമാനം പ്രധാനപ്പെട്ടത്: ഉത്തരാഖണ്ഡ് ഹൈക്കോടതി
ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ്
![](https://assets.sirajlive.com/2024/02/court-897x538.jpg)
ഡറാഡൂണ്‍ | ലിവ് ഇന്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ ആത്മാഭിമാനം പ്രധാനപ്പെട്ടതാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ സ്വകാര്യതയുടെ പേരില്‍ ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ചിലരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിന്റെ മറവില്‍ മറ്റൊരാളുടെ ആത്മാഭിമാനം ബലികഴിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരാഖണ്ഡ് നടപ്പാക്കിയ ഏക സിവില്‍ കോഡ് 2024-ലെ വ്യവസ്ഥകളിലെ ലിവ്-ഇന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജി നരേന്ദറിന്റെ ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. അല്‍മസുദ്ദീന്‍ സിദ്ദിഖി, അഭിഭാഷകനായ കാര്‍ത്തികേ ഹരി ഗുപ്ത മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഡില്‍ പരാമര്‍ശിച്ച നിരോധിത ബന്ധങ്ങളുടെ പട്ടികയെ ചോദ്യം ചെയ്്തിരുന്നു. ചില വ്യവസ്ഥകള്‍ ഹരജിക്കാരുടെ വിവാഹം കഴിക്കാനുള്ള മതപരമായ അവകാശത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, അത്തരം വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
മതപരമായി അംഗീകരിക്കപ്പെട്ട വിവാഹ രീതികളെ മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിലെ 387(1) വകുപ്പിനെ എങ്ങിനെ ന്യായീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സര്‍ക്കാറുകളോട് ആരാഞ്ഞു. തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. വകുപ്പിന് ന്യായീകരണമുണ്ടെന്നും ഞങ്ങള്‍ മറുപടി നല്‍കുമെന്നും പറഞ്ഞ മേത്ത ഇതിന് ഞങ്ങള്‍ ഒരു പഠനം നടത്തി നിരാലംബരായ നിരവധി സ്ത്രീകളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുമെന്നും പറഞ്ഞു.
ലിവ്-ഇന്‍ ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതില്‍ എന്താണ് തെറ്റെന്ന് തന്റെ വാക്കാലുള്ള നിരീക്ഷണങ്ങളില്‍ ചീഫ് ജിസ്റ്റീസ് ചോദിച്ചു. ലിവിങ്ങ് ബന്ധം തകര്‍ന്നാല്‍ എന്ത് സംഭവിക്കും? ഈ ബന്ധത്തില്‍ ഒരു കുട്ടി ഉണ്ടെങ്കില്‍ എന്തുചെയ്യും? വിവാഹ ബന്ധത്തില്‍ പിതൃത്വത്തെക്കുറിച്ച് വ്യക്തതയുണ്ട്. എന്നാല്‍ ഒരു ലിവ്-ഇന്‍ ബന്ധത്തില്‍ ആ വ്യക്തത എവിടെയാണെന്നു ചോദിച്ച കോടതി, നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിന്റെ പേരില്‍, മറ്റൊരാളുടെ ആത്മാഭിമാനം ബലികഴിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. വിവാഹത്തിന്റെ തെളിവോ പിതൃത്വമോ ഇല്ലാത്ത നിങ്ങളുടെ കുട്ടിയുടെ കാര്യമാണിതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ലിവ് ഇന്‍ ബന്ധങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വശമുണ്ടെന്നും ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരം ലിവ്-ഇന്‍ ബന്ധങ്ങള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇവിടെ പരാമര്‍ശിതക്കുന്നത് സ്ത്രീയുടെ വിഷയമല്ലെന്നും ഈ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ പിതൃത്വം സംബന്ധിച്ചാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം ബന്ധത്തില്‍ ഒരു റജിസ്‌ട്രേഷന്‍ പിതൃത്വത്തിന് സഹായകമാകുമെന്നും കോടതി വ്യക്തമാക്കി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, ഹിന്ദു വിവാഹ നിയമം, ക്രിസ്ത്യന്‍ വിവാഹ നിയമം എന്നിവ പ്രകാരമെല്ലാം വിവേഹാതര ബന്ധങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ജനിതക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇത് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടതാണ്. ഇതിനെ കുറിച്ച് നമ്മള്‍ കുറച്ചുകൂടി ബോധവാന്മാരായിരിക്കണം-ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് എല്ലാ മതങ്ങള്‍ക്കിടയിലും രാജ്യത്തുടനീളം അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് ഉള്‍പ്പെടെ, കസിന്‍ സഹോദരിയെ വിവാഹം കഴിക്കാന്‍ അവകാശം നല്‍കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.