Connect with us

Editorial

സെല്‍ഫി ദുരന്തങ്ങള്‍: വേണ്ടത് ശക്തമായ ബോധവത്കരണം

അമേരിക്കയിലെ കാനെഗി മെലണ്‍ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ ടിയുടെ സഹകരണത്തോടെ 2016ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് സെല്‍ഫി അപകടങ്ങളില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ.

Published

|

Last Updated

സെല്‍ഫിഭ്രമം മൂന്ന് ജീവന്‍ കൂടി നഷ്ടമാക്കി. കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദ യാത്രക്ക് പോയ ഏറ്റുമാനൂര്‍ മംഗളം കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മണിപ്പാല്‍ മാല്‍പെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട് മുങ്ങി മരിക്കുകയുണ്ടായി വ്യാഴാഴ്ച. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി എന്നിവര്‍ കടലിലിറങ്ങി കൈകോര്‍ത്ത് സെല്‍ഫിയെടുക്കുന്നതിനിടെയാണ് തിരയില്‍ അകപ്പെട്ടത്. അധ്യാപകരടക്കം 100 പേരുള്‍ക്കൊള്ളുന്ന കോളജ് സംഘത്തോടൊപ്പം എത്തിയതായിരുന്നു ഇവര്‍.
സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിച്ച് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചവര്‍, തലക്ക് വെടിയേറ്റവര്‍, സാഹസിക ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചവര്‍, വെള്ളക്കെട്ടിലും നദികളിലും വീണ് ജീവന്‍ നഷ്ടമായവര്‍, ട്രെയിന്‍ തട്ടിയും വന്യമൃഗങ്ങളുടെ അക്രമത്തിലും മരിച്ചവര്‍ എന്നിങ്ങനെ നീളുന്നു സെല്‍ഫി ദുരന്തങ്ങള്‍. മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവ ദമ്പതികളായ സിദ്ദീഖ് പത്താന്‍ ശൈഖ്, ഭാര്യ താഹ ശൈഖ് (20), സുഹൃത്ത് ഷഹാബ് എന്നിവര്‍ പുഴയില്‍ വീണു മരിച്ചത് ഒരാഴ്ച മുമ്പാണ്. ദമ്പതികളാണ് ആദ്യം പുഴയില്‍ വീണത്. അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തും മരിച്ചു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിലേക്ക് വിനോദ യാത്ര പോയ വാഴക്കാല നവനിര്‍മാന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഇഷാ ഫാത്തിമ എന്ന പതിനേഴുകാരി അഞ്ചുരുളി ജലാശയത്തില്‍ വീണുമരിച്ചത്

സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ദുദ്രാപുരില്‍ മനീഷ്‌കുമാര്‍, ലോകേഷ് ലോനി എന്നീ യുവാക്കള്‍ നാല് മാസം മുമ്പ് ട്രെയിന്‍ തട്ടി മരിച്ചത് റെയില്‍വേ ക്രോസിംഗില്‍ വെച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഒരേ സമയം പതിനൊന്ന് പേരുടെ ജീവന്‍ ഒന്നിച്ചാണ് സെല്‍ഫിഭ്രമം കവര്‍ന്നത്. കനത്ത മഴയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആമേര്‍ കൊട്ടാരത്തിന് മുന്നിലെ വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റും മിന്നലില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയപ്പോള്‍ ഉണ്ടായ പരുക്കിലുമാണ് വിനോദ സഞ്ചാരികളായ പതിനൊന്ന് പേര്‍ മരണപ്പെട്ടത്. 2018 മെയില്‍ ആന്ധാപ്രദേശിലെ വിജയവാഡയില്‍ ട്രെയിനിനു മുകളില്‍ കയറി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് രാംസായിയെന്ന പതിനഞ്ചുകാരന്‍ ഷോക്കേറ്റു മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തി സാഹസപ്പെട്ട് ട്രെയിനിനു മുകളില്‍ കയറിയ രാംസായി ഉയര്‍ന്ന വോള്‍ട്ടേജുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടി താഴേക്ക് വീഴുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റായിരുന്നു ഈ കൗമാരക്കാരന്റെ മരണം.

വലിയൊരു വിപത്തായി മാറിയിരിക്കുകയാണിപ്പോള്‍ സെല്‍ഫിഭ്രമം. അമേരിക്കയിലെ കാനെഗി മെലണ്‍ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ ടിയുടെ സഹകരണത്തോടെ 2016ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് സെല്‍ഫി അപകടങ്ങളില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. സാമൂഹിക മാധ്യമങ്ങളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ മറ്റൊരു ദുരന്ത മുഖമായിരിക്കുകയാണ് സെല്‍ഫിഭ്രമം. സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്നര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അത് അപകടം ക്ഷണിച്ചു വരുത്തുകയുമാണ്. ഏറ്റവും അപകടകരമായ സ്ഥലത്തോ സാഹചര്യത്തിലോ ഒരു കൈയില്‍ മൊബൈല്‍ പിടിച്ചാണ് പലരും സെല്‍ഫി എടുക്കുന്നത്. പശ്ചാത്തലം പരമാവധി ഫ്രെയ്മില്‍ വരാന്‍ എത്താവുന്നത്രയും അകലത്തില്‍ പിടിച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന നിമിഷങ്ങളില്‍ പരിസരബോധവും ആ സാഹചര്യത്തിലെ അപകട സാധ്യതയും അവര്‍ വിസ്മരിക്കുന്നു. തന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവോടെ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്പലാണ് സ്ഥലകാല ബോധമില്ലാത്ത സെല്‍ഫി ചിത്രമെടുക്കാനുള്ള വ്യഗ്രതക്കു പിന്നില്‍. ചെല്ലുന്നിടത്തു നിന്നെല്ലാം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റ, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ്ചെയ്യുന്നതില്‍ ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു. ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട് സെല്‍ഫിഭ്രമക്കാരില്‍. സമൂഹം തന്നെ പരിഹാസത്തോടെയാണ് നോക്കുന്നതെന്ന് ഇവര്‍ അറിയാറില്ല. നൈമിഷികമായ ആയുസ്സ് മാത്രമേയുള്ളൂ സെല്‍ഫി ചിത്രങ്ങള്‍ക്ക്. ഒരു തവണ കണ്ടാല്‍ വീണ്ടും അത് കാണുന്നവര്‍ നന്നേ വിരളം. ഇതൊന്നും ചിന്തിക്കാതെയാണ് ഒരു സെല്‍ഫിക്കു വേണ്ടി പലരും സാഹസപ്പെടുന്നതും ദുരന്തങ്ങളില്‍ വരെ അകപ്പെടുന്നതും. അമേരിക്കന്‍ സൈക്യാട്രിക് അസ്സോസിയേഷന്റെ അഭിപ്രായത്തില്‍ ഒരു തരം മാനസിക വൈകല്യമാണ് സെല്‍ഫിഭ്രമം. ചിത്രം കൃത്യമായ ആംഗിളില്‍ കിട്ടുന്നില്ലെന്ന തോന്നല്‍, എത്രയെടുത്താലും നന്നായില്ലെന്ന ചിന്തയില്‍ പിന്നെയും പിന്നെയും ചിത്രമെടുക്കല്‍, മുഖം നന്നായി പകര്‍ത്താന്‍ പറ്റുന്നില്ലെന്ന മനോവ്യഥ, സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ വെറുതെ വിറക്കുന്നുവെന്ന തോന്നല്‍ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സെല്‍ഫികള്‍ക്ക് മോശമായ പ്രതികരണങ്ങള്‍ ലഭിക്കുന്നത് ഇവരെ വിഷാദ രോഗികളാക്കി മാറ്റുകയും ചെയ്‌തേക്കാം. സെല്‍ഫിഭ്രമം മൂത്ത് കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്നതിനായി മുഖ ഭംഗി വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയക്ക് വിധേയരാവുന്നവര്‍ വരെയുണ്ട്. ഒരു മഹാവ്യാധി പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ വിപത്തിനെതിരെ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

Latest