From the print
സ്വാർഥ താത്പര്യം; ഉമർ ഫൈസിക്കെതിരെ എം എസ് എഫ് സംസ്ഥാന സെക്രട്ടറി
തിരുത്തേണ്ടത് ലീഗെന്ന് ഉമർ ഫൈസി, പാർട്ടിയുമായി പ്രശ്‌നമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല
കോഴിക്കോട് | ഇ കെ വിഭാഗം നേതാവ് ഉമർ ഫൈസിയെ രൂക്ഷമായി വിമർശിച്ച് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. എം വി ജയരാജനുമായി ഉമർ ഫൈസി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെയുള്ള രൂക്ഷവിമർശം.
എം വി ജയരാജനുമായി ഉമർ ഫൈസി നടത്തിയ ചർച്ച സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടിയായിരുന്നെന്നും നന്ദി പറയാൻ വന്ന് കയറുന്നവർക്ക് ഇരിപ്പിടം കെട്ടിയത് ആശയഭദ്രതയിൽ അല്ലെന്നും ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമം കൊണ്ടും ശബ്ദം കൊണ്ടും അപവാദമാണ് ഉമർ ഫൈസിയെന്നും നജാഫ് ആരോപിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെ സ്ഥാനത്ത് മാറ്റണമെന്ന ഉമർ ഫൈസിയുടെ പ്രസ്താവനക്കെതിരെയും പ്രതിഷേധമുയർന്നു.
സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനുണ്ടെന്നും ആര് തുടരണം, ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം വേണ്ടെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ട്രഷററുമായ കെ എം എ റശീദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അതേസമയം, മുസ്‌ലിം ലീഗിനും സംസ്ഥാന സെക്രട്ടറി പി എം എ സലാമിനുമെതിരെ മുക്കം ഉമർ ഫൈസി ഇന്നലെയും വിമർശമുന്നയിച്ചു. ഇ കെ വിഭാഗവും മുസ്‌ലിം ലീഗും തമ്മിൽ പ്രശ്‌നങ്ങളുണ്ട്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രശ്‌നങ്ങളില്ല എന്ന മറുപടിയാണ് ഇരു കൂട്ടരും പറയാറുള്ളത്. അതുകൊണ്ട് കാര്യമില്ല. ജനങ്ങൾക്ക് തിരിയട്ടെ എന്ന് കരുതി താൻ തുറന്നു പറഞ്ഞു. ഇനിയും പറയാൻ തയ്യാറാണ്. അത് തിരുത്തേണ്ടത് മുസ്‌ലിം
ലീഗാണ്.
പി എം എ സലാമിന്റെ കാര്യത്തിൽ മുസ്‌ലിം ലീഗ് എടുക്കുന്ന നിലപാട് ശരിയല്ല. കൂടെ നിൽക്കുന്ന ഇ കെ വിഭാഗത്തെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കുന്നുവെന്നത് വേദനാജനകമാണെന്നും ഉമർ ഫൈസി വ്യക്തമാക്കി.
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയും എൽ ഡി എഫ് സ്ഥാനാർഥിയുമായ എം വി ജയരാജൻ ഉമർ ഫൈസിയെ മുക്കത്തെ വീട്ടിലെത്തി സന്ദർശിച്ചതിനെക്കുറിച്ചും ഉമർ ഫൈസി മറുപടി നൽകി.
സി പി എം കണ്ണൂരിലുൾപ്പെടെ സംഘടിപ്പിച്ച സി എ എ വിരുദ്ധ പരിപാടികളിൽ ഞാൻ പങ്കെടുത്തിരുന്നു. അങ്ങനെയുള്ള ബന്ധമാണ് എം വി ജയരാജനുമായി ഉള്ളത്. എനിക്ക് രാഷ്ട്രീയമില്ല. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചുവെന്നും ഉമർ ഫൈസി പറഞ്ഞു.