drugs sale
ബ്യൂട്ടി പാർലർ മറവിൽ ലഹരി വിൽപ്പന; മധ്യവയസ്‌ക അറസ്റ്റിൽ
ബാഗിൽ ഒളിപ്പിച്ച ലഹരി വസ്തുവുമായി ബ്യൂട്ടി പാർലറിലേക്ക് പോകുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ചാലക്കുടി | ബ്യൂട്ടി പാർലറിന്റെ മറവിൽ മാരക ലഹരി വസ്തുവായ എൽ എസ് ഡി സ്റ്റാമ്പ് വിൽപ്പനക്കായി കൈവശം വെച്ച കേസിൽ മധ്യവയസ്കയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോടശ്ശേരി നായരങ്ങാടി കാളിയങ്കര ഷീല സണ്ണി(51)യെയാണ് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ എസ് ഐ. കെ എസ് സതീശനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12 സ്റ്റാമ്പുകളും സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.
ടൗൺ ഹാളിന് സമീപം ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ഇവർ. സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി ബാഗിൽ ഒളിപ്പിച്ച ലഹരി വസ്തുവുമായി ബ്യൂട്ടി പാർലറിലേക്ക് പോകുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒരു സ്റ്റാമ്പിന് അയ്യായിരം രൂപ വിലമതിക്കുമെന്ന് എക്സൈസ് അറിയിച്ചു.
രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിവസ്തു ഇവർക്ക് എത്തിച്ച് നൽകുന്നയാളെ കുറിച്ച് സൂചന ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീസ് ഓഫീസർ ജയദേവൻ, വനിതാ എക്സൈസ് ഓഫീസർമാരായ രജിത, സിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.