sexual abuse against young woman
തിരക്കിനിടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ മുതിര്‍ന്ന പൗരന്‍ അറസ്റ്റില്‍
അമ്മയോടൊപ്പം വീട്ടിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടയിലാണ് യുവതി അപമാനിക്കപ്പെട്ടത്
അടൂര്‍ | മാതാവിനൊപ്പം ബസില്‍ കയറാന്‍ നിന്ന വിദ്യാര്‍ഥിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച കേസില്‍ 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂര്‍ വള്ളിക്കോട് മാമൂട് കുടമുക്ക് ചാരുവിളയില്‍ (ശ്രീജിത്ത് ഭവനം) കൃഷ്ണന്‍ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
കഴിഞ്ഞ 10നാണ് സംഭവം. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാന്‍ ടൗണില്‍ പഴയ എസ് ബി ടിക്ക് സമീപത്തു നിന്നു ബസ് കയറുന്നതിനിടയിലാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്ക് കാരണം കുട്ടി ബസില്‍ കയറുന്നതിനെ മാതാവില്‍ നിന്ന് വേര്‍പെട്ട് അല്‍പ്പം പിന്നിലായിപ്പോയി. ഈ തിരക്കിനിടയില്‍ അതേ ബസില്‍ വന്നിറങ്ങിയ ആള്‍ യുവതിയെ കടന്ന് പിടിച്ച് അപമാനിച്ച ശേഷം കടന്നു കളയുകയായിരുന്നു. ആദ്യം ഭയന്നു പോയ യുവതി മനഃസാന്നിധ്യം വീണ്ടെടുത്തു ബസില്‍ കയറി അമ്മയോട് കാര്യം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിട്ടിരുന്നു. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്തി ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡിനോട് വിവരം പറഞ്ഞു. യുവതി മാതാവിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഉടന്‍ തന്നെ എസ് ഐ മനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന സ്ഥലത്തിനടുത്തുളള വ്യവസായ സ്ഥാപനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കുന്ന രംഗം കിട്ടി. അനശ്വര ജൂവലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി സംഭവ ശേഷം ഓടിമാറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കണ്ടെത്തി. റോഡിന്റെ എതിര്‍വശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഈ സമയം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഏതോ ഒരു പ്രൈവറ്റ് ബസ്സില്‍ കയറി പോകുന്നതും കണ്ടു. തുടര്‍ന്ന് ആ സമയം പുറപ്പെട്ട പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി കയറിയത് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസ് ആണെന്ന് മനസിലാക്കിയ പോലീസ് അടൂര്‍ മുതല്‍ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ തോലുഴം ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചതോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്ന സമയം പ്രതികരിക്കാത്തതാണ് പല പ്രതികളും രക്ഷപ്പെട്ട് പോകുന്നതിന് കാരണമെന്ന് അടൂര്‍ ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ് പറഞ്ഞു.