International
മുതിർന്ന ഹിസ്ബുല്ല കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമ്മാദി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
ഹിസ്ബുല്ലയുടെ പടിഞ്ഞാറൻ അൽ-ബഖാ മേഖലയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്ന ഹമ്മാദിയെ രണ്ട് വാഹനങ്ങളിൽ എത്തിയ അക്രമികൾ വെടിവെക്കുകയായിരുന്നു
ബെയ്‌റൂത്ത് | അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമ്മാദി കിഴക്കൻ ലെബനനിലെ സ്വവസതിക്ക് മുന്നിൽ വെടിയേറ്റു മരിച്ചതായി ലെബനീസ് പത്രമായ അൽ-അഖ്ബാർ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ പടിഞ്ഞാറൻ അൽ-ബഖാ മേഖലയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്ന ഹമ്മാദിയെ രണ്ട് വാഹനങ്ങളിൽ എത്തിയ അക്രമികൾ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിന് ശേഷം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹമ്മാദി മരിച്ചതായി സ്ഥിരീകരിച്ചു.
ഹമ്മാദിയുടെ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കുടുംബ വഴക്കിന്റെ ഭാഗമായിരിക്കാം കൊലപാതകം എന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക പ്രസ്താവനകൾ ഒന്നും വന്നിട്ടില്ല. ഒരു ഗ്രൂപ്പോ വ്യക്തിയോ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.
പതിറ്റാണ്ടുകളായി എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹമ്മാദി. 1985 ൽ, നിരവധി അമേരിക്കക്കാരടക്കം 153 യാത്രക്കാരുമായി പോവുകയായിരുന്ന പശ്ചിമ ജർമ്മൻ വിമാനമായ ലുഫ്താൻസ ഫ്ലൈറ്റ് 847 റാഞ്ചിയ സംഭവത്തിൽ ഹമ്മാദിക്ക് പങ്കുണ്ടായിരുന്നു.
ഹിസ്ബുല്ല പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഉന്നത നേതാവിന്റെ കൊലപാതകം. 2023 ൽ ഇസ്റാഈലുമായി നടന്ന യുദ്ധത്തിൽ ഹമാസിന് കുറഞ്ഞത് ഏഴ് ഉന്നത കമാൻഡർമാരെ നഷ്ടപ്പട്ടു.