Kerala
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ സോമനാഥ് (58) അന്തരിച്ചു. മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയാണ്.
‘ആഴ്ചക്കുറിപ്പുകള്‍’ എന്ന പേരില്‍ മലയാള മനോരമ എഡിറ്റോറിയല്‍ പേജില്‍ സോമനാഥ് ദീര്‍ഘകാലം പ്രതിവാര രാഷ്ട്രീയ പംക്തി എഴുതിയിട്ടുണ്ട്. ‘നടുത്തളം’ എന്ന പേരില്‍ നിയമസഭാവലോകനവും വളരെക്കാലം തയാറാക്കി. 30 വര്‍ഷത്തിനിടെ അഞ്ച് ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്ക് മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ പ്രത്യേക ചടങ്ങിലൂടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ച ഇ സോമനാഥ് കോട്ടയം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം യൂനിറ്റുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായ നിരവധി റിപ്പോര്‍ട്ടുകളും ചെയ്തിട്ടുണ്ട്.
ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. വള്ളിക്കുന്ന് നേറ്റീവ് എ യു പി സ്‌കൂള്‍ പ്രധാനാധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി എം ഗോപാലന്‍ നായരുടെയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ ദേവകിയമ്മയുടെയും മകനാണ്.