Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു
ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്നു.
തിരുവനന്തപുരം| മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായി തുളസി ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ്. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിട്ടാണ് തുളസി ഭാസ്‌കരന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1989 മുതല്‍ തിരവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 2008 സെപ്റ്റംബറിലാണ് വിരമിച്ചത്.
ഇ.കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍’, സ്‌നേഹിച്ച് മതിയാവാതെ’ എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ചിന്ത പബ്ലിഷേഴ്‌സ് മുന്‍ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: മേജര്‍ ദിനേശ് ഭാസ്‌കര്‍, പരേതനായ മനേഷ് ഭാസ്‌കരന്‍. മരുമക്കള്‍: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.
മൃതദേഹം തിങ്കള്‍ ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ചൊവ്വ രാവിലെ തൈക്കാട് ശാന്തികവാടത്തില്‍. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.