Jagadish Shettar
കർണാടകയിലെ മുതിർന്ന ബി ജെ പി നേതാവ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ
യെഡ്യൂരപ്പ കഴിഞ്ഞാൽ ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവ് കൂടിയാണ് ഷെട്ടാർ.
ബെംഗളൂരു | കർണാടക മുൻ മുഖ്യമന്ത്രിയും ബി ജെ പിയുടെ മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേര്‍ന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാർട്ടിയിൽ അംഗത്വമെടുത്തു. ഡി കെ ശിവകുമാർ, കെ സി വേണുഗോപാൽ അടക്കമുള്ളവർ സംബന്ധിച്ചു. മുൻ മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ കഴിഞ്ഞാൽ ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവ് കൂടിയാണ് ഷെട്ടാർ.
ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ മണ്ഡലം വേണമെന്നാണ് ഷെട്ടാറിൻ്റെ ആവശ്യം. കോണ്‍ഗ്രസ് ഷെട്ടാറിന് ഈ സീറ്റ് നല്‍കിയേക്കും. രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കർണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ ശനിയാഴ്ച രാത്രി ഷെട്ടാറുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജെവാല, ഡി കെ ശിവകുമാർ, സിദ്ദരാമയ്യ തുടങ്ങിയവരുമായി ബെംഗളൂരുവിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാവിലെ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരിക്ക് എം എൽ എ സ്ഥാനം രാജിവെച്ചുള്ള കത്ത് കൈമാറിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കർണാടക ബി ജെ പിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിലെ അതൃപ്തിയാണ് പ്രധാന കാരണം.