National
കോടതികൾ രാവിലെ ഒൻപത് മണിക്ക് പ്രവർത്തനമാരംഭിക്കണമെന്ന് മുതിർന്ന സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് യു യു ലളിത്
കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്കൂളിൽ പോകാമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്ക് 9 മണിക്ക് കോടതിയിൽ വന്നുകൂടെന്ന് ജസ്റ്റിസ് യു യു ലളിത് ചോദിച്ചു
ന്യൂഡൽഹി | കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്കൂളിൽ പോകാമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് കോടതിയിൽ വന്നുകൂടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസുമാരായ ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പതിവിലും ഒരു മണിക്കൂർ നേരത്തെ ഇരുന്നതിന് ശേഷമാണ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് കൂടിയായ ജഡ്ജിയുടെ പരാമർശം. ഒരു ജാമ്യാപേക്ഷയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, സാധാരണ സമയത്തേക്കാൾ നേരത്തെ ഇരുന്നതിന് ബെഞ്ചിനെ അഭിനന്ദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് യുയു ലളിത് തൻെറ അഭിപ്രായം വെളിപ്പെടുത്തിയത്.
തന്റെ കാഴ്ചപ്പാടിൽ, ജഡ്ജിമാർ രാവിലെ 9 മണിക്ക് തന്നെ ഇരിക്കണം. നമ്മുടെ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാമെങ്കിൽ പിന്നെ 9 മണിക്ക് നമുക്ക് എന്തുകൊണ്ട് കോടതിയിൽ വരാൻ പറ്റില്ല? – അദ്ദേഹം നിലപാട് വ്യക്തമാക്കി. രാവിലെ 9.30 കോടതികൾ ആരംഭിക്കുന്നതിന് കൂടുതൽ ഉചിതമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതികൾ നേരത്തെ തുടങ്ങാനായാൽ അന്നത്തെ ജോലി നേരത്തെ തീർക്കാമെന്നും അടുത്ത ദിവസത്തേക്കുള്ള കേസ് ഫയലുകൾ വായിക്കാൻ വൈകുന്നേരങ്ങളിൽ ജഡ്ജിമാർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.
സുപ്രിംകോടതിയിലെ ജഡ്ജിമാർ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെയാണ് നിലവിൽ കേസുകൾ പരിഗണിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കും. ഇതോടൊ ജസ്റ്റിസ് ലളിത് പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ഈ വർഷം നവംബർ 8 വരെ അദ്ദേഹം പദവിയിൽ തുടരും.