Connect with us

International

ഇസ്‌റാഈല്‍ പിന്തുണയില്‍ പ്രതിഷേധിച്ച് യു.എസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ഇസ്‌റാഈലിന് ജോ ബൈഡന്റെ ഏകപക്ഷീയ പിന്തുണയില്‍ പ്രതിഷേധിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചത്.

Published

|

Last Updated

ന്യൂയോര്‍ക്ക്| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്‌റാഈലിന് ജോ ബൈഡന്റെ ഏകപക്ഷീയ പിന്തുണയില്‍ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിലെ ബൈഡന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടര്‍ പദവി വഹിച്ചിരുന്ന ജോഷ് പോള്‍ രാജിവെച്ചത്. അതേസമയം ഇസ്‌റാഈലിന് യുഎസ് തുടര്‍ച്ചയായി നല്‍കുന്ന പിന്തുണയിലും സഹായത്തിലും ജോഷ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നമ്മള്‍ ചെയ്ത അതേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതായി ഞാന്‍ ഭയപ്പെടുന്നു. ഇനിയും അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജോഷ് പോള്‍ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി സഖ്യ രാജ്യങ്ങള്‍ക്കുള്ള ആയുധ കൈമാറ്റ വകുപ്പിലാണ് ജോഷ് ജോലി ചെയ്യുന്നത്. കൂടുതല്‍ ആയുധങ്ങള്‍ ഒരു വശത്തേക്ക് മാത്രം നല്‍കുന്ന നടപടിയെ ഇനിയും പിന്തുണക്കാനാകില്ല. ആരു നടത്തിയാലും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങള്‍ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജോഷ് കൂട്ടിച്ചേര്‍ത്തു

ബുധനാഴ്ച ടെല്‍ അവീവിലെത്തിയ ബൈഡന്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിനിടെ ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ബൈഡന്‍.