Business
സെന്‍സെക്സില്‍ നഷ്ടം 2,702 പോയന്റ്; നിഫ്റ്റി 16,300ന് താഴെ ക്ലോസ്ചെയ്തു
ഏഴാമത്തെ ദിവസമാണ് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
മുംബൈ| റഷ്യ യുക്രൈനില്‍ സൈനിക നീക്കം നടത്തിയതോടെ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച നേരിട്ടു. ഏഴാമത്തെ ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. സെന്‍സെക്സ് 2,702.15 പോയന്റ് തകര്‍ന്ന് 54,529.91ലും നിഫ്റ്റി 815.30 പോയന്റ് ഇടിഞ്ഞ് 16,248ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അസംസ്‌കൃത എണ്ണവില ബാരലിന് 104 ഡോളര്‍ കടന്നു. റഷ്യ യുക്രൈനില്‍ ആക്രമണം പ്രഖ്യാപിച്ചതോടെ രാവിലെതന്നെ ആഗോളതലത്തില്‍ സൂചികകള്‍ പ്രതിസന്ധിയിലായി. ആയിരത്തിലേറെ പോയന്റ് നഷ്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലെ എല്ലാ ഓഹരികളും കനത്ത നഷ്ടംനേരിട്ടു.
ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബേങ്ക്, യുപിഎല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിന് മുന്നില്‍. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബേങ്ക് എട്ടുശതമാനം നഷ്ടം നേരിട്ടു. റിയാല്‍റ്റി 7.5ശതമാനവും സ്വകാര്യ ബേങ്ക് സൂചിക ആറുശതമാനവും മെറ്റല്‍, ഐടി സൂചികകള്‍ അഞ്ചുശതമാനം വീതവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനം വീതം നഷ്ടം നേരിട്ടു.