prathivaram story
വാക്കിടങ്ങൾ
അടുക്കടുക്കായി വെച്ച കത്തിന്റെ കെട്ടിൽ നിന്ന് ഏറ്റവും അടിയിൽ തന്റെ കൈരേഖയുടെ ചൂട് പറ്റിക്കിടക്കുന്ന പേപ്പറെടുത്ത് മാത്യൂസ് മാഷ് മാറ്റിവെച്ചു.
നീണ്ട ഹാളിലെ വടക്കേ അറ്റത്ത് മാവുകൾ പൂത്തുനിൽക്കുന്ന തൊടിയിലേക്ക് തുറക്കുന്ന ജനാലക്കരികിൽ മാത്യൂസ് മാഷെത്തി. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിൽ രണ്ടുമൂന്നു ദിവസത്തെ പത്രങ്ങൾ തുറക്കാതെ ചുരുണ്ടിരിക്കുന്നുണ്ട്. ഇടക്കെപ്പോഴെങ്കിലും വീണു കിട്ടുന്ന ഇടവേളകളിൽ മകൾ ലച്ചുവും മോളും വന്നാൽ പിന്നെ മാഷിന്റെ ശീലങ്ങളെല്ലാം അവർക്കായി മാറിമറിയുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പത്രങ്ങൾ മാറ്റി വെച്ച് കട്ടിക്കണ്ണടയുടെ പൊടി തട്ടി കസേരയിലേക്ക് ചായുമ്പോൾ ഏകാന്തതക്കൊപ്പം പൊടുന്നനെയാണ് മിഥുലയുടെ ഓർമകൾ കടന്നു വന്നത്. ദീർഘമായ ശ്വാസത്തിൽ കലരുന്ന മഷിയുണങ്ങാത്ത വാക്കുഗന്ധങ്ങൾ തന്നെ വലയംവക്കുന്നത് അദ്ദേഹം വീണ്ടും അനുഭവിച്ചു തുടങ്ങുകയായിരുന്നു.
സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും മനസ്സിനെ വിടാതെ പിന്തുടരുന്ന ഓർമകളിൽ അന്നത്തെ ഏഴാം ക്ലാസ്സുകാരി മിടുക്കിക്കുട്ടി മിഥുലയുമുണ്ട്. അവളുടെ ആകുലതകൾ നിറഞ്ഞ വാക്കുകൾ സ്നേഹത്തിന്റെ മറുപുറം നേടിയിട്ടുണ്ടാകുമോ എന്ന ആശങ്ക ഇപ്പോഴും ബാക്കിയാകുന്നു.
കുട്ടികളെ ബാഹ്യമായ അളവുകോലുകളിൽ തളച്ചിടരുതെന്ന കാര്യത്തിൽ നിർബന്ധബുദ്ധി മാഷിനുണ്ടായിരുന്നു. റിട്ടയർമെന്റ് വർഷത്തിൽ ഒരു സ്റ്റാഫ് മീറ്റിംഗിൽ വെച്ച് അദ്ദേഹം പുതിയൊരാശയം മുന്നോട്ടുവെച്ചു. “നമ്മൾ കാണുന്നതല്ല നമ്മുടെ മക്കൾ. അവരുടെ ഉള്ളിൽ അവരെ അലട്ടുന്ന അസ്വസ്ഥകളും പകരാൻ കഴിയാത്ത വേദനയുടെ ഓർമകളുമുണ്ടാകും. നമുക്കത് തിരിച്ചറിയണം. അവരെ ചേർത്തു നിർത്താൻ കഴിയണം’ – പതിഞ്ഞ ശബ്ദത്തിലുള്ള ആ സംസാരത്തെ കൈയടികളോടെയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.
സ്വപ്ന ടീച്ചറാണ് പറഞ്ഞത് ഒരു ക്യാമ്പ് നടത്താമെന്ന്. ക്യാമ്പിന്റെ അന്ന് സ്കൂളിലെ വാര്യർ മെമ്മോറിയൽ ഹാളിൽ കൗതുകം വിടർന്ന കണ്ണുകളുമായി കുട്ടികൾ ഒത്തുചേർന്നപ്പോൾ തന്നെ ഉത്സവാന്തരീക്ഷമായി. “എല്ലാവരും നിങ്ങളുടെ ഉള്ളിലെ ചിന്തകൾ പങ്കുവെച്ചു കൊണ്ട് അമ്മക്ക് കത്തെഴുതണം’ സ്വപ്ന ടീച്ചറുടെ നിർദേശം വന്നതോടെ കുട്ടികളിൽ ആകാംക്ഷയേറി. എഴുതാനുള്ള പേപ്പറുമായി അപ്പോഴേക്കും മാത്യൂസ് മാഷും സിജി ടീച്ചറുമെത്തി. തങ്ങളെ വട്ടമിട്ട് തിരക്കുകൂട്ടിയവർക്കെല്ലാം പേപ്പർ വിതരണം ചെയ്ത് മാഷ് അവരോടായി പറഞ്ഞു “പത്ത് മിനിറ്റുകൊണ്ട് കത്ത് എഴുതി പൂർത്തിയാക്കണം. നിങ്ങളുടെ ഉള്ളിൽ എന്തൊക്കെയാണ് തുറന്ന് പറയാനാഗ്രഹിക്കുന്നതെങ്കിൽ അവ പകർത്തിയേക്കുക’.
ചോദ്യങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടും ചിന്തകളുടെ ഒഴുക്ക് തടസ്സമില്ലാതെ പ്രവഹിച്ചതുകൊണ്ടും ഭൂരിപക്ഷം പേരും ഹൃദയത്തിന്റെ വൈകാരിക വേലിയേറ്റങ്ങൾ വേഗത്തിൽ അക്ഷരങ്ങളാക്കി. പൂർത്തിയാക്കിയ കത്ത് ആദ്യം മാത്യൂസ് മാഷിന്റെ കൈകളിലേൽപ്പിച്ചത് ഏഴാം ക്ലാസ്സുകാരി മിഥുലയായിരുന്നു. കൺമഷി പടർന്ന കണ്ണുകൾ ഘനീഭവിച്ചതിനേക്കാൾ അവളുടെ ഉള്ളം പിടക്കുന്നത് കത്ത് കൂട്ടിപ്പിടിച്ച അവളുടെ വിരലറ്റങ്ങളിലെ ചലനങ്ങളിൽ അദ്ദേഹത്തിന് തിരിച്ചറിയാമായിരുന്നു. എല്ലാവരും അമ്മമാർക്കെഴുതിയ അവരുടെ കത്തുകൾ അധ്യാപകരെ ഏൽപ്പിച്ചു. കടലാസുകളെക്കാൾ കുഞ്ഞുമനസ്സുകളുടെ വിങ്ങലുകളാൽ അവക്ക് ഭാരം കൂടി വരുന്നതു പോലെ തോന്നി.
വരാന്തയിലൂടെ നടന്നു നീങ്ങിയ അധ്യാപകരുടെ ആകാംക്ഷ മുഴുവൻ കുട്ടികളുടെ മനസ്സറിയുകയെന്നതിലായിരുന്നു.
അടുക്കടുക്കായി വെച്ച കത്തിന്റെ കെട്ടിൽ നിന്ന് ഏറ്റവും അടിയിൽ തന്റെ കൈരേഖയുടെ ചൂട് പറ്റിക്കിടക്കുന്ന പേപ്പറെടുത്ത് മാത്യൂസ് മാഷ് മാറ്റിവെച്ചു. മിഥുലയുടെ കത്തായിരുന്നു അത്. നിരതെറ്റി കുനുകുനെയുള്ള അക്ഷരക്കൂട്ടത്തിലേക്ക് എല്ലാവരുടെയും നോട്ടമെത്തി. കണ്ണുനീരിന്റെ പകർച്ചകളിൽ അക്ഷരങ്ങൾക്ക് തെളിച്ചം കുറഞ്ഞതുപോലെ…
സ്വപ്ന ടീച്ചർ ആ കത്ത് വാങ്ങി വായിച്ചു തുടങ്ങി
“ന്റെ പൊന്നമ്മക്ക്…
ഇപ്പോൾ ഞാൻ അമ്മക്ക് ഈ കത്തെഴുതുന്നത് സ്കൂളിലെ മാഷും ടീച്ചറുമൊക്കെ പറഞ്ഞിട്ടാ. അമ്മക്ക് ഞാനെഴുതിയ കത്തുകളുടെ എണ്ണം നമുക്ക് രണ്ടുപേർക്കും എണ്ണാവുന്നതിലും അപ്പുറമായിരുന്നില്ലേ. ഒരിക്കലെങ്കിലും അമ്മ അത് തുറന്ന് നോക്കുമെന്ന പ്രതീക്ഷയിലാ വീണ്ടും വീണ്ടും മനസ്സ് തുറന്നിരുന്നത്. എല്ലാ കത്തിലെയും പോലെ ഇതിലും എന്റെ കണ്ണുനീര് പടർന്നിട്ടുണ്ട്. എനിക്ക് സഹിക്കാൻ വയ്യാത്തോണ്ട് നിർത്തിവെച്ച വാക്കുകളാ ഇപ്പോൾ പിന്നെയും നിരത്തിയിരിക്കുന്നത്. അമ്മയുടെ തിരക്കാണ് എന്റെ ശത്രുവെന്ന് ഞാനറിയുന്നു. എന്നെ ആ നെഞ്ചോട് ചേർത്തിരുത്താൻ, എന്നെ കേൾക്കാൻ ആ തിരക്കുകളൊക്കെയും പടികടന്നു പോകണമേയെന്ന പ്രാർഥനയിലാ ഞാനിപ്പോൾ. ആ ദിവസം വന്നെത്തുന്നതുവരെ ഞാനിത് തുടരും. അമ്മയുടെ സമയമില്ലായ്മ എന്റെ കത്തുകളുടെ സ്ഥാനം കുപ്പത്തൊട്ടിയിലാക്കുമെന്ന് എനിക്കറിയാം. അതിന് താങ്ങാനാവാത്ത വിധം വീർപ്പുമുട്ടുമ്പോൾ അമ്മ എന്നെ വായിച്ചു തുടങ്ങുമെന്ന പ്രതീക്ഷയോടെ,
സ്വന്തം മിഥു…
ചാരുകസേരയുടെ രണ്ടു കൈകളിലും പിടിച്ച് ഓർമകളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാനുള്ള മാത്യൂസ് മാഷിന്റെ ശ്രമം വിഫലമായി. ഊർന്നു വീണ കണ്ണടയെടുത്ത് വീണ്ടും വെച്ചിട്ടും കാഴ്ചകൾ മങ്ങുന്നതു പോലെ. മിഥുല ഇപ്പോൾ ഒൻപതാം ക്ലാസിലാകും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് അവളുടെ ഹൃദയത്തിലേക്ക് അലിഞ്ഞൊഴുകാൻ അമ്മ എത്തിയിട്ടുണ്ടാകുമോ. അതോ ഉള്ളം പതറുകയും അക്ഷരങ്ങൾ അവ്യക്തമാവുകയും ചെയ്യുന്ന കത്തെഴുതൽ ഒരു ചര്യ പോലെ അവൾ തുടരുന്നുണ്ടാകുമോ… ചിന്തകളുടെ വേലിയേറ്റത്തിൽ മാഷ് കസേരയിലേക്ക് തിരികെ ചാഞ്ഞു കിടന്നു, കണ്ണുകൾ പതിയെ സജലമാകുന്നതും ഹൃദയമിടിപ്പിന്റെ താളം മുറുകുന്നതും തിരിച്ചറിഞ്ഞ്…