Kerala
ആഇശ ബീവിയുടെയും കുട്ടികളുടേയും വേര്‍പാട്; തേങ്ങലടങ്ങാതെ ചെട്ടിപ്പടി ഗ്രാമം
നാല് മയ്യിത്തുകളും ഒരിടത്തായി ആനപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പരപ്പനങ്ങാടി | ബോട്ട് ദുരന്തത്തില്‍ ആഇശബീവിയുടേയും കുട്ടികളുടേയും ദാരുണമായ അന്ത്യം ചെട്ടിപ്പടി ഗ്രാമത്തെ കണ്ണീര്‍ കടലാക്കി. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ചെട്ടിപ്പടി ആനപ്പടിയിലെ വെട്ടിക്കുത്തി സൈനുല്‍ ആബിദീന്റെ ഭാര്യ ആഇശബീവി (38), മക്കളായ ആദില ഷെറി (13) (അരിയല്ലൂര്‍ എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി-വോളിബോള്‍ താരം), അദ്‌നാന്‍ (10), അര്‍ഷാന്‍ (3) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം വഹിച്ച് ആംബുലന്‍സുകള്‍ ഒന്നൊന്നായി എത്തിച്ചേര്‍ന്നപ്പോള്‍ ഒരു ഉമ്മയുടെ മൂന്ന് പിഞ്ചോമനകളുടെയും വേര്‍പാട് താങ്ങാനാകാതെ ചെട്ടിപ്പടി ഗ്രാമം തേങ്ങുകയായിരുന്നു. ഇവരുടെ ചേതനയറ്റ ശരീരങ്ങള്‍ ആനപ്പടി സ്‌കൂള്‍ സ്റ്റേജില്‍ ഒരുമിച്ച് അന്ത്യോപചാരം അര്‍പ്പിക്കാനായി വെച്ചപ്പോള്‍ കൂടി നിന്നവരുടെ സങ്കടം അണപൊട്ടി ഒഴുകി.
അവസാനമായി ഒരു നോക്കുകാണാന്‍ കാത്തിരുന്ന സ്ത്രീകളും കുട്ടികളും അധ്യാപകരും നാട്ടുകാരുമടങ്ങുന്ന ജനാവലിക്ക് സഹിക്കാവുന്നതില്‍ അപ്പുറത്തായി രുന്നു ദുഃഖം.
പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനുല്‍ ആബിന്റെ മറ്റൊരു മകനായ അഹ്റാഹ് (ആറ്) സുഖം പ്രാപിച്ച് വരുന്നതായും അപകട നില തരണം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. സൈനുല്‍ ആബിദിന്റെ കൂടെ ഉണ്ടായിരുന്ന മകന്‍ ആദില്‍ (15) ബോട്ട് യാത്രക്ക് പോകാത്തതിനാല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ 11. 30 ഓടെ നാല് മയ്യിത്തുകളും ഒരിടത്തായി ആനപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.