Connect with us

Ongoing News

പന്തളം എം സി റോഡില്‍ അപകട പരമ്പര; നാലുപേര്‍ക്ക് പരുക്ക്

ഇന്ന് രാവിലെ ഏഴിന് കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

Published

|

Last Updated

പന്തളം | എം സി റോഡില്‍ കുളനടയില്‍ അപകട പരമ്പര. നിയന്ത്രണം വിട്ട ലോറി, മിനി ടെമ്പോ വാഹനത്തിലേക്കും പിന്നാലെ ഉണ്ടായിരുന്ന രണ്ട് കാറിലും ഇടിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴിന് കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും പന്തളത്തേക്ക് വരികയായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി കടയിലേക്ക് ഇടിച്ചു കയറി.

എതിര്‍ ദിശയില്‍ വന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിലും ടെമ്പോയ്ക്ക് പിന്നില്‍ ഉണ്ടായിരുന്ന രണ്ട് കാറിലും ഇടിച്ചു. കാറില്‍ ഉണ്ടായിരുന്ന വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ കോട്ടയം കടയനക്കാട് ശ്രീലക്ഷ്മി, അനുദേവ് എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ടാറ്റ പഞ്ച് വാഹനത്തിന്റെ ഡ്രൈവറായ ആല്‍ബിന്‍ ബിജു പരുക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നാഷണല്‍ പെര്‍മിറ്റ് ലോറിയിലെ ഡ്രൈവര്‍ക്കും മറ്റൊരു കാറിലെ ഡ്രൈവര്‍ക്കും കാര്യമായി പരുക്കില്ല. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഡീസല്‍ പരന്നൊഴുകി ഗതാഗത തടസ്സപ്പെട്ടു. എംസി റോഡില്‍ നിരന്തരം അപകടമുണ്ടാകുന്ന വളവിലാണ് ബുധനാഴ്ച രാവിലെയും അപകടം ഉണ്ടായത്. നടപ്പാതയിലെ കമ്പി ഇടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയെങ്കിലും രാവിലെ ആയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകട സ്ഥലത്തെത്തിയ അടൂരില്‍ നിന്നുമുള്ള അഗ്നി രക്ഷാസേന റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം പൊലീസും സ്ഥലത്തെത്തി.

 

Latest