National
പാർലമെന്റിൽ നടന്നത് ഗൗരവകരമായ കാര്യങ്ങൾ; വാദപ്രതിവാദങ്ങൾ ഒഴിവാക്കണം; ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
അന്വേഷണ ഏജൻസികൾ നന്നായി കേസ് അന്വേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി | രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പാർലമെന്റിൽ യുവാക്കൾ അതിക്രമിച്ച് കടന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ത്രമോദി. പാർലമെന്റിനുള്ളിൽ നടന്ന സംഭവങ്ങൾ നിർഭാഗ്യകരവും ആശങ്കാജനകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വിഷയത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണേണ്ടതില്ലെന്നും സ്പീക്കർ തികഞ്ഞ ഗൗരവത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
നിലവിൽ അന്വേഷണ ഏജൻസികൾ നന്നായി കേസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ വാദ-പ്രതിവാദങ്ങൾ എല്ലാവരും ഒഴിവാക്കണം. യുവാക്കളെ ഇത്തരം കാര്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളും അവരുടെ ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണെന്നുള്ളതും ആഴത്തിൽ മനസിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ തുടർച്ചയായി ആക്രമണം നടത്തുകയും കഴിഞ്ഞ രണ്ട് ദിവസമായി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.
ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പാർലമെന്റിലെ സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട് പ്രധാമന്ത്രിയുടെ പ്രതികരണം പുറത്തു വരുന്നത്.