മുഖാമുഖം
അധ്യാപനത്തിലെ സേവനാധ്യായങ്ങൾ
Interview: പി കെ അബ്ദുർറഹ്‌മാൻ / ഹമീദ് തിരൂരങ്ങാടി
ചെട്ടിത്തൊടി സ്കൂളിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മാഷ് പടിയിറങ്ങുമ്പോൾ സവിശേഷതകളേറെ. ചേളാരി ചെർന്നൂർ തയ്യിലക്കടവ് എ എം എൽ പി സ്കൂളിന് ഇത് നാൽപ്പതാമത്തെ വർഷമാണെങ്കിൽ ഇവിടെ 36 വർഷവും പ്രധാനാധ്യാപക കസേരയിൽ ഇരിക്കാൻ അവസരം ലഭിക്കുക എന്ന അത്യപൂർവ പ്രത്യേകതയാണ് പി കെ മാഷിന്. പടിക്കൽ പി കെ അബ്ദുർറഹ്്മാൻ മാഷ് 20 വയസ്സ് തികയുന്നതിന് മുമ്പാണ് ഈ സ്കൂളിൽ അധ്യാപകനാകുന്നത്. അതും പ്രധാനാധ്യാപകൻ. പിന്നീട് ഈ സ്കൂളിന്റെ ഓരോ ചുവടുവെപ്പിലും ഇദ്ദേഹത്തിന്റെ ബുദ്ധിയും വിയർപ്പും ഇഴകിച്ചേരുകയായിരുന്നു. ഗ്രാമീണതയുടെ പഴമയും പച്ചപ്പും മേളിച്ച ഒരു തുരുത്തിലെ വിദ്യാലയം. ഈ കാലയളവിനിടക്ക് 20 ഓളം എ ഇ ഒ മാർ, 16 പി ടി എ പ്രസിഡന്റുമാർ വന്നുപോയിട്ടുണ്ട്. പലരും മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് വർഷങ്ങളായി ഈ സ്കൂളിലെ പി ടി എ പ്രസിഡന്റുമാർ. രണ്ടായിരത്തിലേറെ കുട്ടികൾ ഇവിടുന്ന് പഠിച്ചിറങ്ങി.
? ഇത്രയും ചെറുപ്പത്തിൽ തന്നെ പ്രധാനാധ്യാപകനാകുക; നീണ്ട വർഷം ആ കസേരയിൽ ഇരിക്കുക എന്നത് അപൂർവമാണല്ലോ. ഇതിന്റെ പശ്ചാത്തലം പറയാമോ
അതൊരു നിയോഗമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ ടി ടി സിക്ക് പഠിച്ച് പരീക്ഷ എഴുതി ഫലം വരുന്നതിന് മുമ്പ് തന്നെ ഈ സ്കൂളിൽ സേവനം തുടങ്ങി, 24-6-1986ൽ ആയിരുന്നു അത്. അന്ന് നാല് വർഷമേ ഈ സ്കൂളിന് പഴക്കമുണ്ടായിരുന്നുള്ളൂ. അന്നത്തെ പ്രധാനാധ്യാപകൻ സർക്കാർ സർവീസിലേക്ക് ട്രാൻസ്ഫറായപ്പോൾ എന്റെ ബന്ധുകൂടിയായ സ്കൂൾ മാനേജർ പി കെ മുഹമ്മദ് കുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇവിടെ എത്തിയത്.
? നീണ്ട ഈ കാലത്തിനിടക്ക് ഈ വിദ്യാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ ?
അതിൽ ഏറെ ചാരിതാർഥ്യമുണ്ട്. ഒരു പ്രധാനാധ്യാപകൻ എന്ന നിലക്ക് സ്കൂളിന്റെ വളർച്ചക്കായി അൽപ്പമൊക്കെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിനിടക്ക് ഇടക്കാലത്ത് സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നു. ചുറ്റുമതിൽ നിർമാണം, തുറന്ന ക്ലാസ് മുറി നിർമാണം, മിനി ഓഡിറ്റോറിയം, അസംബ്ലി ക്രമീകരണം, എന്റെ മരം പദ്ധതി, മൊബൈൽ ലൈബ്രറി, കെട്ടിട നവീകരണം , ചുമരിൽ ചിത്രം വര തുടങ്ങിയവ ഈ കാലയളവിലാണ് നടത്തിയത്. പൊതുജന പങ്കാളിത്തത്തോടെയാണ് ഇവയെല്ലാം ചെയ്തത്. പക്ഷേ, ആസൂത്രണം ചെയ്ത സംരംഭങ്ങളിൽ ചിലത് പൂർത്തിയാക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്.
? ഇന്നത്തെ കാലത്ത് അധ്യാപകരോടുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സമീപനം ?
തീർത്തും നല്ല സഹകരണമാണ്. ഒരു ഗ്രാമീണ മേഖലയായതിനാൽ നാട്ടുകാരും രക്ഷിതാക്കളും അവരുടെ സ്വന്തം വിദ്യാലയമായിട്ടാണ് ഈ സ്കൂളിനെ കാണുന്നത്. എല്ലാ കാര്യങ്ങളും നാട്ടുകാർ ഏറ്റെടുത്ത് നടത്തുകയാണിവിടെ. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പല ദിവസങ്ങളിലും രക്ഷിതാക്കളും അയൽവാസികളും സ്പെഷ്യൽ വിഭവങ്ങൾ എത്തിക്കുന്നു. പല കാര്യങ്ങളും എം ടി എ കമ്മിറ്റിയാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
? ഗുരുശിഷ്യ ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
വളരെ സന്തോഷമാണ്, സ്കൂൾ പൂട്ടിയാൽ പോലും കുട്ടികളും രക്ഷിതാക്കളും ഫോൺ ചെയ്ത് സുഖവിവരങ്ങൾ അന്വേഷിക്കുന്നു, ഉപഹാരങ്ങൾ നൽകുന്നു. അവരുടെ വിഷമങ്ങൾ ഞങ്ങളോട് പറയും. പരിഹരിക്കാൻ കഴിയുന്നവക്ക് ഞങ്ങൾ പരിഹാരം കാണുകയും ചെയ്യാറുണ്ട്. പക്ഷേ, ആധുനിക തലമുറയിൽ നിന്ന് ഈ ആദരവും കടപ്പാടുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വിസ്മരിച്ചു കൂടാ. കൊവിഡ് വ്യാപനത്തെ തുടർന്ന് പെട്ടെന്ന് സ്കൂൾ പൂട്ടിയപ്പോൾ അന്ന് വിരമിക്കുന്ന രണ്ട് അധ്യാപകർക്ക് അർഹിക്കുന്ന വിധത്തിൻ യാത്രയയപ്പ് നൽകാൻ കഴിയാത്തതിൽ ഇന്നും വിഷമമുണ്ട്. കഴിഞ്ഞ ജനുവരിയിൽ കൊവിഡ് മൂന്നാം തരംഗത്തിൽ സ്കൂളുകൾ അടക്കണമെന്ന നിർദേശം വന്നപ്പോൾ വല്ലാതെ പ്രയാസപ്പെട്ടു. വിരമിക്കുന്നതിന് മുമ്പ് സ്കൂളിലെ മുഴുവൻ കുട്ടികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പി ടി എ കമ്മിറ്റി, അയൽവാസികൾ എന്നിവർക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്കൂൾ എന്ന് തുറക്കുമെന്ന ഒരു നിശ്ചയവുമില്ല. അടുത്ത ദിവസം തന്നെ വളരെ പെട്ടെന്ന് വിപുലമായ നിലയിൽ പരിപാടി നടത്താൻ കഴിഞ്ഞു.
? ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ?
ശാസ്ത്രീയമായ പല കാര്യങ്ങളും നടപ്പിലാക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാൽ, ധാർമിക അപചയം വർധിച്ചുവരികയാണ്. ലിംഗസമത്വത്തിന്റെ പേരിൽ നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ നയങ്ങളിൽ പലതും ആശങ്ക വർധിപ്പിക്കുന്നു. ഓൺലൈൻ പഠനം കൊണ്ട് നേട്ടങ്ങൾ പലതും ഉണ്ടെങ്കിലും ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ വലുതാണ്. ചെറിയ കുട്ടികൾ പോലും മൊബൈലിന്റെ അഡിറ്റുകളാകുന്നത് വളരെ അപകടകരമാണ്.
********************************
1989 ൽ ചേളാരി ഗവ.ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സിക്ക് പഠിക്കുമ്പോൾ 219 കുട്ടികൾ പരീക്ഷ എഴുതിയതിൽ 19 പേർ മാത്രമാണ് വിജയിച്ചത്. അക്കാലത്ത് മറ്റു പല സ്കൂളുകളിലേയും സ്ഥിതി മറിച്ചായിരുന്നില്ല. എസ് എസ് എൽ സിയിൽ ഉന്നത വിജയം കൈവരിച്ച ഇദ്ദേഹം തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ പ്രിഡിഗ്രിക്ക് പഠിച്ചു. ചെറുപ്പത്തിലേ കണക്കിൽ നല്ല താത്പര്യമുണ്ടായിരുന്നു. നല്ല മാർക്ക് നേടിയാണ് വിജയിച്ചിരുന്നത്. എന്നിട്ടും പ്രിഡിഗ്രിയിൽ കണക്കിൽ പരാജയപ്പെട്ടു. മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞതാണ് ഇതിന് കാരണം. എന്നാൽ ഈ പരാജയത്തിന് മുന്നിൽ മുട്ടുമടക്കിയില്ല. ടി ടി സിക്ക് ചേർന്നു നല്ല വിജയം നേടി.
പഠനകാലത്ത് എം എസ് എഫ് പ്രവർത്തകനായിരുന്ന ഇദ്ദേഹം പിന്നീട് അഖിലേന്ത്യാ എം എസ് എഫിൽ ചേർന്നു സ്കൂൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. ചേളാരി സ്കൂളിൽ സ്പീക്കറായിട്ടുണ്ട്. പരമ്പരാഗത സുന്നി കുടുംബമായതിനാൽ നല്ല ആശയ തീവ്രതയായിരുന്നു. ചരിത്രപ്രസിദ്ധമായ കൊട്ടപ്പുറം സുന്നി- മുജാഹിദ് സംവാദത്തിൽ മൂന്ന് ദിവസവും കൂട്ടുകാരോടൊപ്പം പങ്കെടുത്തു. അതോടെയാണ് എസ് എസ് എഫിൽ ആകൃഷ്ടനാകുന്നത്.
തിരൂരങ്ങാടി പി എസ് എം ഒ കോളജ് യൂനിറ്റ് എസ് എസ് എഫ് സെക്രട്ടറിയായി. ഇതോടെ കോളജിൽ എസ് എസ് എഫ് പ്രവർത്തനം സജീവമായി. കോളജിൽ സംഘടനയുടെ കീഴിൽ പല പരിപാടികളും നടന്നു. ഈ സമയം തന്നെ പടിക്കൽ യൂനിറ്റ് എസ് എസ് എഫ് സെക്രട്ടറിയുമായി. പിന്നീട് സംഘടനാ രംഗത്ത് ഉന്നതങ്ങൾ കൈവരിച്ചു, ജില്ലാ – സംസ്ഥാന തലങ്ങളിൽ വരേ എത്തി. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, എസ് എം എ സംസ്ഥാന സെക്രട്ടറി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ( കെ പി പി എച്ച് എ) ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പടിക്കൽ മൻശഉൽ ഉലൂം സുന്നി മദ്റസ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, പടിക്കൽ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ ചരിത്രത്തിൽ വേറിട്ട അനുഭവമായ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തിരൂരങ്ങാടി ധർമപുരി സമ്മേളനത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം.
എത്ര തിരക്കുപിടിച്ച സമയങ്ങളിലും ഔദ്യോഗിക ചുമതലകൾ ചെയ്യുന്നതിൽ വീഴ്ച വന്നിട്ടില്ലെന്ന് ഇദ്ദേഹം സ്മരിക്കുന്നു. സർവീസിലെ അവസാന ശമ്പളം പാവങ്ങൾക്കും സ്കൂൾ പരിസരത്തെ വീട്ടുകാർക്കും ദാനം ചെയ്യാനും അടുത്ത അധ്യയന വർഷം ഈ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നോട്ടുബുക്ക് നൽകാനും ഉദ്ദേശിക്കുന്നതായി മാഷ് പറഞ്ഞു. ഈ മാസം 31 നാണ് ഈ 56 കാരൻ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്. വിരമിച്ചാൽ സ്വസ്ഥമായ വായനയും ധാർമിക ജീവിതം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു. പഴയകാല കർഷക കുടുംബമായ പാറായി കോഴിപ്പറമ്പത്ത് പരേതനായ മുഹമ്മദ് ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യയും അഞ്ച് മക്കളുമുണ്ട്.