From the print
തീർഥാടകർക്ക് സേവനം; വിമാനങ്ങളിൽ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചു
ആകെ 106 ഇൻസ്പെക്ടർമാർ

കോഴിക്കോട് | സഊദിയിൽ ഹാജിമാർക്ക് സേവനം ചെയ്യുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരെ ഓരോ വിമാനത്തിലും വിന്യസിച്ചുകൊണ്ടുള്ള പട്ടിക സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കി. ഓരോ പുറപ്പെടൽ കേന്ദ്രത്തിൽ നിന്നുമുള്ള വിമാന ഷെഡ്യൂൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ വിമാനങ്ങളിൽ ഹാജിമാരെ അനുഗമിക്കുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇപ്രകാരം കരിപ്പൂരിൽ നിന്ന് 33ഉം കണ്ണൂരിൽ നിന്ന് 32ഉം കൊച്ചിയിൽ നിന്ന് 41ഉം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ ഹാജിമാരുടെ സഹായത്തിനുണ്ടാകും.
കരിപ്പൂരിൽ നിന്ന് ഹജ്ജ് വിമാന സർവീസിന്റെ ആദ്യദിനമായ അടുത്ത മാസം പത്തിന് വൈകിട്ട് 4.30നുള്ള വിമാനത്തിലും 12ന് വൈകിട്ട് 4.30നുള്ള വിമാനത്തിലും രണ്ട് വീതം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ ഉണ്ടാകും. മറ്റു ദിവസങ്ങളിലെ വിമാന സർവീസുകളിൽ ഓരോ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരാണ് ഉണ്ടാകുക. അടുത്ത മാസം പത്ത് മുതൽ 22 വരെയാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ്.
കണ്ണൂരിൽ നിന്ന് അടുത്ത മാസം 15ന് വൈകിട്ട് 7.25നുള്ള വിമാനത്തിലും 29ന് പുലർച്ചെ ഒന്നിനുള്ള രണ്ട് വിമാനങ്ങളിലും രണ്ട് വീതം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുണ്ടാകും. മറ്റു ദിവസങ്ങളിൽ ഓരോ വിമാനത്തിലും ഓരോ ഇൻസ്‌പെക്ടർമാരാണ് ഉണ്ടാകുക. അടുത്ത മാസം 11 മുതൽ 29 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ.
കൊച്ചിയിൽ നിന്ന് 29ന് 1.30ന്റെ വിമാനത്തിലൊഴികെ ബാക്കിയെല്ലാ വിമാന സർവീസുകളിലും രണ്ട് വീതം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ ഉണ്ടാകും. 16 മുതൽ 30 വരെയാണ് കൊച്ചിയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ്.
മൊത്തം 106 സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാണ് ഹാജിമാരെ അനുഗമിക്കുക. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിശീലനത്തിന് പുറമെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർക്ക് പരിശീലനം നൽകിയിരുന്നു. രാജ്യത്താദ്യമായി ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനിംഗും ഇത്തവണ നൽകിയിരുന്നു. 150 ഹാജിമാർക്ക് ഒരാൾ എന്ന അൻുപാതത്തിലാണ് സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരെ നിയമിച്ചിരിക്കുന്നത്.