Connect with us

Ongoing News

ഗോകുലത്തിന് തിരിച്ചടി; ശ്രീനിധി എഫ് സിയോട് തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളിന്

കിരീടത്തിനായി ഗോകുലത്തിന് ഇനിയും കാത്തിരിക്കണം.

Published

|

Last Updated

കൊല്‍ക്കത്ത | ഐ ലീഗ് കിരീടത്തിലേക്കുള്ള വിജയക്കുതിപ്പുകള്‍ക്കിടെ, ഗോകുലം കേരളക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ശ്രീനിധി എഫ് സിയോട് ഗോകുലം പരാജയപ്പെട്ടു. ഇതോടെ കിരീടത്തിനായി ഗോകുലത്തിന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.

കരുത്തുറ്റ നീക്കങ്ങളുമായി ശ്രീനിധി തുടക്കം മുതല്‍ തന്നെ ഗോകുലത്തിന്റെ ഗോള്‍ മുഖം ആക്രമിച്ച് കൊണ്ടിരുന്നു. ഒടുവില്‍ 19ാം മിനുട്ടില്‍ ലാല്‍റൊംമാവിയയിലൂടെ ശ്രീനിധിയുടെ ആദ്യ ഗോള്‍ പിറന്നു. ആദ്യ ഗോള്‍ വഴങ്ങിയതോടെ ഗോകുലം പതറി. സമനില ഗോളിനായി പൊരുതുന്നതിനിടെ ശ്രീനിധി രണ്ടാമതും നിറയൊഴിച്ചു. ലാല്‍റോംമാവിയ തന്നെയായിരുന്നു ശ്രീനിധിയുടെ രണ്ടാം ഗോളും നേടിയത്. ഇതോടെ ഗോകുലത്തിന്റെ നിയന്ത്രണം നഷ്ടമായി. 37ാം മിനുട്ടില്‍ ലാല്‍റോംമാവിയ ഹാട്രിക് തികച്ചു കൊണ്ട് ശ്രീനിധിക്ക് സമ്പൂര്‍ണ ആധിപത്യമേകി.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനിറങ്ങിയ ഗോകുലം 47ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന്റെ സൂചന നല്‍കി. നായകന്‍ ശരീഫ് മുഹമ്മദായിരുന്നു സ്‌കോറര്‍. എന്നാല്‍ 54ാം മിനുട്ടില്‍ ശരീഫിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഗോകുലത്തിന്റെ സാധ്യതകള്‍ മങ്ങി. ഈ സാഹചര്യത്തിലും കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനും അവസരം കിട്ടിയപ്പോള്‍ കൗണ്ടര്‍ അറ്റാക്ക് നടത്താനും ഗോകുലം കേരള മറന്നില്ല.

തോറ്റെങ്കിലും ഗോകുലം തന്നെയാണ് ഇപ്പോഴും പട്ടികയില്‍ ഒന്നാമത്. അടുത്ത മത്സരത്തില്‍ സമനിലയെങ്കിലും നേടിയാല്‍ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14ന് രാത്രി ഏഴിനാണ് മുഹമ്മദന്‍സും ഗോകുലം കേരളയും തമ്മിലുള്ള നിര്‍ണായക പോരാട്ടം.

 

 

Latest