Connect with us

National

ജഗന്‍മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി; 793 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി

2011ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ 14 വര്‍ഷത്തിനുശേഷമാണ് നടപടി.

Published

|

Last Updated

ഹൈദരാബാദ്| അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഡാല്‍മിയ സിമന്റ്‌സില്‍ ജഗന്‍മോഹനുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു. 2011-ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് 14 വര്‍ഷത്തിനുശേഷം ഇഡി നടപടി.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റ്‌സ്, രഘുറാം സിമന്റ്‌സ് എന്നീ കമ്പനികളില്‍ ഡാല്‍മിയ സിമന്റ്‌സ് നിക്ഷേപം നടത്തിയിരുന്നു. ഇതിനുപകരമായി ജഗന്‍ വഴി കഡപ്പയില്‍ 407 ഹെക്ടര്‍ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്റ്‌സിന് കിട്ടിയെന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയത്.

2010-ല്‍ ജഗന്‍മോഹന്‍ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്ന് രഘുറാം സിമന്റ്‌സിന്റെ ഓഹരികള്‍ പാര്‍ഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതില്‍ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതില്‍ നിന്ന്  55 കോടി ജഗന്‍ മോഹന്‍ റെഡ്ഡിക്കാണ് കിട്ടിയത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നും മൊത്തം ഇടപാടുകള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് 14 വര്‍ഷത്തിനുശേഷം ഓഹരികളും ഭൂമിയും ഇഡി പിടിച്ചെടുത്തിരിക്കുന്നത്.