Connect with us

From the print

ജമാഅത്തിന്റെ ബൈത്തുസകാത്തിന് തിരിച്ചടി; രണ്ട് ഹരജികളും തള്ളി

സംഘടിത സകാത്തിനെ വിമർശിച്ച് ഫേസ്ബുക്ക് വീഡിയോ പുറത്തിറക്കിയ ഹമീദ് കാരാടിനെതിരെ ബൈത്തുസകാത്ത് കേരളയുടെ സെക്രട്ടറി സ്വാദിഖ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്്ലാമിയുടെ ബൈത്തുസകാത്ത് കമ്മിറ്റിക്ക് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് കോടതി എന്നിവിടങ്ങളിൽ നിന്ന് തിരിച്ചടി. സംഘടിത സകാത്തിനെ വിമർശിച്ച് ഫേസ്ബുക്ക് വീഡിയോ പുറത്തിറക്കിയ ഹമീദ് കാരാടിനെതിരെ ബൈത്തുസകാത്ത് കേരളയുടെ സെക്രട്ടറി സ്വാദിഖ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

“സകാത്ത് കൊള്ളക്കെതിരെ ഫേസ്ബുക്ക് ലൈവിൽ’ എന്ന തലക്കെട്ടോടു കൂടി 2020 മേയ് 29നാണ് ഹമീദ് പോസ്റ്റിട്ടത്. ഇസ്്ലാമിക നിയമപ്രകാരം സകാത്ത് അർഹതപ്പെട്ട എട്ട് വിഭാഗങ്ങൾക്ക് അതത് വ്യക്തികൾ തന്നെ എത്തിച്ചുനൽകേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്്ലാമിയുടെ സംഘടിത സകാത്ത് പദ്ധതിയായ ബൈത്തുസകാത്തിലൂടെ ഈ കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നുമായിരുന്നു വീഡിയോയിലെ വിമർശം. കൂടാതെ, മാധ്യമം, മീഡിയാ വൺ അടക്കമുള്ള മാധ്യമങ്ങൾക്ക് വേണ്ടി സകാത്ത് വിഹിതം ഉപയോഗിക്കുന്നുവെന്നും തെളിവ് സഹിതം ഹമീദ് പറഞ്ഞു. ജമാഅത്തെ ഇസ്്ലാമിയുടെ തന്നെ നേതാക്കളുടെയും ഈ വിഭാഗത്തിന്റെ പുസ്തകങ്ങളിലെ പരാമർശങ്ങളും കൂടുതൽ തെളിവിനായി ഹാജരാക്കി.
ഹമീദ് കാരാടിന്റെ വീഡിയോ ബൈത്തുസകാത്ത് കേരളയെ അപകീർത്തിപ്പെടുത്തിയെന്നും പദ്ധതിക്ക് ലഭിക്കുന്ന സഹായങ്ങളിൽ ഇടിവുണ്ടായെന്നും കാണിച്ചാണ് കമ്മിറ്റി കോടതിയെ സമീപിച്ചത്. ഹമീദിൽ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ മുൻസിഫ് കോടതിയിലും അദ്ദേഹത്തെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ കോടതിയിലുമാണ് ഹരജികൾ നൽകിയിരുന്നത്.

പ്രവാസിയായ ഹമീദ് ഒമാനിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു തുടക്കത്തിൽ കേസ് നടന്നത്. സ്ഥലത്തില്ലാത്തതിനാൽ കോടതിയിൽ അദ്ദേഹത്തിന് ഹാജരാകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് 2022 ഫെബ്രുവരിയിൽ കേസ് എക്സ്പാർട്ട് വിധിയിലൂടെ ബൈത്തുസകാത്ത് കമ്മിറ്റിക്ക് അനുകൂലമായി.

തുടർന്ന് നാട്ടിലെത്തിയ ഹമീദ് പിന്നീട് കോടതിയിൽ ഹാജരാകുകയും എക്സ്പാർട്ട് ഉത്തരവ് കോടതി പിൻവലിക്കുകയുമായിരുന്നു. ഹമീദ് കാരാട് കോടതിയിൽ ഹാജരായശേഷം ബൈത്തുസകാത്ത് കമ്മിറ്റിയുടെ സെക്രട്ടറിയെയും രണ്ട് സാക്ഷികളെയും കോടതിയിൽ വിസ്തരിച്ചു. രണ്ട് മണിക്കൂറോളം വാദങ്ങളും നടന്നു. ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ജഡ്ജി പി വിവേകാണ് പുറപ്പെടുവിച്ചത്.
ഹമീദിനെ ശിക്ഷിക്കണമെന്ന ഹരജി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് പി അഞ്ജലിയാണ് തള്ളിയത്. ഹമീദ് കാരാടിന് വേണ്ടി അഭിഭാഷകരായ ഷഹസാദ് ചാലപ്പുറം, സഹീർ മൂടാടി എന്നിവരും ബൈത്തുസകാത്ത് കമ്മിറ്റിക്ക് വേണ്ടി അഡ്വ. ആമീൻ ഹസ്സനും ഹാജരായി.

Latest