Connect with us

National

തിരഞ്ഞെടുപ്പിന് അഞ്ച് നാൾ ശേഷിക്കെ ഡൽഹിയിൽ ഏഴ് എഎപി എംഎൽമാർ രാജിവെച്ചു

പാർട്ടി അധ്യക്ഷൻ അരജവിന്ദ് കെജ്‍രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടതായി പാലം എംൽഎ ഭാവ്നാ ഗൗഡ രാജിക്കത്തിൽ ആരോപിച്ചു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ഏഴ് എംഎൽഎമാർ രാജിവച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്ത എംഎൽഎമാരാണ് കൂട്ടരാജിവെച്ചത്. ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും കുറ്റപ്പെടുത്തിയാണ് എല്ലാവരുടെയും രാജിക്കത്ത്.

ബിജ്‌വാസൻ എംഎൽഎ ബി.എസ്. ജൂൺ ആണ് ആദ്യം രാജി നൽകിയത്. പിന്നാലെ മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ്, ത്രിലോക്‌പുരി എംഎൽഎ റോഹിത് കുമാർ, ജനക്‌പുരി എംഎൽഎ രാജേഷ് റിഷി, കസ്തൂർബ നഗർ എംഎൽഎ മദൻ ലാൽ, ആദർശ് നഗർ എംഎൽഎ പവൻ ശർമ, പാലം എംഎൽഎ ഭാവ്നാ ഗൗഡ് എന്നിവരും രാജിവെച്ചു.

പാർട്ടി അധ്യക്ഷൻ അരജവിന്ദ് കെജ്‍രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടതായി പാലം എംൽഎ ഭാവ്നാ ഗൗഡ രാജിക്കത്തിൽ ആരോപിച്ചു.

വിശുദ്ധ ഖുർആനെ നിന്ദിച്ച കേസിൽ രണ്ട് വർഷം പഞ്ചാബ് കോടതി തടവുശിക്ഷക്ക് വിധിച്ചയാളാണ് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ്. നരേഷ് യാദവിനെ മാറ്റി മെഹ്റൊളിയിൽ മഹേന്ദ്ര ചൗധരിക്ക് പാർട്ടി സീറ്റ് നൽകിയാണ് രാജിക്കിടയാക്കിയത്. എഎപി നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൈവിടുകയാണെന്നും അഴിമതി ഇല്ലാതാക്കുമെന്ന പ്രതിജ്ഞ മറന്നെന്നും നരേഷ് യാദവ് രാജിക്കത്തിൽ ആരോപിച്ചു.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി എഎപിയിൽ എത്തിയയാളാണ് ത്രിലോക്‌പുരി എംഎൽഎ റോഹിത് കുമാർ. ദളിത്, വാൽമീകി സമുദായങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കരാർ തൊഴിൽ ഇല്ലാതാക്കുമെന്നുമെല്ലാം എഎപി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് റോഹിത് കുമാർ ചൂണ്ടിക്കാട്ടി.

ജനക്‌പുരി എംഎൽഎ രാജേഷ് റിഷിയും എഎപി അഴിമതി വിരുദ്ധത ഉപേക്ഷിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. പാർട്ടി ഇപ്പോൾ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അടിത്തറയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ഫെബ്രുവരി 8-ന് നടക്കും.

Latest