Connect with us

manmohan singh passed away

ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചേക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സ്ഥാപക ദിനാഘോഷം ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

Published

|

Last Updated

ന്യൂഡൽഹി | അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് ആദരസൂചകമായി കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കുമെന്നും കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ദുഃഖാചരണം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരം.

ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമ്പോൾ, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഈ ദിവസങ്ങളിൽ ഔദ്യോഗിക വിനോദപരിപാടികൾ ഉണ്ടാകില്ല.

സ്ഥാപക ദിനാഘോഷം ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. പാർട്ടി പതാകയും പകുതി താഴ്ത്തിക്കെട്ടും.

Latest