International
48 മണിക്കൂറിനിടെ ലബനാനില്‍ ഏഴ് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടു
വലിയ ആക്രമണം നടത്താന്‍ ഹിസ്ബുല്ലക്ക് സാധിക്കുന്നില്ലെന്ന് ഇസ്‌റാഈലി സൈന്യം അവകാശപ്പെടുന്നതിനിടെയാണ് രണ്ട് ദിവസത്തിനിടെ ഏഴ് സൈനികര്‍ കൊല്ലപ്പെടുന്നത്
ബെയ്‌റൂത്ത് | 48 മണിക്കൂറിനിടെ ലബനാനില്‍ ഏഴ് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വലിയ ആക്രമണം നടത്താന്‍ ഹിസ്ബുല്ലക്ക് സാധിക്കുന്നില്ലെന്ന് ഇസ്‌റാഈലി സൈന്യം അവകാശപ്പെടുന്നതിനിടെയാണ് രണ്ട് ദിവസത്തിനിടെ ഏഴ് സൈനികര്‍ കൊല്ലപ്പെടുന്നത്. ലെഫറ്റനന്റ് ഐവ്‌റി ഡിക്ഷ്‌ടെയിന്‍ ആണ് വ്യാഴാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഗോലാനി ബ്രിഗേഡിന്റെ 51ാം ബറ്റാലിയനിലെ പ്ലാറ്റൂണ്‍ കമാന്‍ഡറാണ് ഡിക്ഷ്റ്റീന്‍.
വെടിവെപ്പില്‍ മറ്റു രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് സൈരികരാണ് കൊല്ലപ്പെട്ടത്. ലെബനാന്‍ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. ക്യാപ്റ്റന്‍ ഇറ്റായ് മാര്‍കോവിച് (22), സ്റ്റാഫ് സര്‍ജന്റുമാരായ സരായ എല്‍ബോയിം (21), ഡ്രോര്‍ ഹെന്‍ (20), നിര്‍ ജോഫര്‍ (20), സര്‍ജന്റുമാരായ ഷാലേവ് ഇറ്റ്‌സാക് സാഗ്രോണ്‍ (21), യോവ് ഡാനിയല്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
സപ്റ്റംബറില്‍ ആരംഭിച്ച കരയാക്രമണത്തിനിടെ ഇസ്‌റാഈലിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. വടക്കന്‍ ഇസ്‌റാഈല്‍ നഗരമായ എലിയാക്കീമില്‍ ഹിസ്ബുല്ല വിക്ഷേപിച്ച ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്‌റാഈല്‍ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ ലബനാനിലെ യുഎസ് അംബാസഡര്‍ ലിസ ജോണ്‍സണ്‍ അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളുടെ കരട് ലബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിക്ക് കൈമാറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കരട് രേഖയില്‍ ഒപ്പുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ട്രാറ്റജിക് അഫേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മെറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കരട് രേഖയില്‍ ഒപ്പുവെച്ചത്. 2025 ജനുവരി 20ന് പ്രസിഡന്റായി അധികാരമേല്‍ക്കും മുമ്പ് ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.