Connect with us

National

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മലയാളി ജവാനടക്കം ഏഴ് മരണം

പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് നീങ്ങുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്

Published

|

Last Updated

ശ്രീനഗര്‍ | ലഡാക്കില്‍ വാഹനാപകടത്തില്‍ മലയാളി ജവാൻ ഉൾപ്പെടെ ഏഴ് സൈനികര്‍ മരിച്ചു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ്  ഷെെജലാണ് മരിച്ച മലയാളി ജവാൻ.

പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് നീങ്ങുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്. 26 സൈനികര്‍ സംഘത്തിലുണ്ടായിരുന്നു.

മരിച്ച ഷെെജൽ

രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. 50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട് ഇവരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് ഐഎഎഫിൽ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

“ലഡാക്കിലെ നിർഭാഗ്യകരമായ ഒരു റോഡ് അപകടം നമ്മുടെ ധീരരായ ചില സൈനികരുടെ ജീവൻ അപഹരിച്ചുവെന്നറിഞ്ഞതിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ”രാഷ്ട്രപതി ഭവൻ അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു.

ദുരന്തബാധിതരായ സൈനികർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ലഡാക്കിൽ നടന്ന ബസ് അപകടത്തിൽ ഞങ്ങളുടെ ധീരരായ സൈനികരെ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,” മോദി ട്വിറ്ററിൽ കുറിച്ചു.

Latest