Uae
അബൂദബിയിലെ ഏഴ് പാര്‍ക്കുകള്‍ ഐ ഒ ടി സാങ്കേതികവിദ്യയില്‍ നവീകരിക്കുന്നു; 580 സ്ഥലങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം
സന്ദര്‍ശകരുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് 30 ശതമാനം കുറയ്ക്കുകയും ചെയ്യും
അബൂദബി | ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ ഒ ടി) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അബൂദബി നഗരത്തിലെ ഏഴ് പാര്‍ക്കുകള്‍ നവീകരിക്കുമെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. വിവിധ ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയില്‍ വിവര കൈമാറ്റം സാധ്യമാക്കുന്ന ശൃംഖലയാണ് ഐ ഒ ടി.
പാര്‍ക്കുകളും പൊതു സൗകര്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രക്രിയയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇത് ഉപകരിക്കും. സന്ദര്‍ശകരുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് 30 ശതമാനം കുറയ്ക്കുകയും ചെയ്യും.
ഐ ഒ ടി സ്മാര്‍ട്ട് സാങ്കേതികവിദ്യകളിലൂടെ ലൈറ്റിംഗ് നിരക്ക് അളക്കുന്ന ഉപകരണങ്ങളില്‍ സ്മാര്‍ട്ട് ഗാര്‍ഡന്‍ മാനേജ്‌മെന്റ് സിസ്റ്റം, മാലിന്യ പാത്രങ്ങള്‍ക്കുള്ള സെന്‍സറുകള്‍, വായു ഗുണനിലവാര നിരീക്ഷണ ഉപകരണങ്ങള്‍, ജല ഉപഭോഗ നിരീക്ഷണ ഉപകരണങ്ങള്‍, സജ്ജീകരിച്ചിരിക്കുന്ന സീറ്റുകള്‍, വൈദ്യുതി-പാര്‍ക്കിംഗ്- ബാത്ത്‌റൂം ഉപകരണങ്ങള്‍, എ ഐ ക്യാമറകള്‍, മണ്ണിന്റെ ഈര്‍പ്പം അളക്കുന്ന ഉപകരണം തുടങ്ങിയവ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വിശദമാക്കി.
150 പുതിയ പാര്‍ക്കുകള്‍
2024-ല്‍ എമിറേറ്റില്‍ 150 പുതിയ പാര്‍ക്കുകള്‍ തുറക്കാന്‍ അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്. നിലവിലുള്ള നിരവധി പാര്‍ക്കുകള്‍ നവീകരിക്കുകയും ചെയ്യും. ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഫൗണ്ടേഷനല്‍ ലിവിംഗ് സ്ട്രാറ്റജി’യുടെ ഭാഗമാണിത്.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രകൃതിയുമായി ആശയവിനിമയം നടത്താനും സാമൂഹിക ഐക്യവും പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതുമായ ഓരോ പ്രദേശത്തിന്റെയും പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് പാര്‍ക്കുകള്‍ വികസിപ്പിക്കുക.
സൗജന്യ ഇന്റര്‍നെറ്റ് സേവനം
പാര്‍ക്കുകള്‍, ബീച്ചുകള്‍, പൊതുഗതാഗത ബസുകള്‍ എന്നിവയുള്‍പ്പെടെ 580 സ്ഥലങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അബൂദബി നഗരത്തിലെ 478 ലൊക്കേഷനുകള്‍, 17 പാര്‍ക്കുകള്‍, രണ്ട് ബീച്ചുകള്‍, 459 ബസുകള്‍, അല്‍ ഐന്‍ നഗരത്തിലെ 78 സ്ഥലങ്ങള്‍, 11 പാര്‍ക്കുകള്‍ 67 ബസുകള്‍, 24 ഇടങ്ങള്‍, അല്‍ ദഫ്ര മേഖലയിലെ 24 ലൊക്കേഷനുകള്‍, 14 പാര്‍ക്കുകള്‍ 10 പൊതുഗതാഗത ബസുകള്‍ എന്നിവിടങ്ങളിലാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കിയത്.