hajj 2022
മക്കയിലേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ
ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി പുണ്യ ഭൂമിയിലെത്തി.
മക്ക | മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് മക്കയിലേക്ക് ഹജ്ജ് തീർഥാടകരെ കടത്താൻ ശ്രമിച്ച കേസിൽ ഏഴ് പേരെ റിയാദിൽ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്വകാര്യ വാഹനങ്ങൾ ക്രമീകരിക്കുകയും ഹജ്ജ് തീർഥാടകരെ പ്രലോഭിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമിക്കുകയും തീർഥാടകരിൽ നിന്ന് പണം മുൻകൂറായി വാങ്ങുകയും ചെയ്തിരുന്നു ഇവർ. ലൈസൻസില്ലാതെ ഹജ്ജ് ഓഫീസ് നടത്തിയിരുന്ന ഈജിപ്ഷ്യൻ സ്വദേശിയെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ വരുന്നവർക്കെതിരെ പതിനായിരം റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.
ഈ വർഷം നടപ്പാക്കിയ ഇലക്ട്രോണിക് പോർട്ടലിൽ സാങ്കേതിക തടസ്സം നേരിട്ടതോടെ ഹജ്ജിന് അപേക്ഷിച്ചവരെ സഊദിയിൽ എത്തിക്കുന്നതിനുള്ള അടിയന്തര പരിഹാര പാക്കേജ് നടപ്പിലാക്കാക്കിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സഊദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ഇതര വിമാനങ്ങളും അധിക സീറ്റുകളും ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാകുന്നതിനായി വിസാ നടപടികൾ ഊർജിതമാക്കിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.