Kozhikode
ന്യായാധിപനില്ലാതെ ഏഴാണ്ട്; നോക്കുകുത്തിയായി ഗ്രാമന്യായാലയം
ഒരു വർഷമായി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലും ന്യായാധിപനില്ല
താമരശ്ശേരി | അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നീതി വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ പാർലിമെന്റ് പാസ്സാക്കിയ 2008ലെ ഗ്രാമന്യായാലയം ആക്ട് പ്രകാരം താമരശ്ശേരിയിൽ ഗ്രാമന്യായാലയം ആരംഭിച്ച് ആറര വർഷം പിന്നിടുമ്പോഴും ന്യായാധിപനെ നിയമിച്ചില്ല.
താമരശ്ശേരിയിലെ മജിസ്‌ട്രേറ്റ് കോടതികളിലെ ഒരു മജിസ്‌ട്രേറ്റിനെ മുനിസിഫ് മജിസ്‌ട്രേറ്റാക്കി ഉയർത്തി ഗ്രാമന്യായാലയത്തിന്റെ ചുമതല നൽകുകയും ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് നടത്തുകയും ചെയ്തെങ്കിലും പിന്നീട് അതും മുടങ്ങി. ആഴ്ചയിൽ രണ്ട് ദിവസം മജിസ്‌ട്രേറ്റ് കോടതിയിലെ വ്യവഹാരങ്ങളും തടസ്സപ്പെട്ടു.
ഒരു വർഷമായി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലും ന്യായാധിപനില്ല. ഇതോടെ ഒരു മജിസ്‌ട്രേറ്റ് തന്നെ മൂന്ന് കോടതികളും കൈകാര്യം ചെയ്യേണ്ട അവസ്ഥയായി. കൊടുവള്ളി ബ്ലോക്കിൽ അനുവദിച്ച ഗ്രാമന്യായാലയം താമരശ്ശേരി ചുങ്കത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മുനിസിഫ് മജിസ്‌ട്രേറ്റിന്റെ പദവിയുള്ള ന്യായാധികാരിയുടെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും സിറ്റിംഗ് നടത്തി കേസ് പരിഗണിക്കുമെന്നും ഇത് സാധാരണക്കാർക്ക് നീതി എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായകമാകുമെന്നുമായിരുന്നു പ്രഖ്യാപനം. 2016 ജൂലൈ 23 ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആന്റണി ഡൊമനികാണ് ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയം ഉദ്ഘാടനം ചെയ്തത്. ഇതുവരെ ഗ്രാമന്യായാലയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടത്താൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തുകളിൽ സിറ്റിംഗ് നടത്തുന്നതിനുള്ള യാതൊരു നീക്കങ്ങളും ഉണ്ടാകുന്നുമില്ല.
താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂർ, ഓമശ്ശേരി, പുതുപ്പാടി പഞ്ചായത്തുകളിലെയും കൊടുവള്ളി നഗരസഭയിലെയും കേസുകളാണ് ഇവിടെ പരിഗണിക്കുക. മുൻകൂട്ടി തയ്യാറാക്കിയ സമയക്രമം പ്രകാരം ഗ്രാമതലങ്ങളിൽ സിറ്റിംഗ് നടത്തുന്ന സിവിൽ, ക്രിമിനൽ, കുടുംബ കോടതികളായാണ് ഗ്രാമന്യായാലയം പ്രവർത്തിക്കേണ്ടത്.
കോഴിക്കോട് മുനിസിഫ് കോടതിയിൽ നിന്നും മറ്റുമുള്ള കേസുകൾ ഇവിടേക്ക് മാറ്റിയതോടെ പൊതുജനങ്ങൾ ദുരിതത്തിലായി. കേസുകൾ തീർപ്പാക്കാനുള്ള കാല താമസം വൻ സാമ്പത്തിക നഷ്ടമാണ് വരുത്തി വെക്കുന്നത്.